Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രവും

876774666

തിരുവനന്തപുരം ∙ ഒരാളുടെ അക്കൗണ്ടിൽ മറ്റൊരാൾ പണം നിക്ഷേപിക്കുന്നെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ഹാജരാക്കണമെന്ന എസ്ബിഐയുടെ ഉത്തരവ്. ഇതിനെതിരെ ഇടപാടുകാർ പ്രതിഷേധം തുടങ്ങി. എന്നാൽ,  റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരമാണു പരിഷ്കാരം ഏർപ്പെടുത്തിയതെന്നും ഭാവിയിൽ എല്ലാ ബാങ്കുകളും ഇതു നടപ്പാക്കേണ്ടി വരുമെന്നും എസ്ബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഒരാളുടെ അക്കൗണ്ടിൽ മറ്റൊരാൾ പണം നിക്ഷേപിക്കുകയാണെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വാങ്ങി സമർപ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ ചെയ്യുക എന്നതാണ് നടപ്പാക്കിയ പരിഷ്കാരം. പണമടയ്ക്കുന്നയാൾ എസ്ബിഐയുടെ ഇടപാടുകാരനാണെങ്കിൽ‌ സ്വന്തം അക്കൗണ്ട് നമ്പർ കൂടി സ്ലിപ്പിൽ രേഖപ്പെടുത്തിയാൽ മതിയാകും. സമ്മപത്രം വേണ്ടതില്ല. മിക്ക എസ്ബിഐ ശാഖകളിലും ഇക്കാര്യം വ്യക്തമാക്കി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

നാട്ടിലേക്ക് അടിക്കടി പണം അയയ്ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണു പരിഷ്കാരത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും പഠിക്കുന്ന മക്കളുടെ അക്കൗണ്ടിലേക്കു മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പണം നിക്ഷേപിക്കാൻ കഴിയുന്നില്ലെന്ന ബുദ്ധിമുട്ടുമുണ്ട്. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്കു പണം നിക്ഷേപിക്കാനെത്തുന്നവരെ മടക്കി അയയ്ക്കരുതെന്നും ബാങ്ക് മാനേജർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു എസ്ബിഐ വൃത്തങ്ങൾ വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ടുള്ളവർ എടിഎം കാർഡുമായി എത്തിയാൽ 40,000 രൂപ വരെ മറ്റ് എസ്ബിഐ അക്കൗണ്ടുകളിലേക്ക് കൈമാറാം.

പണമായി എത്തിയാലും ഇവർക്ക് മറ്റ് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കാം. എന്നാൽ ആർബിഐയുടെ നിർദേശത്തിൽ ഒട്ടേറെ അവ്യക്തതകളുണ്ടെന്നു ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു. എത്രരൂപ വരെ ഇതര അക്കൗണ്ടുകളിലേക്കു പണമായി നിക്ഷേപിക്കാൻ കഴിയുമെന്ന് ആർബിഐ നിർദേശത്തിലില്ല. കാഷ് ഡിപ്പോസിറ്റ് മെഷീൻ വഴി പണമടയ്ക്കുന്നവരുടെ കാര്യത്തിൽ നിയന്ത്രണം എങ്ങനെ സാധ്യമാക്കണമെന്നും വ്യക്തതയില്ല.

കറൻസി കൈകാര്യം: തൽസ്ഥിതി നിലനിർത്താൻ നിർദേശം

കൊച്ചി∙ എസ്ബിഐയുടെ കറൻസി അഡ്മിനിസ്ട്രേഷൻ സെല്ലിന്റെയും കാഷ് കൈകാര്യത്തിന്റെയും ചുമതല പുറംകരാറുകാരെ ഏൽപിക്കുന്നതു സംബന്ധിച്ച് തൽസ്ഥിതി നിലനിർത്താൻ ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ ഏജൻസിക്കു പുറംകരാർ നൽകാനുള്ള തീരുമാനത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയനും (കേരള സർക്കിൾ) ഏതാനും ജീവനക്കാരും സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.

ബാങ്ക് പ്രവർത്തനങ്ങളുടെ കറൻസി കൈകാര്യം ഇതുവരെ ചെയ്തു വന്നതു സ്വന്തം ജീവനക്കാരാണെന്നു ഹർജിയിൽ പറയുന്നു. കാഷ് തരംതിരിക്കൽ, പഴകിയ നോട്ടുകളുടെ കൈകാര്യം, ബാങ്ക് ശാഖകളിലേക്കും ശാഖകളിൽ നിന്നു തിരിച്ചുമുള്ള കറൻസി നീക്കം, കറൻസി ചെസ്റ്റിലെ കറൻസി കൈകാര്യം ഇവയെല്ലാം ബാങ്കിന്റെ സ്വന്തം സംവിധാനം വഴി മികച്ച രീതിയിൽ ചെയ്തുവന്നതാണ്. ഈ ജോലികൾക്കു പുറംകരാർ നൽകാനുള്ള നീക്കം അനാവശ്യമായതിനാൽ റദ്ദാക്കണമെന്നാണ് ആവശ്യം.

എസ്ബിഐ ശാഖകളിലെയും ഹെഡ് ഓഫിസുകളിലെയും മറ്റ് ഓഫിസുകളിലെയും ബാങ്കിങ് പ്രവർത്തനങ്ങൾ നടത്താനുള്ള വ്യക്തികളെ വ്യവസ്ഥാപിത റിക്രൂട്ട്മെന്റ് ചട്ടങ്ങൾ മുഖേനയല്ലാതെ നിയോഗിക്കരുതെന്നും ആവശ്യമുണ്ട്. കറൻസി കൈകാര്യ ജോലികൾക്കു പുറംകരാർ നൽകുന്നതു ഭാവിയിലെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ഹർജിയിൽ പറയുന്നു.