Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്: ഇന്ത്യയ്ക്കായി ഇന്ത്യൻ മേധാവി

abhijit-bose അജിഭിത് ബോസ്

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ കർശന നിബന്ധനകളെത്തുടർന്ന്, ഫെയ്സ്ബുക്കിനു കീഴിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സാപ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു മാത്രമായി മേധാവിയെ നിയമിക്കുന്നു. പ്രമുഖ ഇലക്ട്രോണിക് പേയ്മെന്റ് കമ്പനിയായ ഈസിടാപ്പിന്റെ സ്ഥാപകൻ അഭിജിത് ബോസ് അടുത്ത വർഷം ആദ്യം ചുമതലയേൽക്കും.

അഭിജിത്തിന്റെ കീഴിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്ത്യൻ ടീം രൂപീകരിക്കും. ആദ്യമായാണ് ഒരു രാജ്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന ടീമിനെ കലിഫോർണിയയ്ക്കു പുറത്തു നിയമിക്കുന്നത്. വ്യാജസന്ദേശങ്ങൾ പരക്കുന്നതിൽ ഫെയ്സ്ബുക്കും വാട്സാപ്പും കാര്യമായ നടപടികളെടുക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് ടെക് ലോകം ഉറ്റുനോക്കിയ നിയമനം. വാട്സാപ്പിനെ ഇന്ത്യൻ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഇന്ത്യൻ മേധാവിയെ നിയമിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു.

ഹാർവഡ്, കോർണൽ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കിയ അഭിജിത് 2011ലാണ് ഈസിടാപ് സ്ഥാപിച്ചത്. ബെംഗളൂരു സ്വദേശിയായ അഭിജിത് ഓറക്കിൾ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടർ, എൻജിപേ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രം 20 കോടിയിലധികം ഉപയോക്താക്കളുണ്ട്.