Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലം കിട്ടിയാൽ വിദേശ് ഭവൻ കേരളത്തിലും

videsh-bhavan

കൊച്ചി∙ സംസ്ഥാന സർക്കാർ സ്ഥലം നൽകുകയാണെങ്കിൽ, വിദേശകാര്യമന്ത്രാലയത്തിന്റെ പ്രാദേശിക കേന്ദ്രം ‘വിദേശ് ഭവൻ’ കേരളത്തിൽ തുടങ്ങുമെന്നു വിദേശകാര്യമന്ത്രാലയ സെക്രട്ടറി (കോൺസുലാർ, പാസ്പോർട്ട്, വീസ) ജ്ഞാനേശ്വർ എം. മുലായ്. എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും മന്ത്രാലയം ‘കിയോസ്ക്’ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പാസ്പോർട്ട് ഓഫിസിലെ അറ്റസ്റ്റേഷൻ കേന്ദ്രത്തിന്റെയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ പുതിയ ഓഫിസിന്റെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ജോലി തേടുന്നവരുടെയും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുടെയുമടക്കമുള്ള കാര്യങ്ങൾ അതതു സംസ്ഥാനങ്ങളിൽ തന്നെ പരിഗണിക്കുകയാണു ‘വിദേശ് ഭവന്റെ’ ലക്ഷ്യം. വിദേശജോലി തേടുന്നവർക്ക് അവസാന നിമിഷമുണ്ടായേക്കാവുന്ന സംശയങ്ങൾ പരിഹരിക്കുന്നതിനാണു കിയോസ്ക്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ കിയോസ്ക് തുറന്നു.

മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എല്ലാ സംസ്ഥാനങ്ങളിലും ഇടയ്ക്കിടെ സന്ദർശനം നടത്തുകയും പൊലീസ്, റിക്രൂട്ടിങ് ഏജന്റ്മാർ തുടങ്ങിയവരുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. പുതിയ എമിഗ്രേഷൻ നയത്തിന്റെ ആദ്യഘട്ട ചർച്ചകൾ നടക്കുകയാണ്. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് കേന്ദ്രം തുറക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.