Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രഷറി പലിശ കുറച്ചത് പെൻഷൻകാർക്ക് ആഘാതം

interest-rate

കൊച്ചി ∙ സർക്കാർ ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കു 2 മാസത്തിനിടെ 1 % കുറച്ചതു തിരിച്ചടിയാകുന്നതു പെൻഷൻകാർക്ക്. പുതുക്കിയ നിരക്ക് ജനുവരി ഒന്നിനു പ്രാബല്യത്തിലാകുന്നതോടെ, ട്രഷറി നിക്ഷേപങ്ങൾക്ക് അർബൻ സഹകരണ ബാങ്കുകൾ നൽകുന്നതിനേക്കാൾ കുറഞ്ഞ പലിശയേ ലഭിക്കൂവെന്നതാണു സ്ഥിതി.

‌അർബൻ ബാങ്കുകളിൽ മുതിർന്ന പൗരൻമാർക്ക് ഒരു വർഷത്തിനു മേലുള്ള നിക്ഷേപങ്ങൾക്കു ശരാശരി 8.5 – 8.75 % പലിശ ലഭിക്കുമ്പോൾ ട്രഷറിയിൽ 8 % മാത്രം. (സഹകരണ ബാങ്കുകളിലെ പലിശ നിരക്കുകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും)

∙ ട്രഷറി നിക്ഷേപം നടത്തിയിട്ടുള്ള അര ലക്ഷത്തോളം പേരിൽ ഭൂരിപക്ഷവും പെൻഷൻകാരാണ്. വിരമിച്ചപ്പോൾ ലഭിച്ച തുകയിൽ നിന്നുള്ള പലിശയാണു പലരുടെയും ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ആശങ്കയില്ലാതെ നിക്ഷേപിക്കാമെന്നതും പ്രതിമാസം നല്ലൊരു തുക പലിശയായി ലഭിക്കുമെന്നതുമായിരുന്നു ട്രഷറി നിക്ഷേപത്തിലേക്കു പെൻഷൻകാരെ ആകർഷിച്ചിരുന്നത്.

എന്നാൽ, 2 മാസത്തിനിടെ 2 തവണയായി 0.5 % വീതം പലിശ കുറച്ചതു പലർക്കും ഇരുട്ടടിയായി. ഒറ്റയടിക്കു പലിശ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുന്ന സ്ഥിതി. മക്കളുടെ വിവാഹം, അവരുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങി പല മോഹങ്ങളുടെയും അടിത്തറയാണു ട്രഷറിയിലെ സുരക്ഷിത നിക്ഷേപം. പക്ഷേ, പലിശ കുറയുന്നതോടെ കണക്കുകൂട്ടലുകൾ താളം തെറ്റും.

∙ റിസർവ് ബാങ്ക് പോലും പലിശ നിരക്കുകൾ കുറയ്ക്കാതിരിക്കെ, ട്രഷറി നിക്ഷേപത്തിന്റെ പലിശ കുറച്ചതു കടുംകൈ ആയെന്ന പരിഭവത്തിലാണു പെൻഷൻകാർ ഉൾപ്പെടെയുള്ള നിക്ഷേപകർ. എന്നാൽ, ദേശസാൽകൃത ബാങ്കുകളെക്കാൾ ഉയർന്ന നിരക്കാണു നൽകുന്നതെന്ന ന്യായമാണു ട്രഷറി വകുപ്പിനുള്ളത്.