മൈക്രോഫിനാൻസ്: ദാരിദ്ര്യമകറ്റാൻ, ശാക്തീകരിക്കാൻ

mycro-finance
SHARE

പത്തോ പതിനായിരമോ രൂപ ബാങ്കിൽനിന്നു വായ്പയെടുത്താൽ തിരിച്ചടവു നിങ്ങളുടെ തലവേദന; വായ്പ കോടികളാണെങ്കിലോ, തലവേദന ബാങ്കിനാകും. വായ്പ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാർ ആത്മഹത്യയിലേക്കുവരെ നീങ്ങുമ്പോൾ, ശതകോടികളുടെ വായ്പയെടുത്ത വമ്പന്മാർ അങ്ങനെയൊന്നും ടെൻഷനടിക്കുന്നില്ല.

ചെറുകിട വായ്പക്കാരാണു തിരിച്ചടവിൽ കൂടുതൽ ശുഷ്കാന്തി കാട്ടുന്നതെന്നതിൽ സംശയമേയില്ല. ചെറുകിടക്കാരുടെ ഈ ആത്മാർഥതയാണ് ഇന്ത്യയിൽ ‘മൈക്രോഫിനാൻസ്’ വൻ വിജയമാകാനുള്ള കാരണം. വായ്പയെടുത്താൽ അതു കൃത്യമായി ഉപയോഗപ്പെടുത്താനും തിരിച്ചടയ്ക്കാനും സ്ത്രീകൾ പുരുഷന്മാരെക്കാൾ സൂക്ഷ്മത പുലർത്തുന്നു എന്നും പറയാനാകും. അതുകൊണ്ടുതന്നെ, രാജ്യത്തെ മൈക്രോഫിനാൻസ് വായ്പകളുടെ 95 ശതമാനവും കിട്ടിയിരിക്കുന്നത് സ്ത്രീകൾക്കാണ്.

സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ദാരിദ്ര്യത്തിൽനിന്നു പിടിച്ചുയർത്താൻ 20 വർഷമായി മൈക്രോഫിനാൻസ് രംഗം പ്രയത്നിക്കുന്നു. ലാഭക്ഷമത നിലനിർത്തിക്കൊണ്ടുതന്നെ സമൂഹത്തിലെ പട്ടിണി മാറ്റുക എന്നതാണ് മൈക്രോഫിനാൻസിന്റെ അടിസ്ഥാനം. സ്വയം തൊഴിൽ കണ്ടത്തുന്ന സ്ത്രീകൾ, കാർഷിക അനുബന്ധ ജോലികളിലേർപ്പെടുന്നവർ, ചെറുകിട ബിസിനസ് സംരംഭകർ തുടങ്ങി സമ്പദ്‌വ്യവസ്ഥയുടെ താഴേത്തട്ടിലുള്ളവരാണ് ഗുണഭോക്താക്കൾ.

കഴിഞ്ഞ സെപ്റ്റംബറിലെ കണക്കു പ്രകാരം, രാജ്യത്താകെ 7.75 ലക്ഷം പേരാണ് മൈക്രോ വായ്പകൾ എടുത്തിട്ടുള്ളത്. മൊത്തം വായ്പ 1,46,000 കോടി രൂപ. ഒരു വർഷം മുൻപ് 97,000 കോടിയായിരുന്നു. 50% വർധനയാണു കഴിഞ്ഞ വർഷം നേടിയത്.

വായ്പ 5,000 മുതൽ

5,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഇപ്പോൾ മൈക്രോവായ്പയായി കിട്ടുക. ഇതിൽ ചെറിയ തുക അടിയന്തര ചികിൽസ പോലെയുള്ള ആവശ്യങ്ങൾക്കും വലിയ തുക എന്തെങ്കിലും വരുമാനസൃഷ്ടിക്കുതകുന്ന പ്രവർത്തനങ്ങൾക്കുമാണു കിട്ടുക. ഒന്നോ രണ്ടോ വർഷത്തിൽ തിരിച്ചടയ്ക്കണം; പലിശ 20%– 24%.

സാധ്യതയേറെ

മൈക്രോഫിനാൻസ് രംഗത്തു വൻ വളർച്ച ദൃശ്യമാണെങ്കിലും ഇനിയും ഏറെ ദൂരം താണ്ടാനാകും. മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനത്തിൽത്താഴെയേ മൈക്രോഫിനാൻസ് വരുന്നുള്ളൂ.

പലിശനിരക്ക് 20–24% എന്നത് 15–16% ആയി താഴ്ത്തണമെന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. നടപടികളുടെ നൂലാമാലകളില്ലാതെ വായ്പ കിട്ടുകയും വേണം. കിട്ടാക്കട സാധ്യത കുറവായതിനാൽ ഈ രംഗത്തേക്കു വായ്പ നൽകാൻ ബാങ്കുകൾക്കു സന്തോഷമായിരിക്കും.ബാങ്കുകളിൽനിന്നു മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ വഴിയാണു വായ്പ ഗുണഭോക്താക്കളിലേക്ക് എത്തുക.

കൈത്താങ്ങ് ആവശ്യമുള്ള മുൻഗണനാവിഭാഗങ്ങൾക്കു വായ്പാസഹായം എത്തിക്കുന്നതിന് ബാങ്കുകളും മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്കിതര ധനസ്ഥാപനങ്ങളും (എൻബിഎഫ്സി) സഹകരിക്കുന്നതുസംബന്ധിച്ച് റിസർവ് ബാങ്ക് ഈയിടെ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.   

മൈക്രോ ഫിനാൻസ്: വായ്പ ഇങ്ങനെ

യോഗ്യത

∙ 18നും 59നും മധ്യേ പ്രായമുള്ളവർക്ക് ലഭിക്കും. ഉപയോക്താവും ജീവിതപങ്കാളിയും സാമ്പത്തികമായി സജീവമായവരും കുടുംബവരുമാനത്തിനു സംഭാവന നൽകുന്നവരുമായിരിക്കണം. രൂപീകരിക്കപ്പെട്ട ഒരു സംഘത്തിലെ അംഗം എന്ന നിലയ്ക്കാണു വായ്പ.
∙ ഗ്രൂപ് ഗാരന്റിയാണു വായ്പയ്ക്കുള്ളത്. സംഘത്തിലെ മറ്റുള്ളവർ എടുക്കുന്ന വായ്പയ്ക്ക് ജാമ്യം നിൽക്കാൻ തയാറുള്ളവർക്കേ വായ്പ എടുക്കാനുമാവൂ.
∙ അര കിലോമീറ്റർ ചുറ്റളവിലുള്ളവരായിരിക്കണം സംഘത്തിലെ അംഗങ്ങളെല്ലാം. എല്ലാവരും പരസ്പരം അറിയുന്നവരുമായിരിക്കണം.
∙ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കണമെന്നു നിർബന്ധം.
∙ 2 മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്ത്, അടച്ചുതീർക്കാനുള്ളവർക്കു പുതിയ വായ്പ കിട്ടില്ല. എന്നാൽ ഒരു മൈക്രോഫിനാൻസ് വായ്പയേ നിലവിലുള്ളൂ എങ്കിൽ രണ്ടാമതൊരു വായ്പ ലഭിക്കും.
∙ ഒരു കുടുംബത്തിൽ ഒരു വായ്പ മാത്രം. സഹോദരിമാരോ അമ്മയും മകളുമോ അമ്മായിയമ്മയും മരുമകളുമോ വെവ്വേറെ വീടുകളിലായി താമസിക്കുന്നവരാണെങ്കിൽ (പാചകം ഉൾപ്പെടെ പ്രത്യേകം പ്രത്യേകം) ഇരുവർക്കും വായ്പയ്ക്ക് അർഹതയുണ്ട്. എന്നാൽ അവർ ഒരേ സംഘത്തിൽ അംഗങ്ങളായിരിക്കരുത്.

ഈ നിബന്ധനകൾ പാലിക്കുന്ന സംഘങ്ങളുണ്ടാക്കുകയാണ് മൈക്രോഫിനാൻസ് വായ്പ ലഭിക്കാനുള്ള ആദ്യപടി. വായ്പായോഗ്യതയും തിരിച്ചറിയൽ രേഖകളും പരിശോധിക്കും. തുടർന്ന്, 3 ദിവസത്തെ നിർബന്ധിത പരിശീലനവുമുണ്ട്. സംഘത്തിന്റെ പ്രവർത്തനരീതിയും ലക്ഷ്യവും, വായ്പ എന്തിനുവേണ്ടി, തിരിച്ചടവ് എങ്ങനെവേണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതാണിത്.

പരിശോധന

വായ്പയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് മൈക്രോഫിനാൻസ് സ്ഥാപനം അപേക്ഷകരുടെ വീടും പരിസരവും സന്ദർശിച്ച് ഉറപ്പാക്കും. തിരിച്ചവുശേഷി മനസ്സിലാക്കാനുമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA