വ്യോമഗതാഗതം: വലിയ ലക്ഷ്യങ്ങൾ

flight
SHARE

ഇന്ത്യയെ ആഗോള വ്യോമഗതാഗത ഹബ് ആക്കി മാറ്റാൻ കേന്ദ്ര സർക്കാർ പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത 20 വർഷത്തേക്കുള്ള വ്യോമഗതാഗതമേഖലയുടെ  വികസനത്തിനായി റോഡ്മാപ് തയാറാക്കി. 2040ആകുമ്പോഴേക്ക് പ്രതിവർഷം 112 കോടി വിമാന യാത്രക്കാരുള്ള വലിയ വ്യോമഗതാഗത മേഖലയായി ഇന്ത്യയെ വളർത്തുകയാണു ലക്ഷ്യം.

ഇക്കഴിഞ്ഞ സാമ്പത്തികവർഷം 18.7 കോടി യാത്രക്കാരുമായി ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ വ്യോമഗതാഗതവിപണിയായി ഇന്ത്യ വളർന്നിരുന്നു. രാജ്യത്തിനകത്തും ഇവിടെനിന്നു പുറത്തേക്കും പുറത്തുനിന്ന് ഇവിടേക്കും സഞ്ചരിച്ച യാത്രക്കാരുടെ കണക്കാണിത്. 2040 ആകുമ്പോഴേക്ക് ഇത് ആറു മടങ്ങായി വളരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

രാജ്യത്ത് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾ നിലവിൽ 660 വിമാനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് 2360 ആയി ഉയരും. ഇന്ത്യയിൽത്തന്നെ വിമാനങ്ങൾ പാട്ടത്തിനു നൽകുന്ന കമ്പനികൾ പ്രവർത്തനം ആരംഭിക്കും. രാജ്യത്ത് 99 വിമാനത്താവളങ്ങളാണ് ഇപ്പോൾ വാണിജ്യസർവീസുകൾ നടത്തുന്നതിനായി പ്രവർത്തിക്കുന്നത്. ഇത് 200 ആയി ഉയരും. 33 പ്രമുഖ നഗരങ്ങളിൽ ഇപ്പോഴത്തേതിനുപുറമേ, പുതിയ വിമാനത്താവളങ്ങളും ഉയരും.

വ്യോമഗതാഗത മേഖലയ്ക്ക് വൻതോതിൽ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുണ്ടെന്നും വിഷൻ രൂപരേഖ ചൂണ്ടിക്കാട്ടുന്നു. വ്യോമഗതാഗത അനുബന്ധ വ്യവസായങ്ങൾക്കെല്ലാം കുറഞ്ഞ ജിഎസ്ടി ഏർപ്പെടുത്തണം. വിമാനത്താവള നിർമാണം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, വ്യോമസുരക്ഷാ മേഖല, ഗ്രൗണ്ട് ഹാൻഡ് ലിങ് തുടങ്ങിയ മേഖലകളെല്ലാം കുറഞ്ഞ ജിഎസ്ടി പരിധിക്കുള്ളിൽ കൊണ്ടുവരണം. വിമാനഇന്ധനവും ജിഎസ്ടി പരിധിയിലേക്കു മാറ്റണമെന്ന് രൂപരേഖ ആവശ്യപ്പെടുന്നുണ്ട്.

∙ 2040ൽ യാത്രക്കാരുടെ എണ്ണം 112 കോടി.

∙ വിമാനത്താവളങ്ങളുടെ എണ്ണം 99ൽ നിന്നും 200 ആകും.

∙ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ മൂന്ന് വിമാനത്താവളങ്ങൾ വീതം ആകും.

∙ 31 നഗരങ്ങളിൽ രണ്ടാം വിമാനത്താവളങ്ങൾ.

∙ അടിസ്ഥാന സൗകര്യ വികസനത്തിന് വരുന്ന ചെലവ് 3.5 ലക്ഷം കോടി രൂപ

∙ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 2360 ആകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA