ബിസിനസ് അനുകൂല സാഹചര്യം 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തും: മോദി

kollam-modi
SHARE

ഗാന്ധിനഗർ ∙ ബിസിനസ് അനുകൂല സാഹചര്യങ്ങളുടെ കാര്യത്തിൽ ലോകത്തിലെ 50 പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അടുത്ത വർഷം സ്ഥാനം നേടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. നിലവിൽ 77–ാം സ്ഥാനത്താണ് ഇന്ത്യ. നയങ്ങളും നടപടിക്രമങ്ങളും ലോക നിലവാരത്തിലേക്ക് ഉയർത്താൻ നിർദേശം നൽകിക്കഴിഞ്ഞു. പരിഷ്കരണങ്ങൾ നടപ്പാക്കിയും, തടസങ്ങൾ നീക്കിയും ലക്ഷ്യം കൈവരിക്കുമെന്നും മോദി പറഞ്ഞു. ഒൻപതാമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ആഗോള കമ്പനികൾ ഇന്ത്യയിൽ നടത്തുന്ന ഡേറ്റ കോളനിവൽക്കരണത്തിന് തടയിടണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പുതിയ ആസ്തിയാണ് ഡേറ്റ. ഇത് നിയന്ത്രിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ്. അല്ലാതെ ആഗോള കമ്പനികളല്ല. ഇന്ത്യയിൽ ബിസിനസ് നടത്തുന്ന കമ്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ ആഭ്യന്തരമായി ശേഖരിച്ചു വയ്ക്കണമെന്ന നിലപാട് മുൻപും അംബാനി വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സമ്മിറ്റിൽ വൻകിട കമ്പനികൾ മികച്ച നിക്ഷേപ വാഗ്ദാനങ്ങളാണ് നൽകിയത്. ആദിത്യ ബിർള ഗ്രൂപ്പ് 3 വർഷത്തിനുള്ളിൽ 15,000 കോടി രൂപ നിക്ഷേപിക്കും. നിലവിലുള്ള പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കുന്നതോടൊപ്പം ടെക്സ്ടൈൽസ്, കെമിക്കൽസ്, ഖനന രംഗത്തും പുതിയ നിക്ഷേപം നടത്തും. മാരുതി സുസുക്കിയുടെ മൂന്നാമത്തെ പ്ലാന്റ് 2020 ൽ പ്രവർത്തനസജ്ജമാകും.

ടോറന്റ് ഗ്രൂപ്പ് വൈദ്യുതി, പ്രകൃതി വാതകം മേഖലകളിൽ 10,000 കോടിയുടെ നിക്ഷേപം നടത്തും. നയറാ എനർജി എണ്ണ ശുദ്ധീകരണ രംഗത്ത് നടത്തുന്നത് 85 കോടി ഡോളറിന്റെ നിക്ഷേപമാണ്. റിലയൻസ് 10 വർഷത്തിനുള്ളിൽ 3 ലക്ഷം കോടിയും അദാനി 5 വർഷത്തിനുള്ളിൽ 55,000 കോടിയും നിക്ഷേപിക്കും. ലിഥിയം അയൺ ബാറ്ററി നിർമാണ യൂണിറ്റാണ് ടാറ്റാ സ്ഥാപിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA