ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ്: മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും

SHARE

കൊച്ചി ∙ രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി സ്റ്റാർട്ടപ് ഇൻകുബേറ്ററായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ ടെലികോം, വെർച്വൽ – ഓഗ്‌മെന്റഡ് റിയാലിറ്റി മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ (സെന്റർ ഓഫ് എക്സലൻസ്) ഒരുങ്ങുന്നു.
കളമശേരി കിൻഫ്ര ൈഹ ടെക് പാർക്കിലെ ടെക്നോളജി ഇന്നവേഷൻ സോണിൽ കഴിഞ്ഞയാഴ്ചയാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയാണു 2 സെന്ററുകളും സ്ഥാപിക്കുന്നത്.

∙ ബെംഗളൂരു ആസ്ഥാനമായ ഒപ്ടിക്കൽ ആൻഡ് ഡേറ്റ നെറ്റ്‌വർക് പ്രോഡക്ട്സ് കമ്പനിയായ തേജസ് നെറ്റ്‌വർക്സാണു ടെലികോം സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത്. പുതുതലമുറ ടെലികോം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണു ലക്ഷ്യം. കോളജ് വിദ്യാർഥികൾക്കും യുവ സംരംഭകർക്കും ഇലക്ട്രോണിക് സ്റ്റാർട്ടപ്പുകൾക്കും പരിശീലനം നൽകാനും നൈപുണ്യ വികസനത്തിനും സെന്ററിന്റെ സഹായം ലഭിക്കും. ടെറാ ബൈറ്റ് സ്കെയിൽ കമ്യൂണിക്കേഷൻസ്, ജിഗാബൈറ്റ് സ്കെയിൽ ബ്രോഡ്ബാൻഡ് ആക്സസ്, 5 ജി, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് നെറ്റ്‌‌വർക്കിങ് സംവിധാനങ്ങൾ തേജസ് നെറ്റ്‌വർക്സ് ഒരുക്കും.

∙  വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) മേഖലകളിൽ കേരളത്തിൽ മികച്ച സാങ്കേതിക പശ്ചാത്തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ് മിഷനും യുഎസ്എ ആസ്ഥാനമായ യൂണിറ്റി ടെക്നോളജീസും സഹകരിച്ചാണു വിആർ – എആർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത്.

സ്മാർട് ഫോൺ, പഴ്സനൽ കംപ്യൂട്ടർ, വിആർ – എആർ ഹാർഡ്‌വെയർ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളും ഗെയിമുകളും വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം സ്റ്റാർട്ടപ്പുകൾക്കു ലഭ്യമാക്കുകയാണു സെന്റർ ഓഫ് എക്സലൻസിന്റെ ദൗത്യം. വിദ്യാർ‍ഥികൾക്കും ഉദ്യോഗസ്ഥർക്കും വിആർ – എആർ അധിഷ്ഠിത ഉപകരണങ്ങളിൽ പരിശീലനവും സെന്റർ ലഭ്യമാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA