Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ ടൂറിസത്തെ തകർക്കുന്നു; പ്രതിഷേധിച്ച് അറ്റോയ്

Hartal

തിരുവനന്തപുരം ∙ അപ്രഖ്യാപിത ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കുന്നെന്നു ചൂണ്ടിക്കാട്ടി അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷന്റെ (അറ്റോയ്) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ന‌ടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു കത്തിച്ച മെഴുകുതിരികളുമായി സെക്രട്ടേറിയേറ്റു നടയിലേക്കു നടന്ന മൗനജാഥയിൽ ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ ഉടമകൾ, ഗൈഡുകൾ, ഹോംസ്റ്റേ– ഹൗസ്‌ബോട്ട് പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു.

പ്രളയത്തെ തുടർന്നു ടൂറിസം മേഖല വലിയ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ ഹർത്താലുകളും സ്ഥിതി വഷളാക്കിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഹർത്താൽ തീരുമാനങ്ങളിൽ നിന്നു പിന്തിരിയണമെന്നും ടൂറിസം മേഖലയെ ഹർത്താലുകളിൽ നിന്ന് ഒഴിവാക്കണമെന്നും അറ്റോയ് സെക്രട്ടറി പി.വി. മനു അഭ്യർഥിച്ചു.

ഭാരവാഹികളായ പി.കെ. അനീഷ്കുമാർ, ശ്രീകുമാരമേനോൻ, മനോജ് ബാബു, ജനീഷ് ലാൽ, സജ്ജീവ്കുമാർ, നിസാം തുടങ്ങിയവർ പ്രസംഗിച്ചു. ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളായ കേരള ട്രാവൽ മാർട്ട് (കെടിഎം), സൗത്ത് കേരള ഹോട്ടൽസ് ഫെഡറേഷൻ (എസ്കെഎച്ച്എഫ്), അസോസിയേഷൻ ഓഫ് പ്രഫഷനൽസ് ഇൻ ടൂറിസം (എപിടി), ടൂറിസം പ്രഫഷനൽസ് ക്ലബ് (ടിപിസി), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) എന്നിവരുടെ പങ്കാളത്തിത്തോടെയാണു പ്രതിഷേധം സംഘടിപ്പിച്ചത്.