Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവനവായ്പ ടോപ്അപ് ചെയ്യണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

x-default

ഭവനവായ്പ എടുത്ത് തൃപ്തികരമായ രീതിയിൽ തിരിച്ചടവു നടത്തിക്കൊണ്ടിരിക്കുന്നവർക്ക് ടോപ്അപ് സൗകര്യം ഉപയോഗിച്ച് ഏറ്റവും എളുപ്പത്തിൽ വായ്പ എടുക്കാം. വായ്പ എടുത്തു നിർമ്മിച്ചിരിക്കുന്ന വീടിന്റെ (വസ്തു അടക്കം) അഥവാ ഫ്ലാറ്റിന്റെ ഇപ്പോഴത്തെ ഉയർന്ന വിപണി വിലയും തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസത്തിനനുസൃതമായ അധിക വായ്പ ടോപ്അപ് രീതിയിൽ എടുക്കാം. ഭവന വായ്പയ്ക്കായി ഇപ്പോൾ തന്നെ നൽകിയിരിക്കുന്ന ജാമ്യ വസ്തു അധിക വായ്പയ്ക്കുകൂടി ഈടായി തുടരുകയും ചെയ്യും.‌

കടലാസുപണികൾ കുറവ്

പുതുതായി വായ്പ എടുക്കുന്നതിനായി ബാങ്കുകളെ സമീപിക്കുമ്പോൾ തിരിച്ചറിയൽ രേഖകൾ തുടങ്ങി വിവിധ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നിലവിലുള്ള ഭവന വായ്പ എടുത്തപ്പോൾ തിരിച്ചറിയൽ രേഖകളും വരുമാനം തെളിയിക്കുന്നതിനുള്ള രേഖകളും മാത്രമല്ല വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും മറ്റുമുള്ള വിശദമായ രേഖകൾ നൽകിയിട്ടുള്ളതിനാൽ ടോപ്അപ് വായ്പയ്ക്ക് പുതുതായി അവയൊന്നും സംഘടിപ്പിക്കേണ്ടി വരുന്നില്ല. വസ്തുവിന്റെയും കെട്ടിടത്തിന്റെയും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന മൂല്യം നിർണയിച്ചതിന്റെ രേഖയും ഏറ്റവും പുതിയ വസ്തുനികുതി, കെട്ടിടനികുതി എന്നിവ അടച്ചതിന്റെ രസീതുകളും മാത്രമേ അധികമായി ആവശ്യപ്പെടൂ. നിലവിൽ തൃപ്തികരമായി ഇടപാടുകൾ നടത്തിക്കൊണ്ടു പോകുന്നവർക്കു വായ്പ അനുവദിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ സ്വാഭാവികമായി ഉത്സാഹം കാട്ടാറുണ്ട്.

വായ്പത്തുക

വീടിന്റെയും സ്ഥലത്തിന്റെയും (അഥവാ ഫ്ലാറ്റിന്റെ) ഇപ്പോഴത്തെ മൂല്യത്തിന്റെ 80% വരെ സാധാരണഗതിയിൽ വായ്പ ലഭിക്കും. 20 ലക്ഷം വരെയുള്ള വായ്പകളിൽ ഇത് 90 ശതമാനവും 75 ലക്ഷത്തിനു മുകളിലുള്ള വായ്പകളിൽ 75 ശതമാനവുമാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അർഹമായ തുകയിൽനിന്ന് ഇപ്പോൾ തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുക കുറച്ചുള്ള അത്രയും വായ്പ അനുവദിക്കും.  അപേക്ഷകന്റെ വരുമാനം കണക്കിലെടുത്ത് തിരിച്ചടവുശേഷി കൂടി കണക്കാക്കിയാകും വായ്പത്തുക നിശ്ചയിക്കുക. നിലവിലെ വീടിന്റെ വലുപ്പം കൂട്ടുക, അറ്റകുറ്റപ്പണികൾ നിർവ്വഹിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കു മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ടോപ്അപ് വായ്പ എടുക്കാം.

ചെലവു കൂടില്ല

പുതുതായി വായ്പ എടുക്കുമ്പോൾ നൽകേണ്ടി വരുന്ന ലീഗൽ ഫീസ് തുടങ്ങിയവ നൽകേണ്ടി വരുന്നില്ല. പ്രോസസിങ് ഫീസിൽത്തന്നെ, നിലവിലുള്ള ഇടപാടുകാരെന്ന നിലയിൽ ഇളവു ലഭിക്കും. വീടിന്റെ ആവശ്യങ്ങൾക്കായുള്ള വായ്പകൾക്കു സാധാരണ ഭവന വായ്പയുടെ പലിശ മാത്രമേ ഈടാക്കുന്നുള്ളൂ. മറ്റ് ആവശ്യങ്ങൾക്കാണെങ്കിൽ പോലും താരതമ്യേന പലിശനിരക്കു കുറവാണ്. അധിക രേഖകളും മറ്റും സംഘടിപ്പിക്കുന്നതിന്റെ ചെലവും ഉണ്ടാകുന്നില്ല. 

മറ്റ് ഇളവുകൾ

വീടിന്റെ വിപുലീകരണം, മറ്റ് പണികൾ എന്നിവയ്ക്കായി ടോപ്അപ് വായ്പ ഉപയോഗിക്കുമ്പോൾ സാധാരണ ഭവനവായ്പയ്ക്കു ലഭിക്കുന്ന രീതിയിൽ ആദായ നികുതി ഇളവിന് അർഹതയുണ്ടാകും. പുതിയ വായ്പകൾ അനുവദിക്കുന്നതിനെടുക്കുന്നതിനെക്കാൾ എളുപ്പത്തിൽ ടോപ് അപ് വായ്പകൾ ലഭിക്കുമെന്നതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താം. ഇടപാടുകാരന്റെ പ്രായം, സർവീസ് കാലാവധി, നിലവിലുള്ള വായ്പയുടെ തിരിച്ചടവു കാലാവധി എന്നിവയൊക്കെ കണക്കിലെടുത്ത് ടോപ്അപ് വായ്പയുടെ കാലാവധി നിർണയിക്കും. 

ഓവർഡ്രാഫ്റ്റ് ഭവനവായ്പകൾ

തുല്യമാസത്തവണകളായി തിരിച്ചടയ്‌ക്കേണ്ടുന്ന ദീർഘകാല 'ടേം വായ്പ'കളായാണു സാധാരണ ഭവന വായ്പകൾ അനുവദിക്കുന്നത്. അനുവദിച്ച വായ്പത്തുക പിൻവലിച്ചുകഴിഞ്ഞാൽ ബാധ്യത തീരുംവരെ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കണം. ഇതിൽനിന്നു വ്യത്യസ്തമായി, തിരിച്ചടച്ചിട്ടുള്ള അത്രയും തുക വായ്പാപരിധി വരെ എപ്പോൾ വേണമെങ്കിലും പിൻവലിച്ചെടുക്കാവുന്ന രീതിയിൽ ഓവർ ഡ്രാഫ്റ്റ് സൗകര്യമായും ഭവന വായ്പകൾ അനുവദിക്കുന്നുണ്ട്. 

സാധാരണ മാസംതോറും അടയ്ക്കുന്ന തുകയും അധികമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ അവ കൂടി ഇത്തരത്തിൽ ആവശ്യമുള്ള സന്ദർഭങ്ങളിൽ പിൻവലിച്ച് ഉപയോഗിക്കാം. അനുവദിച്ചിട്ടുള്ള വായ്പാപരിധി എത്രയായാലും അക്കൗണ്ടിൽ തിരിച്ചടയ്ക്കാൻ ബാക്കിനിൽക്കുന്ന തുകയ്ക്കുമാത്രം പലിശ നൽകിയാൽ മതി. 

ടോപ്അപ് വായ്പകളിൽ ജാമ്യ വസ്തുവിന്റെ ഏറ്റവും പുതിയ വിപണിയുടെ അടിസ്ഥാനത്തിൽ വായ്പത്തുക പുനർനിർണയിച്ചുനൽകുമ്പോൾ ഓവർഡ്രാഫ്റ്റ് സൗകര്യം ആദ്യം അനുവദിച്ചിട്ടുള്ള വായ്പാപരിധി വരെ മാത്രമേ ഉപയോഗിക്കാനാകൂ.