Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് മൊബൈൽ കണക്‌ഷൻ 4.33 കോടി

graph

കൊച്ചി∙ സംസ്ഥാനത്തെ മൊബൈൽ കണക്‌ഷനുകളുടെ എണ്ണം 4.33 കോടിയിലേറെ. ജനസംഖ്യയെക്കാൾ ഏതാണ്ട് ഒരു കോടി കൂടുതലാണു മൊബൈൽ ഫോൺ കണക്‌ഷന്റെ എണ്ണം. സെപ്റ്റംബറിലെ കണക്കാണിത്. പ്രളയം ബാധിച്ച ഓഗസ്റ്റിലെക്കാൾ ആകെ 20,450 മൊബൈൽ വരിക്കാര്‍ കൂടിയെങ്കിലും റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്കു മാത്രമാണു നേട്ടം. ഐഡിയ, ബിഎസ്എൻഎൽ, വോഡഫോൺ എന്നീ സേവനദാതാക്കൾക്കു വരിക്കാർ കുറഞ്ഞു.

ജൂലൈയിലെക്കാൾ രണ്ടര ലക്ഷത്തോളം വരിക്കാർ ഓഗസ്റ്റിൽ കൂടിയ സ്ഥാനത്താണ് സെപ്റ്റംബറിലെ വർധന 20450ൽ ഒതുങ്ങിയത്. പ്രളയം കുതിപ്പിനെ ബാധിച്ചെന്നു തെളിയിക്കുന്നതാണ് ഈ കണക്ക്. 

സെപ്റ്റംബറിൽ റിലയൻസ് ജിയോയ്ക്ക് 1,78,192 വരിക്കാർ കൂടിയപ്പോൾ എയർടെലിന് 7,030 വരിക്കാർ കൂടി. വോഡഫോണിന് 55,206, ബിഎസ്എൻഎല്ലിന് 41,689, ഐഡിയയ്ക്ക് 35,003 എന്നിങ്ങനെ കണക്‌ഷനുകളുടെ എണ്ണം കുറഞ്ഞതായും ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായി) റിപ്പോർട്ടിൽ വ്യക്തമാകുന്നു.

ഒരു കോടിയിലേറെ വരിക്കാരുള്ളത് ഐഡിയയ്ക്കും (1,27,57,000) ബിഎസ്എൻഎല്ലിനും (1,08,25,739) മാത്രം. വോഡഫോണും ഐഡിയയും ലയിച്ച് വോഡഫോൺ ഐഡിയ ലിമിറ്റഡ് ആയെങ്കിലും 2 കമ്പനികളായിത്തന്നെയാണു സേവനരംഗത്തുള്ളത്. വോഡഫോണിന് 77,45,232 വരിക്കാരുണ്ട്. നാലാം സ്ഥാനം എയർടെല്ലിൽനിന്ന് 2017 നവംബറിൽ‌ പിടിച്ചെടുത്ത ജിയോ അതിവേഗം വളരുകയാണ്. 65,01,146 വരിക്കാരുണ്ട്. എയർടെലിന് 50,97,537.

വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നിവയ്ക്ക് 1.32 ലക്ഷം വരിക്കാർ കുറഞ്ഞപ്പോൾ ജിയോയ്ക്ക് 1.78 ലക്ഷം പേരെ അധികം കിട്ടിയെന്നത് സെപ്റ്റംബറിലെ ശ്രദ്ധേയചലനമാണ്. സെപ്റ്റംബറിൽ സംസ്ഥാനത്ത് ഒരു ലക്ഷം പേർ മൊബൈൽ സേവനദാതാവിനെ മാറ്റാൻ (മൊബൈൽ നമ്പർ പോർട്ടബിലിറ്റി) അപേക്ഷ നൽകിയിരുന്നു. എന്നാൽ ഓരോ കമ്പനിയിൽനിന്നും എത്രപേർ മാറിയെന്നു വ്യക്തമല്ല.

ലാൻഡ്ഫോൺ 19  ലക്ഷം

സെപ്റ്റംബറിലെ കണക്കുപ്രകാരം സംസ്ഥാനത്ത് 4,33,17,159 മൊബൈൽ കണക്‌ഷനുള്ളപ്പോൾ ലാൻഡ്ഫോൺ 19,15,339 മാത്രം. ഓഗസ്റ്റിലെക്കാൾ 3914 എണ്ണം കുറഞ്ഞു. 18,13,189 കണക്‌ഷനും ബിഎസ്എൻ‌എല്ലിന്റേതാണ്. എയർടെലിന് 59,559 കണക്‌ഷനുണ്ട്.

ടെലി സാന്ദ്രതയിൽ മുന്നിൽ 

മൊബൈലും ലാൻഡ്ഫോണും ചേർത്ത് കേരളത്തിൽ 100 പേർക്ക് 125 കണക്‌ഷനുണ്ട്. ഡൽഹി(235), ഹിമാചൽ പ്രദേശ് (145), പഞ്ചാബ് (126) എന്നീ മേഖലകൾ മാത്രമാണു കേരളത്തെക്കാൾ ടെലി സാന്ദ്രതയുള്ളത്. ദേശീയ ശരാശരി 91.2 (1000 പേർക്ക് 912 കണക്‌ഷൻ).

രാജ്യത്ത് മൊബൈൽ കണക്‌ഷൻ 117 കോടി 

ഓഗസ്റ്റിൽ രാജ്യത്ത് 116.69 കോടി മൊബൈൽ കണക്​ഷനുണ്ടായിരുന്നത് സെപ്റ്റംബറിൽ 116.93 കോടിയായി. നഗരമേഖലയിൽ 64.77 കോടിയും ഗ്രാമമേഖലയിൽ 52.16 കോടിയുമാണുള്ളത്. 1000 പേർക്ക് 895 കണക്‌ഷൻ (89.5%) എന്നതാണ് ജനസംഖ്യയും മൊബൈൽ കണക്‌ഷനുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം.

ജിയോയ്ക്കുമാത്രം നേട്ടം

രാജ്യമൊട്ടാകെയായി റിലയൻസ് ജിയോയ്ക്ക് ഓഗസ്റ്റിലെക്കാൾ 1.30 കോടി വരിക്കാരെ അധികമായി കിട്ടിയപ്പോൾ മറ്റെല്ലാ കമ്പനികൾക്കും വരിക്കാർ കുറയുകയായിരുന്നു. എയർടെലിന് 23.6 ലക്ഷം, വോഡഫോണിന് 26.26 ലക്ഷം, ഐഡിയയ്ക്ക് 40.62 ലക്ഷം, ബിഎസ്എൻഎല്ലിന് 53.64 ലക്ഷം എന്നിങ്ങനെ വരിക്കാർ കുറഞ്ഞു.