Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5,000 മുടക്കിയാൽ 5 ലക്ഷം വരെ തട്ടാം; നമ്മുടെ എടിഎം വിവരങ്ങൾ വിൽപനയ്ക്ക്!

ATM Debit Card

തിരുവനന്തപുരം∙ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ‍ ചോർന്നതിനു പിന്നാലെ വ്യാജ എടിഎം കാർഡ് നിർമിക്കാനായി ആയിരക്കണക്കിനു മലയാളികളുടെ കാർഡുകളുടെ പിന്നിലുള്ള മാഗ്നെറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങളും ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക്. 20,000 രൂപ ബാലൻസ് ഉള്ള ഒരു കാർഡിലെ മാഗ്നെറ്റിക് സ്ട്രിപ്പിലെ വിവരങ്ങൾക്ക് 3,100 രൂപയാണ് വില. ഒരു ലക്ഷത്തിലധികം രൂപയുള്ള അക്കൗണ്ടാണെങ്കിൽ 17,500 രൂപ മുടക്കിയാൽ മതി. ഡാർക്നെറ്റ് വെബ്ബിലാണ് വിൽപ്പന തകൃതിയായി നടക്കുന്നത്. ഡേറ്റ വാങ്ങിയവർ പുതിയ കാർഡ് ഉണ്ടാക്കി പണം പിൻവലിക്കാൻ നോക്കുമ്പോൾ ബാലൻസ് ഇല്ലെങ്കിൽ മാസാവസാനം ശമ്പളം എത്തുന്ന തീയതി വരെ കാത്തിരിക്കാനാണ് തട്ടിപ്പുകാരുടെ നിർദേശം!

എടിഎം മെഷീനുകളിലും കടകളിൽ ഉപയോഗിക്കുന്ന പിഒഎസ് മെഷീനുകളിൽ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക സ്കിമ്മിങ് ഉപകരണങ്ങൾ ഉപയോഗിച്ച് ശേഖരിക്കുന്നതാണ് മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങൾ. ഇത് മറ്റൊരു കാർഡിലേക്ക് മാഗ്നെറ്റിക് സ്ട്രിപ് റീഡർ ആൻഡ് റൈറ്റർ എന്ന ഉപകരണം ഉപയോഗിച്ച് പകർത്തിയ ശേഷം എടിഎമ്മില്ലൂടെ പണം പിൻവലിക്കാം. സെക്യൂരിറ്റി ക്യാമറ, എടിഎമ്മിലെ കീപാഡിനു മുകളിൽ അനധികൃതമായി സ്ഥാപിക്കുന്ന കീലോഗറുകൾ എന്നിവയിൽ നിന്ന് തട്ടിയെടുത്ത പിൻ നമ്പറും വിവരങ്ങൾക്കൊപ്പമുണ്ടാകും. ജനുവരി ഒന്നു മുതൽ മാഗ്നെറ്റിക് കാർഡുകൾ ഉപേക്ഷിക്കാന്‍ റിസർവ് ബാങ്ക് തീരുമാനമുണ്ടെങ്കിലും ഇതു വരെ ഈ വിവരങ്ങൾ ഉപയോഗിച്ച് പലരുടെ പണം തട്ടിയെടുത്തിരിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധനായ യദു കൃഷ്ണൻ പറയുന്നു.

കാർഡ് പകർത്തുന്നത് ഇങ്ങനെ

1) എടിഎം, പിഒഎസ് എന്നിവയിൽ തട്ടിപ്പുകാർ സ്ഥാപിച്ച സ്കിമ്മറുകള്‍, കീലോഗറുകൾ എന്നിവയിൽ നിന്ന് മാഗ്നെറ്റിക് സ്ട്രിപ്പിലെ രഹസ്യവിവരങ്ങൾ, എടിഎം പിൻ എന്നിവ ശേഖരിക്കുന്നു. സ്കിമ്മിങ് തടയാനായി എടിഎമ്മുകൾ സ്ഥാപിച്ച സംവിധാനത്തെ അലൂമിനിയം ഫോയിൽ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ നിർജീവമാക്കുന്നു. സുരക്ഷാസംവിധാനത്തെ കബളിപ്പിക്കാൻ കാർഡിന്റെ പോലും കനമില്ലാത്ത ഡീപ് സ്കിമ്മറുകളുമുണ്ട്.

2) മാഗ്നെറ്റിക് സ്ട്രിപ്പുള്ള ഏതെങ്കിലും ഷോപ്പിങ് കാർഡ് എടുത്ത് അതിലെ വിവരങ്ങൾ മാഗ്നെറ്റിക് സ്ട്രിപ് റീഡർ ആൻഡ് റൈറ്റർ എന്ന ഉപകരണം ഉപയോഗിച്ച് മായിക്കുന്നു. പകരം സ്കിമ്മിങ്ങിലൂടെ തട്ടിയെടുത്ത ഡേറ്റ പകർത്തുന്നു. 5,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഉപകരണത്തിന്റെ വില.

3) പിൻ ഉൾപ്പടെയുള്ളതിനാൽ വ്യാജ കാർഡ് പിഒഎസിലും എടിഎമ്മിലും ഉപയോഗിച്ച് പണമിടപാട് നടത്താം.

related stories