സ്വർണം: റെക്കോർഡ് തകരാൻ ‘15 രൂപ മതി’

gold-bar
SHARE

കൊച്ചി∙ 15 രൂപ കൂടി ഉയർന്നാൽ കേരളത്തിൽ സ്വർണവില റെക്കോർഡ് മറികടക്കും. ഗ്രാമിന് 3,015 രൂപയാണ് ഇന്നലത്തെ വില. വില 3,030 രൂപയിലെത്തിയാൽ, 2012 നവംബർ 27ലെ റെക്കോർഡ് പഴങ്കഥയാകും. ഇന്നലെമാത്രം ഗ്രാമിന് 25 രൂപയാണ് ഉയർന്നത്. പവന് 200 രൂപ ഉയർന്നു വില 24,120 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും ആഭ്യന്തര വിപണിയിൽ ആവശ്യം ഉയരുന്നതാണു വില കൂടാൻ കാരണം. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യത്യാസവും സ്വർണവിലയെ ബാധിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും 71 നിലവാരത്തിൽ എത്തി. സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുന്നുണ്ട്.

പുതുവർഷത്തിൽ തിളക്കം

പുതുവർഷത്തിൽ സ്വർണവില കുതിക്കുകയാണ്. 23,440 രൂപയായിരുന്നു 2018 ഡിസംബർ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാൽ 15 ദിവസത്തിനുള്ളിൽ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വർധന. അതേസമയം ഡിസംബർ ആദ്യം 22,520 രൂപയായിരുന്നു സ്വർണവില. ഒന്നരമാസം കൊണ്ട് വർധന 1,600 രൂപ. വിവാഹ സീസണായതിനാൽ കച്ചവടക്കാരിൽ നിന്നും ഉപയോക്താക്കളിൽ നിന്നും ആവശ്യമേറിയതും വില കൂടാൻ കാരണമായി.

അന്ന് 1885 ഡോളർ, ഇന്ന് 1290

രാജ്യത്തു സ്വർണവില ഉയരുമ്പോഴും രാജ്യാന്തര വിപണിയിൽ കാര്യമായ ചലനമുണ്ടാകുന്നില്ല. ട്രോയ് ഔൺസിന് (31.1ഗ്രാം സ്വർണം) 1,290 ഡോളറാണു വില. അതേസമയം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളിൽ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു രൂപയുടെ മൂല്യം ഡോളറിന് എതിരെ 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയേക്കാൾ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാൻഡുമാണു രാജ്യത്തെ സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്.

ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വർണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളർ ശക്തമായി തുടരുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ 1,300 ഡോളർ കടക്കും മുൻപു തന്നെ കേരളത്തിൽ സ്വർണവില റെക്കോർഡ് തകർത്തു കുതിച്ചേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA