Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സമ്മർദം വിലപ്പോയില്ല; എണ്ണ വില കൂട്ടാൻ ഉൽപാദനം കുറയ്ക്കും

ദോഹ∙ എണ്ണ വില ഇടിയുന്ന സാഹചര്യത്തിൽ ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താൻ വിയന്നയിൽ ചേർന്ന ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) യോഗത്തിൽ ഏകദേശ ധാരണ. അടുത്ത വർഷം മുതൽ പ്രതിദിനം 10 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാനാണു നീക്കം. റഷ്യയുൾപ്പെടെ ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളുമായി ഇന്നു നടക്കുന്ന ചർച്ചയ്ക്കു ശേഷം അന്തിമ തീരുമാനമുണ്ടായേക്കും.

വിയന്നയിലുണ്ടായിരുന്ന റഷ്യൻ ഊർജമന്ത്രി അലക്‌സാണ്ടർ നൊവാക്, പ്രാഥമിക ചർച്ചകൾക്കു ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി മടങ്ങി. ഇന്നു തിരിച്ചെത്തിയ ശേഷം ഒപെക് രാജ്യങ്ങളുമായി വീണ്ടും ചർച്ച നടത്തും. ഒപെക് നിർദേശം റഷ്യ സമ്മതിച്ചാൽ ഉൽപാദന നിയന്ത്രണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

അതിനിടെ, ഒപെക് യോഗത്തിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചേക്കില്ലെന്ന ആദ്യ റിപ്പോർട്ടുകളെ തുടർന്നു രാജ്യാന്തര വിപണിയിൽ എണ്ണ വില 58.62 ഡോളറിലേക്കു താഴ്ന്നു. പിന്നീടു വർധിച്ച് 60 ഡോളറിലെത്തി. ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ യുഎസ് സൗദി അറേബ്യയ്ക്കു മേൽ ശക്തമായ സമ്മദം ചെലുത്തുന്നുണ്ട്. യുഎസ് പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്ക് വിയന്നയിൽ സൗദി എണ്ണമന്ത്രി ഖാലിദ് അൽ ഫലീഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.