ഓഹരി വിപണി; ഈ ആഴ്ച നിർണായകം

Stock-Market-23-05-2017
SHARE

കൊച്ചി ∙ ഓഹരി വിപണിയുടെ ഹ്രസ്വകാല ഗതിനിർണയത്തെ ഗണ്യമായി സ്വാധീനിക്കുന്നവയായിരിക്കും ഈ ആഴ്ച പുറത്തുവരുന്ന പല കണക്കുകളും തീരുമാനങ്ങളുമെന്നു നിരീക്ഷകർ കരുതുന്നു.നടപ്പു സാമ്പത്തികവർഷത്തിന്റെ മൂന്നാം ത്രൈമാസ (ക്യു 3) ത്തിലെ കോർപറേറ്റ് പ്രവർത്തനഫലങ്ങൾ നാളെ പുറത്തുവന്നുതുടങ്ങും. സെപ്‌റ്റംബറിൽ അവസാനിച്ച ക്യു 2 പ്രവർത്തനഫലങ്ങൾ വിപണിക്ക് ആവേശം പകരുന്നതായിരുന്നില്ല. എന്നാൽ ക്യു 3 ഫലങ്ങൾ മെച്ചപ്പെട്ടതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇരുപതോളം കമ്പനികളിൽനിന്നുള്ള പ്രവർത്തനഫലം ഈ ആഴ്‌ച പുറത്തുവരുന്നുണ്ട്.

ബാങ്കിങ്, ഐടി മേഖലകളിൽനിന്നുള്ള ഫലങ്ങളായിരിക്കും കൂടുതൽ ശ്രദ്ധേയമാകുക.ഇൻഡസ്‌ഇൻഡ് ബാങ്കിന്റെ പ്രവർത്തന ഫലം നാളെ പ്രഖ്യാപിക്കും. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫലം 11ന്. പ്രവർത്തന ഫലം വിലയിരുത്താൻ ടിസിഎസിന്റെ ബോർഡ് യോഗം 10നു ചേരുന്നു.ഇടക്കാല ലാഭവീതം ശുപാർശ ചെയ്യുന്ന കാര്യവും ബോർഡ് പരിഗണിക്കുന്നുണ്ട്. ഇൻഫോസിസിൽനിന്നുള്ള ഫലം 11 നു പുറത്തുവരുമെങ്കിലും അതു വിപണിയിൽ ഈ ആഴ്‌ചയിലെ ഇടപാടുകൾ അവസാനിച്ചശേഷം മാത്രമായിരിക്കും.

വിപണിക്കു നിർണായകമാകുന്ന മറ്റു ഘടകങ്ങൾ:

∙ആർബിഐ – എൻബിഎഫ്‌സി ചർച്ച. ബാങ്ക് ഇതര ധനസ്‌ഥാപനങ്ങൾ (എൻബിഎഫ്‌സി) പണലഭ്യതയിലെ കുറവു മൂലം പ്രയാസത്തിലാണെന്ന റിപ്പോർട്ടുകളുടെ പശ്‌ചാത്തലത്തിൽ അവയുടെ പ്രതിനിധികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ് ഇന്നു കൂടിക്കാഴ്‌ച നടത്തും. ഗവർണറുടെ പ്രതികരണം എൻബിഎഫ്‌സി ഓഹരികൾക്കു നിർണായകം.

∙ എൻഎംഡിസി ബോർഡ് യോഗം. ഓഹരികൾ തിരികെ വാങ്ങുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ നാഷനൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷന്റെ ബോർഡ് യോഗം ഇന്നു ചേരുന്നു.

∙യുഎസ് – ചൈന ഉന്നതതല യോഗം. വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായകമായ തീരുമാനങ്ങളാണു ബെയ്‌ജിങ്ങിൽ ഇന്ന് അവസാനിക്കുന്ന ചർച്ചയിൽ പ്രതീക്ഷിക്കുന്നത്.

∙ ജിഎസ്‌ടി കൗൺസിൽ യോഗം. 10നു ചേരുന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. നിർമാണത്തിലിരിക്കുന്ന പാർപ്പിടങ്ങൾക്കുള്ള നിരക്ക്, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്‌എംഇ) ക്കുള്ള ഒഴിവു പരിധി ഉയർത്തൽ എന്നിവ സംബന്ധിച്ച തീരുമാനങ്ങളിൽ വിപണിക്കു താൽപര്യമുണ്ട്.

∙യുഎസ്, ചൈന പണപ്പെരുപ്പ നില. യുഎസിലെയും ചൈനയിലെയും പണപ്പെരുപ്പത്തിന്റെ കണക്കുകൾ ഈ ആഴ്‌ച അറിയാം. രണ്ടും ആഗോളതലത്തിൽത്തന്നെ വിപണികൾക്കു പ്രധാനപ്പെട്ടതാണ്. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ നിരക്കു നിർണയ സമിതിയുടെ കഴിഞ്ഞ യോഗത്തിന്റെ മിനിട്‌സും ഈ ആഴ്‌ച പുറത്തുവരും.

∙വ്യവസായോൽപാദന സൂചിക. സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫിസ് (സിഎസ്‌ഒ) 11നു പ്രസിദ്ധീകരിക്കുന്ന ഈ സൂചികയ്‌ക്കു വിദേശ ധനസ്‌ഥാപനങ്ങളും വലിയ പ്രാധാന്യമാണു കൽപിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA