Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരവു നെയ്തെടുത്ത് ചേന്ദമംഗലം

chendamangalam-handloom

പ്രളയകാലം കടന്ന് 94 ദിവസം പിന്നിടുമ്പോൾ അതിജീവനത്തിന്റെ മികച്ച മാതൃക നെയ്തെടുക്കുകയാണു ചേന്ദമംഗലം കൈത്തറി. ഏഴ് സംഘങ്ങളിലായി 273 തറികളാണ് ഇവിടെ വെള്ളം കയറി നശിച്ചത്. ഇതിൽ 210 തറികൾ പ്രവർത്തന സജ്ജമായി. ബാക്കിയുള്ള 63 തറികളുടെ അറ്റകുറ്റപ്പണികൾ ഡിസംബർ പകുതിയോടെ പൂർത്തിയാകും.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം നെയ്ത്തു തുടങ്ങിയ പറവൂർ 3428 സംഘത്തിൽ നിന്നുള്ള ആയിരത്തോളം ഉൽപ്പന്നങ്ങളുടെ വിൽപന ഈയിടെ നടന്നു. 54 സാരികളും 600 മുണ്ടുകളും ഉൾപ്പെടെയുള്ള കൈത്തറി ഉൽപ്പന്നങ്ങൾ തിരുവനന്തപുരത്ത് പ്രത്യേക വേദിയൊരുക്കി വിൽപന നടത്തുകയായിരുന്നു. സംസ്ഥാന പ്ലാനിങ് ബോർഡും സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പുകളും ‘സേവ് ദ് ലൂം’ എൻജിഒയും ചേർന്ന്  തിരുവനന്തപുരം വിമൻസ് കോളജിലാണു പ്രദർശന വിൽപന നടത്തിയത്. ഉദ്ഘാടക കൂടിയായ മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ ഇവിടെനിന്നു േചന്ദമംഗലം കൈത്തറി സാരികൾ വാങ്ങി.

പ്രളയത്തിൽ ഏറ്റവുമധികം നാശം നേരിട്ട ചേന്ദമംഗലം 47 എന്ന സംഘത്തിലെ പ്രവർത്തന സജ്ജമായ തറികളിൽനിന്നുള്ള ആദ്യ ഉൽപ്പന്നങ്ങൾ ഓൺലൈൻ ലേലം വഴിയാണു വിറ്റുപോയത്. ചേന്ദമംഗലം കൈത്തറിയുടെ പ്രചാരണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് ‘ദ് കേരള പ്ലാറ്റ്ഫോം’ എന്ന കൂട്ടായ്മയാണു ലേലം എന്ന ആശയം നടപ്പാക്കിയത്. 

തറികൾ ജീവിതത്തിലേക്ക്

ചേന്ദമംഗലം 47, കരിമ്പാടം 191, പറവൂർ 3428, പറവൂർ ടൗൺ 1, കുര്യാപ്പിള്ളി 3476, ചെറായി 648, പള്ളിപ്പുറം കുഴിപ്പിള്ളി 128 എന്നീ ഏഴ് കൈത്തറി സഹകരണ സംഘങ്ങളിലാണു പ്രളയം നാശംവിതച്ചത്. ചേന്ദമംഗലം കൈത്തറി മേഖലയിൽ 2.48 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. 

ചേന്ദമംഗലം 47 സംഘത്തിനു കീഴിലെ വർക്ക് ഷെഡിലെ 28 തറികളിലും 71 വീടുകളിലുള്ള തറികളിലുമായാണ് നെയ്ത്തു നടക്കുന്നത്. വർക് ഷെഡിലെ എല്ലാ തറികളും വീടുകളിലെ 26 തറികളും ഇതിനോടകം പ്രവർത്തനസജ്ജമായി. അടുത്തയാഴ്ചയോടെ 40 തറികളുടെ ജോലികൾ പൂർണമാകും.

പറവൂർ 3428 സംഘത്തിനു കീഴിലെ 54 തറികളും പറവൂർ ടൗൺ1ലെ  41 തറികളും  പൂർണമായും പ്രവർത്തനസജ്ജമായി. കുര്യാപ്പിള്ളിയിൽ 13 തറികളുടെ ജോലികൾ കഴിഞ്ഞു,  ഇനി 3 തറികൾ കൂടി ബാക്കിയുണ്ട്. ചെറായിയിലെ ഒരു സൊസൈറ്റിയിൽ എട്ടും മറ്റൊന്നിൽ ആറും തറികളുണ്ട്. ഇവിടെ ഇനി രണ്ടെണ്ണം മാത്രമാണ് പൂർത്തിയാകാനുളളത്. 

തുടക്കം ഇങ്ങനെ

ചേന്ദമംഗലത്തെ തറികളുടെ പുനരുദ്ധാരണത്തിനു രംഗത്തെത്തിയത് എൻജിഒകളും കൂട്ടായ്മകളുമാണ്. അതിനു തുടക്കമിട്ടത് ചേന്ദമംഗലം 47 സംഘത്തിന്റെ െസക്രട്ടറി പി.എ.സോജന്റെ ഇടപെടൽ. പ്രളയത്തിൽ ഓണത്തിനു വേണ്ടി ഒരുക്കിയ സ്റ്റോക്ക് നശിക്കുകയും തറികൾ വെള്ളം കയറുകയും ചെയ്തതോടെ പ്രതിസന്ധിയിലായ നെയ്ത്തുകാരുടെ പ്രശ്നങ്ങൾ ഫെയ്സ്ബുക് വഴി വെളിപ്പെടുത്തി. ഇതു കണ്ട് ഡിസൈനർ ശാലിനി ജെയിംസ്, ശ്രീജിത് ജീവൻ എന്നിവർ ചേന്ദമംഗലത്തെത്തി ബാക്കിയുള്ള സ്റ്റോക്ക് വിറ്റഴിക്കാനുള്ള വഴിയൊരുക്കി. ഓൺലൈൻ വഴിയും മറ്റും ഈ ശ്രമം വിജയിക്കുകയും ചെയ്തു.

‘ജീവിതമാർഗം തന്നെ വെള്ളത്തിലായവരാണു സംഘത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ 7 ലക്ഷം രൂപയുടെ തുണി നശിച്ചു. 11 ലക്ഷം രൂപയുടെ നൂലും നശിച്ചു. വെള്ളം ഇറങ്ങിയതോടെ ജോലി എങ്ങനെ തുടങ്ങാമെന്ന് ആലോചിച്ചു. തറികൾ വീണ്ടെടുക്കാൻ എന്തൊക്കെ വേണമെന്നുള്ള അന്വേഷണം നടത്തി. ചിലർക്ക് ചില പാർടുകൾ മാത്രമായിരുന്നു ആവശ്യം, മറ്റുചിലർക്ക് പൂർണമായ നഷ്ടമുണ്ടായിരുന്നു. സാധനങ്ങൾ പതിവായി സപ്ലൈ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് പണം പിന്നീട് നൽകാമെന്ന ഉറപ്പിൽ ചിലതൊക്കെ ലഭ്യമാക്കി അറ്റകുറ്റപ്പണി തുടങ്ങി.  പിന്നീട് പലയിടത്തുംനിന്നു സഹായമെത്തിയതോടെയാണ് സംഘം അവരുടെ ബില്ലുകൾ കൊടുത്തുതീർക്കാൻ തുടങ്ങിയത്. ഒക്ടോബർ പകുതിയോടെ തന്നെ ഞങ്ങളുടെ വർക്‌ഷെഡിലെ 28 തറികൾ സജ്ജമാക്കി’– സോജൻ പറയുന്നു.

സഹായമെത്തിച്ച് കൂട്ടായ്മകൾ

വ്യക്തികളിൽനിന്നു സഹായം സ്വീകരിച്ചാണ് ആദ്യം ജോലികൾ തുടങ്ങിയത്. ഒരാളുടെ കയ്യിൽനിന്നു നേരിട്ടു പണം വാങ്ങുമ്പോൾ വലിയ പേപ്പർവർക്കുകൾ ആവശ്യമില്ല എന്നതായിരുന്നു ഗുണം. എന്നാൽ തറികളുടെ അറ്റകുറ്റപ്പണി ചെയ്യാനറിയുന്ന ടെക്‌നീഷൻസ് വളരെ കുറവാണ്. കുത്താമ്പുള്ളിയിൽനിന്നും മധുരയിൽനിന്നും തറികൾ ശരിയാക്കാൻ ആളെക്കൊണ്ടുവന്നെങ്കിലു അതു ശരിയായില്ല. കൂടുതൽ സമയമെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു.

പറവൂർ 3428 എന്ന സംഘത്തിന്റെ തറികളുടെ അറ്റകുറ്റപ്പണിയാണ് ആദ്യം തുടങ്ങിയത് ഇതിനായി ഒരു ലക്ഷം രൂപ നൽകിയത് ജസ്റ്റിസ് സൂകുമാരനാണ്. അതുകൊണ്ട് 4 തറികളുടെ പ്രവർത്തനം തുടങ്ങി. ഒക്ടോബർ രണ്ടിന് 3 സൊസൈറ്റികളിലായി 45 തറികൾ സജ്ജമാക്കാനായി. സിഎസ്ആർ പദ്ധതികളിലൂടെ സഹായം നൽകാൻ ബജാജ് ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള കമ്പനികളും രംഗത്തെത്തി– സേവ് ദ് ലൂം കൂട്ടായ്മയിലൂടെ ചേന്ദമംഗലത്തെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകുന്ന ഫാഷൻ കൺസൽട്ടന്റ് കൂടിയായ രമേഷ് മേനോൻ പറയുന്നു.

ഭാവിയിലേക്ക്

തറികളുടെ പുനരുദ്ധാരണം ത്വരിതഗതിയിൽ നടപ്പാക്കാനായതോടെ ഭാവിയിലേക്കുള്ള പദ്ധതികൾക്ക് കൂടി വഴിയൊരുങ്ങുകയാണ്.  ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ചേന്ദമംഗലത്ത് കോമൺ ഫെസിലിറ്റി സെന്റർ നിർമിക്കുന്നതിനുള്ള  പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ്‌യാഡ്, പെട്രോനെറ്റ്, ബിപിസിഎൽ എന്നിവയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് കോമൺ ഫെസിലിറ്റി സെന്റർ, യാൺ ബാങ്ക്, ഡൈയിങ് യൂണിറ്റ്, ഡൈയിങ് ബ്ലോക്ക് എന്നിവ നിർമിക്കും.

വേണം, ഓൺലൈൻ പ്ലാറ്റ്ഫോം

ചേന്ദമംഗലം കൈത്തറി മേഖലയ്ക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിനുള്ള ചർച്ചകളും ആലോചനകളും നടക്കുന്നു. ഇതിനു ഫണ്ട് നൽകാൻ തയാറുള്ളവരുണ്ട്. എന്നാൽ വെബ്സൈറ്റ് തയാറാക്കി പുറത്തുനിന്നുള്ള ഏജൻസിയെ ഏൽപ്പിച്ചുാൽ അതു നെയ്തുകാർക്ക് ഉപകാരപ്പെടുമോ പിന്നീട് നിലച്ചുപോകുമോയെന്നുള്ള ആശങ്കയുണ്ട്. അവിടെ നിന്നുതന്നെയുള്ള കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് എത്തിക്കാനുള്ള ശ്രമമാണുള്ളത്.

ഈയിടെ ചേന്ദമംഗലത്തും സമീപപഞ്ചായത്തുകളിലും നെയ്ത്തു പുതുതായി പഠിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ എന്ന ഇൻഫോർമൽ സർവേ നടത്തിയിരുന്നു. ഏതാണ്ട് 15 പേർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബികോം പഠിച്ചവർ, അക്കൗണ്ടിങ് ജോലി ചെയ്തവർ എന്നിങ്ങനെയുള്ളവരുണ്ട്.  അവരെ ഉൾപ്പെടുത്തി എന്തു ചെയ്യാനാകുമെന്ന ആലോചനയിലാണ് ഞങ്ങൾ– ദ് കേരള പ്ലാറ്റ്ഫോം എന്ന കൂട്ടായ്മയിലൂടെ ചേന്ദമംഗലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എൽസ ജോയ് പറഞ്ഞു. ഫെയ്സ്ബുക് വഴി ഓൺലൈൻ ബിഡ്ഡിങിനുള്ള വേദിയൊരുക്കിയത് എൽസയാണ്.

മൂല്യവർധനയ്ക്കു ശുപാർശ

പ്രളയത്തെ തുടർന്നു ജീവിതമാർഗം ബാധിക്കപ്പെട്ട ആറു ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പ്ലാനിങ് ബോർഡിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. ‘എറണാകുളത്ത് ഏറ്റവുമധികം ബാധിക്കപ്പെട്ടത് ചേന്ദമംഗലമാണ്. സ്ത്രീകളാണ് നെയ്ത്തുകാരിൽ ഭൂരിഭാഗവും. ഈ ജോലിയില്ലെങ്കിൽ കൂടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണ്. അവരുടെ ആവശ്യം ആ തറികൾ ശരിയാക്കിത്തന്നാൽ മതിയെന്നതാണ്’– പഠനത്തിനു നേതൃത്വം നൽകിയ സംസ്ഥാന ജെൻഡർ അഡ്വൈസർ കൂടിയായ ടി.കെ. ആനന്ദി പറഞ്ഞു.

‘പക്ഷേ ഇതുമാത്രം ചെയ്തുകൊണ്ട് അവർക്ക് മുന്നോട്ടുപോകാനാവില്ല. മൂല്യവർധനയ്ക്കുള്ള ഘടകങ്ങൾ വേണം. അതിനുള്ള ശൂപാർശയാണ് ഞങ്ങൾ നൽകിയത്. സേവ് ദ് ലൂം എൻജിഒയുമായിച്ചേർന്ന് ഡിസൈനർ ഇടപെടലുകൾക്കുള്ള പദ്ധതി തയാറായിട്ടുണ്ട്. രാജ്യാന്തരമാർക്കറ്റിൽ വരെ കൈത്തറിക്കു സാധ്യതയുണ്ട്. കാലങ്ങളായി ഒരേരീതിയിലാണ് അവർ പോകുന്നത്. അതു മാറ്റി സ്കിൽ വർധിപ്പിക്കുന്ന മാർഗങ്ങളാണ് തേടേണ്ടത്. പഠനം നടത്തിയ 6 പഞ്ചായത്തുകളിലായി വിവിധ പദ്ധതികൾ വച്ചിട്ടുണ്ട്. അടുത്തയാഴ്ച അവലോകന യോഗമുണ്ട്’– ആനന്ദി പറഞ്ഞു.

ഡിസൈനർ ഇടപെടൽ അത്യാവശ്യം

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ധരിക്കാനും ഓണത്തിനും കേരളപ്പിറവിക്കും മാത്രമായും ഒതുങ്ങാതെ കൂടുതൽ ചെറുപ്പക്കാരിലേക്കും രാജ്യാന്തര മാർക്കറ്റിലേക്കും കൈത്തറി എത്തിക്കാനാകണം. ചേന്ദമംഗലം കൈത്തറിക്ക് ഇതിനുളള സാധ്യതകളുണ്ട്. പക്ഷേ അതിനായി ഡിസൈനർ ഇടപെടലും പുതിയ വീവിങ് രീതികളും പുതിയ ഡിസൈനുകളും വേണം. ഒട്ടേറെ ഡിസൈനർമാർ ഇതിനു തയാറായിട്ടുണ്ട്. 11 പേർ ഇതുവരെ ചേന്ദമംഗലത്തെത്തി. ഖാദി, കൈത്തറിയുമായി ബന്ധപ്പെട്ടു ഡിസൈൻ ചെയ്യുന്ന ഹിമാംശു ഷാനി ഇപ്പോൾ ഇവിടെയുണ്ട്.

ഡിസൈനർ രാഹുൽ മിശ്ര 2006ലും 2010ലും കൈത്തറിയിലെ ഡിസൈനർ വസ്ത്രശേഖരം ഫാഷൻ റാംപിൽ എത്തിച്ചിട്ടുണ്ട്. ഇതു വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്തതാണ്. അത്തരം ഇടപെടൽ നടത്തി, നെയ്ത്തുകാരുടെ വരുമാനം കൂട്ടുകയും കൂടുതൽ  ചെറുപ്പക്കാരെ നെയ്ത്തു മേഖലയിലേക്ക് എത്തിക്കുകയും ചെയ്യണം. 4727 റജിസ്റ്റേഡ് നെയ്ത്തുകാരുള്ളിടത്ത് ഇപ്പോൾ സജീവമായി നെയ്യുന്നത് 510 പേർ മാത്രമാണ്. ഈ അവസ്ഥയിൽ മാറ്റം വരുത്താനാകണമെന്നതാണ് ലക്ഷ്യം.

ഇപ്പോൾ ചേന്ദമംലത്തെ പുനരുദ്ധാരണം കണ്ടിട്ട്, കുറച്ചുപേർ ഇതിലേക്കു തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതു നല്ലൊരു സൂചനയാണ്– രമേഷ് മേനോൻ പറയുന്നു.