കണ്ണൂർ വിമാനത്താവള വികസനം: 2000 കോടി കൂടി സമാഹരിക്കുന്നു

kannur-airport
SHARE

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാൽ) മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്തുന്നു.  ഇതിനായി 2000 കോടി രൂപ അധികം സ്വരൂപിക്കും. 100 രൂപ മുഖവിലയുള്ള 20 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ഓഹരിക്ക് മുഖവിലയേക്കാൾ കൂടുതൽ (പ്രീമിയം) വില നൽകേണ്ടിവരും. എത്രയെന്ന തീരുമാനം ഓഹരി ഉടമകളുടെ യോഗത്തിലുണ്ടാവും.  കുറഞ്ഞത് 500 എണ്ണമുള്ള (50000 രൂപ) ലോട്ടുകളായാണ് ഇതുവരെ ഓഹരികൾ നൽകിയിരുന്നത്. നിലവിൽ 1500 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം.

റൺവേയുടെ നീളം 3050ൽ നിന്ന് 4000 മീറ്ററാക്കൽ, പ്രതിരോധ സേനകൾക്കായി നീക്കിവെച്ച 83 ഏക്കർ ഭൂമിയുടെ വികസനം, ഏപ്രൺ വികസനം തുടങ്ങിയവയാണ് ഉടൻ തുടങ്ങാനുള്ള പ്രവൃത്തികൾ. 2414.65 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. നിലവിൽ 892 കോടി രൂപ ബാങ്ക് വായ്പയുള്ള കമ്പനി കൂടുതൽ വായ്പയെടുക്കാതെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിമാനത്താവളം പ്രവർത്തനം തുടങ്ങിയെങ്കിലും പ്രാരംഭ നാളുകളിൽ വരുമാനം കുറവായിരിക്കും എന്നതിനാൽ കൂടുതൽ വായ്പയെടുത്താൽ തിരിച്ചടവ് ബാധ്യതയാവും. ഈ സാഹചര്യത്തിലാണ് ഓഹരികൾ വഴി തുക കണ്ടെത്തുന്നത്.

അധിക മൂലധനം സ്വരൂപിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടുന്നതിനുള്ള അസാധാരണ പൊതുയോഗം ഇന്നു സാധു കല്യാണമണ്ഡപത്തിൽ നടക്കും.  കിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണു യോഗം. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനി എന്ന നിലയിൽ കിയാലിന്റെ അഡി. ഡയറക്ടർ ചുമതലയിലുള്ള മന്ത്രി ഇ.പി.ജയരാജനെ ഡയറക്ടറായി നിയമിക്കുന്നതിനുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കും. കമ്പനിയിൽ 50 കോടിരൂപ നിക്ഷേപിച്ച ഡോ.എം.പി.ഹസ്സൻകുഞ്ഞിയെ ഡയറക്ടറായി നിയമിക്കുന്നതിനുള്ള പ്രമേയവും അവതരിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA