Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റി ഗ്യാസ്: വിതരണം തുടങ്ങാൻ 2 വർഷം

GAIL

കോഴിക്കോട്∙ വാഹന ഇന്ധനമായും പാചക വാതകമായും പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ മലബാർ മേഖലാ ഉദ്ഘാടനം നാളെ നടക്കുമെങ്കിലും വിതരണം തുടങ്ങാൻ കുറഞ്ഞത് 2 വർഷമെങ്കിലും എടുക്കും. കൂറ്റനാട്ടിൽനിന്നു മംഗളൂരൂവിലേക്കുള്ള പ്രധാന പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്‌ൽ) നേതൃത്വത്തിൽ പൂർത്തിയായി വരുന്നതേയുള്ളൂ.

മലപ്പുറത്ത് പൈപ്പിടൽ 60 ശതമാനമാണു പൂർത്തിയായത്. കോഴിക്കോട്ട് 70%, കണ്ണൂരിൽ 80%, കാസർകോട് 90% എന്നിങ്ങനെയാണു പുരോഗതി. പൈപ്പ് സ്ഥാപിക്കൽ 2019 മാർച്ചിൽ പൂർത്തിയാക്കാനാണ് ഗെയ്ൽ പദ്ധതി. പ്രധാന പൈപ്പ്‌ലൈൻ കമ്മിഷൻ ചെയ്തതിനുശേഷമാണ് അതിൽനിന്നു കുറഞ്ഞ മർദത്തിലുള്ള വാതകം ചെറു പൈപ്പുകളിലൂടെ സിഎൻജിയായി ( കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) പമ്പുകളിലേക്കും പിഎൻജിയായി (പൈപ്പ്്ഡ് നാച്ചുറൽ ഗ്യാസ്) വീടുകളിലേക്കും നൽകുന്നത്.

ഇതിനായി അനുബന്ധ പൈപ്പ്‌ലൈനുകളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കണം. മലബാർ മേഖലയിലെ മൊത്തം പദ്ധതി പൂർത്തീകരിക്കാൻ 8 വർഷമാണ് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിലെ പൈപ്പ് സ്ഥാപിക്കൽ നടപടികൾ പ്രാരംഭഘട്ടത്തിലാണ്. കോഴിക്കോട്–വയനാട് ജില്ലകളുടെ പദ്ധതി ഉദ്ഘാടന ചടങ്ങ് നാളെ 2.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. എം.കെ. രാഘവൻ എംപി പങ്കെടുക്കും. മലപ്പുറത്ത് എംഎസ്പി മൈതാനത്ത് നാളെ 2.30നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കും.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നാളെ 2.30ന് കണ്ണൂർ ടൗൺസ്ക്വയർ മൈതാനത്ത് നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കുമെന്ന് ഇന്ത്യൻ ഓയിൽ എൽഎൻജി പ്രോജക്ട്സ് ഡപ്യൂട്ടി മാനേജർ ചേതൻ ഖോദ്വെ, ഐഒസി കോഴിക്കോട് ഡിജിഎം ടി.വിജയരാഘവൻ എന്നിവർ പറഞ്ഞു.