ജയ്റ്റ്ലിയുടെ ബജറ്റ്; പീയൂഷിന്റെ അവതരണം

piyush-jaitly
SHARE

ന്യൂഡൽഹി ∙ ജയ്റ്റ്‌ലിക്കു പകരം പീയൂഷ്? യുഎസിൽ ചികിത്സയ്ക്കു പോയ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി തിരിച്ചെത്താൻ വൈകിയാൽ ധനമന്ത്രാലയത്തിന്റെ ചുമതല റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു നൽകാൻ സാധ്യത. എൻഡിഎ സർക്കാരിന്റെ ഇടക്കാല ബജറ്റും അ‌ദ്ദേഹം അവത‌രിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിനാണു ബജറ്റ്.

തിരഞ്ഞെടുപ്പുവർഷ ബജറ്റിനു തൊട്ടുമുൻപു ധനമന്ത്രി ചികിത്സ‌യ്ക്കു പോയതു രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കു വഴിവച്ചിട്ടുണ്ട്. ചികിത്സ ഏതാനും ആഴ്ച പോലും മാറ്റിവ‌യ്ക്കാനാവില്ലെന്ന സൂചനയാണ് അതു നൽകുന്നത്. ബജറ്റിനു മുൻപ് അദ്ദേഹത്തിനു തി‌‌രിച്ചെത്താനായില്ലെങ്കിൽ ബദൽ മാർഗങ്ങൾ പരിഗണിക്കേണ്ടി വരുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വർഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോൾ ധനമന്ത്രാലയത്തിന്റെ ചുമതല പീയൂഷ് ഗോയലിനായിരുന്നു. ധനമന്ത്രാലയവുമായി ‌ബന്ധപ്പെട്ട് ‌പാർലമെന്റിൽ നടന്ന ചർച്ചകൾക്കും അദ്ദേഹം മറുപടി പറഞ്ഞിരുന്നു.


വൃക്ക മാറ്റിവയ്ക്കലിനുശേഷമുണ്ടാകാവുന്ന അണുബാധയെക്കുറിച്ചു ഡോക്ടർമാർ മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണു ജെയ്റ്റ്‌ലി മാസങ്ങളോളം ഔദ്യോഗിക കൃത്യങ്ങളിൽനിന്നു വിട്ടുനിന്നത്.

 തി‌രിച്ചെത്തിയപ്പോഴും ജനസമ്പർക്കം പരമാവധി കുറയ്ക്കണമെന്നു നിർദേശമുണ്ടായിരുന്നു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ജെയ്റ്റ്‌ലി വളരെ സജീവമായിരുന്നു. റഫാൽ ചർച്ചയിൽ കോൺഗ്രസിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാനിറങ്ങിയത് അദ്ദേഹമാണ്. ഇപ്പോഴത്തെ ചികിത്സ വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടതല്ലെന്നാണു സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA