Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുനൂറാനുമെത്തി; രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കി ഇൻഡിഗോ

Indigo

രാജ്യത്ത് 200 വിമാനങ്ങൾ സ്വന്തമാക്കിയ ആദ്യ വിമാനക്കമ്പനിയെന്ന ബഹുമതിയുമായി ഇൻഡിഗോ. ഫ്രാൻസിലെ എയർബസ് ഫാക്ടറിയിൽ നിന്നു വ്യാഴാഴ്ചയാണ് ഇരുനൂറാമത്തെ വിമാനമായ എ320 നിയോ ഇൻഡിഗോ ആസ്ഥാനത്തെത്തിയത്. 

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്കു നിലവിൽ 118 വിമാനങ്ങളാണുള്ളത്. ജെറ്റ് എയർവേയ്സിന് 124 വിമാനങ്ങളുണ്ട്. സ്പൈസ്ജെറ്റിന് 61.

2026 ആകുമ്പോഴേക്ക് നാനൂറിലേറെ വിമാനങ്ങൾ കൂടി സ്വന്തമാക്കാനുള്ള പദ്ധതിയാണ് ഇൻഡിഗോയുടേത്. ഇതിൽ 220 എ320 നിയോ വിമാനങ്ങളും 150 എ321 നിയോ വിമാനങ്ങളും 40എടിആർ വിമാനങ്ങളും ഉൾപ്പെടും. 

ചെലവു കുറഞ്ഞ സർവീസ് ശ്രേണിയിൽ 2006ലാണ് ഇൻഡിഗോ ഇന്ത്യയിൽ വാണിജ്യ സർവീസുകൾ ആരംഭിച്ചത്. ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ 12 വർഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വിപണി വിഹിതമുള്ള വിമാനകമ്പനിയായി ഇൻഡിഗോ മാറി. നിലവിൽ 43 ശതമാനമാണ് ഇൻഡിഗോയുടെ വിപണി പങ്കാളിത്തം. ഇക്കഴിഞ്ഞ ഒക്ടോബറിൽ 50 ലക്ഷം യാത്രക്കാർ ഒരു മാസം യാത്ര ചെയ്ത ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയെന്ന ബഹുമതിയും ഇൻഡിഗോയെ തേടിയെത്തി. ഇപ്പോൾ പ്രതിദിനം ആയിരത്തിലേറെ സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്.

രാഹുൽ ഭാടിയ, രാകേഷ് ഗാങ്‌വാൾ എന്നിവർ മുഖ്യ പ്രമോട്ടർമാരായ ഇൻഡിഗോയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തികനിലവാരവും രാജ്യത്തെ മികച്ചതു തന്നെ. ഇൻഡിഗോ 2018ൽ നേടിയ വരുമാനം 23,920 കോടി രൂപയാണ്. ടിക്കറ്റ് വിൽപനയിൽ നിന്നുമാത്രം ഇൻഡിഗോ കഴിഞ്ഞ വർഷം നേടിയത് 19,943 കോടി രൂപയാണ്. മുൻ വർഷം ഇത് 16,197 കോടി രൂപയായിരുന്നു. 23% വളർച്ച. ലാഭം 3,126 കോടി രൂപ. 

ഓരോ വിമാനത്തിലെയും ശരാശരി യാത്രക്കാരുടെ എണ്ണം 84.8 ശതമാനത്തിൽനിന്നു വർധിച്ച് കഴിഞ്ഞ വർഷം 87.4 ശതമാനമായി. വിമാനസർവീസുകളുടെ എണ്ണം 3,00,526ൽ നിന്നും 17 ശതമാനം വർധിച്ച് 3,47,640 ആയി ഉയർന്നു.

 ഇൻഡിഗോയുടെ ചരിത്രത്തിൽ ആദ്യമായാണ് 2018 രണ്ടാം പാദത്തിൽ 652 കോടി രൂപ നഷ്ടത്തിലായത്. ഉയർന്ന ഇന്ധനവിലയും പ്രവർത്തനച്ചെലവുകളിൽ വന്ന ക്രമാതീതമായ വർധനയുമാണ് ഇതിനു കാരണമായത്.

ഇതിനെ മറികടക്കാനായി വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ ഇൻഡിഗോ ആരംഭിച്ചുകഴിഞ്ഞു. വെബ് ചെക്‌ഇൻ ചാർജ് ഈടാക്കൽ, യാത്രാ വിമാനങ്ങളിൽ ബാക്കിയുള്ള സ്ഥലത്തു കാർഗോ കയറ്റൽ തുടങ്ങിയവ. രാജ്യത്തെ കൂടുതൽ സെക്ടറുകളിലേക്ക് പറക്കുന്നതിനൊപ്പം തന്നെ രാജ്യാന്തര സർവീസുകളിൽ കൂടുതൽ ശ്രദ്ധയും പതിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. 

ഇന്ത്യയിലെ മറ്റു വിമാനക്കമ്പനികളും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നതിനായി വമ്പൻ ഓർഡറുകളാണ് നൽകിയിട്ടുള്ളത്. എയർഇന്ത്യക്ക് ഈ വർഷം 11 വിമാനങ്ങളാണെത്തുക. എയർഏഷ്യയ്ക്ക് 5 വർഷത്തിനുള്ളിൽ 60 വിമാനങ്ങളെത്തും.

 ഗോ എയറിന് നാലു വർഷത്തിനുള്ളിൽ 119 വിമാനങ്ങളെത്തും. ജെറ്റ് എയർവേയ്സ് ആറു വർഷത്തിനുള്ളിൽ 156 പുതിയ വിമാനങ്ങൾ വാങ്ങും. സ്പൈസ്ജെറ്റിന് 2023നകം 157 വിമാനങ്ങളാണ് ലഭിക്കുക. വിസ്താര 60 പുതിയ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.