Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐ – സർക്കാർ പോര്; മഴ പെയ്തൊഴിഞ്ഞു, കാർമേഘം ബാക്കി

Urjith patel റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ. (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ റിസർവ് ബാങ്ക് ഭരണസമിതി യോഗത്തിലെ വെടിനിർത്തൽ സമ്പദ്‌വ്യവസ്ഥയ്ക്കും വിപണിക്കും നൽകുന്നതു താൽക്കാലികാശ്വാസം. സർക്കാരും കേന്ദ്ര ബാങ്കും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങൾ തുടരുന്നു; വെടിനിർത്തൽ ലംഘിക്കപ്പെടാനുള്ള സാധ്യതയും. ഭരണസമിതി യോഗം വെളിപ്പെടുത്തിയതു കാര്യങ്ങൾ പന്തിയല്ലെന്നു തന്നെയാണ്. പ്രതിസന്ധി തൽക്കാലം ഒഴിഞ്ഞുപോയിരിക്കുന്നുവെന്നേയുള്ളൂ.

റിസർവ് ബാങ്കിന്റെ വൻ കരുതൽ ധനശേഖരത്തിൽ തന്നെയാണ് ഇപ്പോഴും സർക്കാരിന്റെ കണ്ണ്. നോട്ട് റദ്ദാക്കലിന്റെ കണക്കുകൂട്ടൽ തെറ്റിയപ്പോൾ കൈവിട്ടു പോയ നിധി, ബാങ്കിന്റെ പണപ്പെട്ടിയിൽ നിന്നു കണ്ടെടുക്കാനാണു ശ്രമം. റിസർവ് ബാങ്കിന് എത്ര ശേഖരമുണ്ടാവണം, കൂടുതലുള്ളത് എങ്ങനെ സർക്കാരിനു കൈമാറണം തുടങ്ങിയ കാര്യങ്ങൾ ആലോചിക്കാൻ ഉന്നതാധികാര സമിതിക്കു രൂപം നൽകാനാണു മുഖ്യ തീരുമാനം. ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയത്തിൽ ബാങ്ക് ഒരു ചുവടു പിൻവാങ്ങിയെന്നാണ് അതിനർഥം.

സർക്കാർ ഏഴാം വകുപ്പു പ്രയോഗിക്കാതിരുന്നതിനു പകരമായിരുന്നു ഈ ചുവടുമാറ്റം. തങ്ങൾ പറയും പോലെ ചെയ്യാൻ കേന്ദ്ര ബാങ്കിനെ നിർബന്ധിതമാക്കുന്നതാണ് ഏഴാം വകുപ്പ്. ഏഴാം വകുപ്പു പ്രയോഗിച്ചാൽ കരുതൽ ശേഖരത്തിൽ നിന്നു ചോദിക്കുന്ന തുക വിട്ടുനൽകാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമായിരുന്നു. ഗവർണർ ഉർജിത് പട്ടേലിനു പദവിയിൽ തുടരാനും ബുദ്ധിമുട്ടാകുമായിരുന്നു. അതു വൻ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമാകും.

ബാങ്കിന്റെ പക്കൽ അധിക നിധിയുണ്ടെന്ന് ഉന്നതാധികാര സമിതി വിലയിരുത്തിയാൽ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. സമിതി അങ്ങനെ കണ്ടെത്തണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർക്കശ വായ്പാ നിബന്ധന (പിസിഎ) ഉദാരമാക്കണമെന്ന സർക്കാർ നിലപാടിലും മാറ്റമില്ല. എന്നാൽ, കിട്ടാക്കട പ്രതിസന്ധിയിൽ നിന്ന് എങ്ങനെ കരകയറുമെന്നു മറുപടി കണ്ടെത്തേണ്ടതും റിസർവ് ബാങ്ക് തന്നെ. ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ ധനാനുപാതത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതയും തുടരുകയാണ്.

അടിസ്ഥാനസൗകര്യ മേഖല, ചെറുകിട – ഇടത്തരം വ്യവസായങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു പണം ലഭ്യമാകണമെന്ന കാര്യത്തിൽ സർക്കാരും റിസർവ് ബാങ്കും തത്വത്തിൽ യോജിക്കുന്നു. തർക്കവിഷയങ്ങളിലെ യോജിപ്പ് ‘തത്വത്തിൽ’ മാത്രമായതു കൊണ്ടു ഡിസംബർ 14നു ചേരുന്ന അടുത്ത ഭരണസമിതി യോഗവും നിർണായകം.