Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലിശ നിർണയത്തിലെ ദുരൂഹത മാറുന്നു

building-tax

മുംബൈ ∙ വായ്പകളുടെ പലിശനിരക്കു പുനർനിർണയിക്കുന്ന രീതി സുതാര്യമാക്കാൻ റിസർവ് ബാങ്ക് നിർദേശം. ഓരോ ബാങ്കും സ്വന്തം സാഹചര്യങ്ങൾ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന മാനദണ്ഡങ്ങളനുസരിച്ച് പലിശനിരക്കു പുതുക്കുന്ന സാഹചര്യമാണിപ്പോൾ. ഇക്കാരണത്താൽ, റിസർവ് ബാങ്ക് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നിരക്കിളവുകൾ ബാങ്ക് വായ്പയെടുത്തവർക്കു കിട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്. അടുത്ത ഏപ്രിലിൽ പ്രാബല്യത്തിലാക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദേശം ഇതിനു പരീഹാരമായേക്കും.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപോ നിരക്ക്, 91 ദിവസമോ 182 ദിവസമോ കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ പലിശനിരക്ക്, ഇതുപോലുള്ള ബെഞ്ച് മാർക്കുകൾ നിർണയിക്കുന്ന സ്ഥാപനമായ ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് ഇന്ത്യ പുറപ്പെടുവിക്കുന്ന മറ്റ് നിരക്കുകൾ എന്നിവയിൽ ഏതെങ്കിലുമായി ബന്ധിപ്പിച്ച് ബാങ്കുകൾ വായ്പാപലിശ നിർണയിക്കണമെന്നാണു നിർദ്ദേശം. ഈ ബെഞ്ച്മാർക്കുമായി എത്ര വ്യത്യാസം വേണമെന്നത് ബാങ്കിനു നിർണയിക്കാം. പക്ഷേ ആ വ്യത്യാസം വായ്പാ കാലാവധിക്കുള്ളിൽ മാറ്റരുത്. ഉപയോക്താവിനു കൃത്യമായി പലിശയുടെ ഗതി അറിയാനാകുമെന്നതാണു മുഖ്യ നേട്ടം.

ഈ മാസം ഒടുവിൽ ഇതു സംബന്ധിച്ച അന്തിമ നിർദ്ദേശവും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കും.

ഇതാകും രീതി

റിസർവ് ബാങ്ക് നിർദേശം നടപ്പായാലുള്ള സാഹചര്യം ഇങ്ങനെ–

റീപോ നിരക്കിൽനിന്ന് 3.5% കൂടുതലായിരിക്കും ഭവന വായ്പാ നിരക്കെന്ന് ഇടപാടുകാരനുമായി ബാങ്ക് കരാറിൽ ഏർപ്പെടുന്നെന്നു കരുതുക. ഇപ്പോൾ 6.5 ശതമാനമാണു റീപോ. അതിനാൽ ഭവനവായ്പയുടെ പലിശ 6.5 + 3.5=10%. റീപോ നിരക്കിലെ മാറ്റമനുസരിച്ച് പലിശ മാറിക്കൊണ്ടിരിക്കും.
റീപോ അര ശതമാനം ഉയർന്നാൽ വായ്പയുടെ പലിശ 10.5% ആകും.

റീപോ 6 ശതമാനമായി കുറയ്ക്കുമ്പോൾ പലിശ 9.5% ആകണം. ഇതിനുപകരം റീപോയും പലിശയുമായുള്ള വ്യത്യാസം 4% എന്നു തീരുമാനിച്ച് 6 + 4= 10% എന്നു നിർണയിക്കാൻ ബാങ്കിനു കഴിയില്ല. വായ്പയുടെ പലിശ റീപോയെക്കാൾ 3.5 ശതമാനമേ കൂടാവൂ.