സ്റ്റാർട്ടപ് കോംപ്ലക്സ് ഉദ്ഘാടനം 13ന്

startup-ideas-1
SHARE

കൊച്ചി ∙ സംസ്ഥാനത്ത് നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ് 13ന്  11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ് മിഷന്റെ കളമശേരിയിലെ ടെക്നോളജി ഇന്നവേഷൻ സോണിലാണ്  (ടിസ്) 1.80 ലക്ഷം ചതുരശ്ര അടിയിൽ സമുച്ചയം തയാറാക്കിയിരിക്കുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് സ്ഥാപിച്ച മേക്കർ വില്ലേജ്, ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾക്കുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, കാൻസർ ചികിത്സാ ഗവേഷണങ്ങൾക്കുള്ള ഇൻകുബേറ്ററായ ബ്രിക്, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെയുള്ള ബയോടെക് സ്റ്റാർട്ടപ്പായ ബയോനെസ്റ്റ്, യൂണിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ ചേർന്നു രൂപം നൽകിയ മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് സമുച്ചയത്തിൽ പ്രവർത്തിക്കുക.

13.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ടെക്നോളജി ഇന്നവേഷൻ സോണിൽ സ്റ്റാർട്ടപ് മേഖലയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളായ ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും പുത്തൻ സാങ്കേതികവിദ്യകളുടെ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളും പ്രവർത്തിക്കും.സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഈ സ്ഥാപനങ്ങൾ നൽകും.വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ 5 ലക്ഷത്തോളം ചുതുരശ്ര അടി നിർമാണ മേഖലയുമായി രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് സംരംഭക പരീക്ഷണത്തിനും പ്രവർത്തനത്തിനും വേണ്ടി സമർപ്പിക്കപ്പെടുന്ന വർക്ക്-ലീവ്-പ്ലെ മേഖലയായി ഇതു മാറും.

വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ള നൂറോളം സ്റ്റാർട്ടപ്പുകൾ 3 ഇൻകുബേറ്ററുകളിലായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.മേക്കർ വില്ലേജിൽ ആരംഭിച്ച ഇലക്ട്രോണിക്സ് ഇൻകുബേറ്ററിൽ ഇലക്ട്രോണിക് ഹാർഡ് വെയർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 65 സ്റ്റാർട്ടപ്പുകൾ ഉണ്ട്.  ടിസിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനികൾ കഴിഞ്ഞ 12 മാസത്തെ പ്രവർത്തനങ്ങളിലൂടെ പേറ്റൻറിനായി 30 അപേക്ഷകൾ സമർപ്പിച്ച് ഇതിനെ രാജ്യത്തെ ഏറ്റവും വലിയ ബൗദ്ധിക സ്വത്തധിഷ്ഠിത ഇൻകുബേഷൻ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. വിവരങ്ങൾക്ക് : www.innovationzone.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA