Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം 99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽത്താഴെ നികുതി: പ്രധാനമന്ത്രി മോദി

Narendra Modi

മുംബൈ ∙ 99% ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക്, സേവന നികുതി (ജിഎസ്ടി) ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.

ജിഎസ്ടി തുടങ്ങിയപ്പോൾ, അതുവരെയുണ്ടായിരുന്ന എക്സൈസ്, വാറ്റ് നിരക്കുകൾ കണക്കിലെടുത്താണു നിരക്കു നിശ്ചയിച്ചത്. എന്നാൽ പിന്നീട് 28% എന്ന ഏറ്റവും ഉയർന്ന സ്ലാബിൽ ഏതാനും ആഡംബര ഉൽപന്നങ്ങൾ മാത്രമായി ചുരുക്കാൻ സാധിച്ചു. ഇതേ രീതിയിൽ നികുതി പരിഷ്കരണം മുന്നോട്ടു പോകും.

സംരംഭകർക്ക് ഏറ്റവും അനായാസമാകുന്ന വിധത്തിൽ ജിഎസ്ടി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. ജിഎസ്ടി വന്നതോടെ വിപണിയിൽ നിലനിന്നിരുന്ന പല അവ്യക്തതകളും ഒഴിവായി. സംവിധാനത്തിന്റെ കാര്യക്ഷമത ഉയരുകയാണ്. സമ്പദ് വ്യവസ്ഥ സുതാര്യമാകുന്നുണ്ടെന്നും മോദി പറഞ്ഞു.

ജിഎസ്ടി നികുതിഭാരം കുറച്ചതിന്റെ കണക്കുമായി ധനമന്ത്രാലയം

ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, ഗാർഹികാവശ്യത്തിനുള്ള വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയുടെ നികുതിഭാരം ജിഎസ്ടി വന്നതോടെ ഗണ്യമായി കുറഞ്ഞെന്നു ധനമന്ത്രാലയം. 31 ശതമാനത്തിലേറെയായിരുന്ന നികുതിയാണ് 18% ആയി കുറഞ്ഞത്. ഏറ്റവും ഉയർന്ന 28% സ്ലാബിൽ 34 ഉൽപന്നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.

മൊബൈൽ ഫോണുകളുടെ നികുതി ജിഎസ്ടിക്കു മുൻപ് 18–25% ആയിരുന്നത് 12% ജിഎസ്ടി ആയെന്നും ധനമന്ത്രാലയത്തിന്റെ വിശകലനത്തിൽ പറയുന്നു. ഫർണിച്ചറിന്റെ നികുതി 25–31% ആയിരുന്നത് ജിഎസ്ടിയിൽ 18% ആയി.

സിനിമാ ടിക്കറ്റിന്റെ നികുതി 35% ആയിരുന്നത് ഇപ്പോൾ 28%. പഞ്ചനക്ഷത്ര ഹോട്ടൽ മുറി വാടകയ്ക്ക് 30–50% ആയിരുന്നതും 28% ആയി.
ജിഎസ്ടി ഉന്നതാധികാര സമിതിയായ ജിഎസ്ടി കൗൺസിൽ ഈയാഴ്ച യോഗം ചേരുന്നുണ്ട്. ഉയർന്ന സ്ലാബുകളിലുള്ള ഉൽപന്നങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമമുണ്ടാകുമെന്നാണു സൂചന.