Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: ആദായ നികുതി റിട്ടേൺ നൽകാൻ വൈകിയവർക്കു കൂടുതൽ സമയം തേടാം

x-default

കൊച്ചി∙ പ്രളയം കാരണം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയവർക്കു കൂടുതൽ സമയം തേടി രണ്ടാഴ്ചയ്ക്കകം അപേക്ഷ നൽകാമെന്നും ഇവ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിടി) 2 മാസത്തിനകം നിയമസാധുതയോടെ തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സിബിഡിടി അപേക്ഷ പരിഗണിക്കുമ്പോൾ പ്രളയ ദുരന്തത്തിന്റെ സാഹചര്യം കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട കോടതി നിർദേശിച്ചു.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. ഈ സാവകാശം മതിയാവില്ലെന്നു ചൂണ്ടിക്കാട്ടി ആലുവയിലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. പ്രളയ ബാധിത മേഖലകളിൽ അക്കൗണ്ട് ഓഡിറ്റിങിനു കാലതാമസം നേരിട്ടു.

ജമ്മു കാശ്മീരിൽ സമാന സാഹചര്യത്തിൽ സമയപരിധി ഇളവു നൽകിയ കാര്യവും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. അവസാന തീയതിക്കു ശേഷവും പരിധി നീട്ടാൻ സിബിഡിടിക്ക് അധികാരമുണ്ടെന്നിരിക്കെ പ്രളയം പോലുള്ള കാരണമുണ്ടായിട്ടും അപേക്ഷകൾ നിരസിച്ചത് ഉചിതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഒക്ടോബർ 31 നു ശേഷം റിട്ടേൺ സമർപ്പിച്ചതിന്റെ പേരിൽ പിഴയൊടുക്കാനുള്ള നിർദേശം ലഭിച്ചവർക്കും അതൊഴിവാക്കാൻ അപേക്ഷ നൽകാം. പ്രളയബാധിത പ്രദേശങ്ങളിലെ അപേക്ഷകർക്കു വേണ്ടി കേരളത്തിൽ ക്യാംപ് സിറ്റിങ് നടത്തുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കോടതി നിർദേശിച്ചു.

related stories