ചാനല്‍ തിരഞ്ഞെടുക്കാൻ 10 ദിവസം കൂടി

chanel
SHARE

കൊച്ചി∙ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുക്കാനും, ഉപയോഗിക്കുന്ന ചാനലുകൾക്കു മാത്രം പണം നൽകാനും അവസരമൊരുക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി   (TRAI)യുടെ പുതിയ ചട്ടം പ്രാബല്യത്തിലാകാൻ ഇനി 10 ദിവസം കൂടി. ഫെബ്രുവരി ഒന്നിനു നിലവിൽവരുന്ന പുതിയ സംവിധാനത്തിലേക്ക് ചാനലുകൾ തിരഞ്ഞെടുത്ത ഉപയോക്താക്കളുടെ എണ്ണം 10 ശതമാനത്തിൽ താഴെയാണ്. ആശയക്കുഴപ്പം മാറാത്തതാണു കാരണം. ചാനലുകളുടെ വിലയും ചാനൽ ഉടമകൾ പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകളും (ബൊക്കെകൾ) ചേർന്നുള്ള പട്ടിക പല സേവനദാതാക്കളും ഉപയോക്താക്കളിൽ എത്തിച്ചിട്ടുണ്ട്.

ഇതിൽ സൗജന്യ ചാനലുകളും (74 ഫ്രീ ടു എയർ ചാനലുകൾ) പേ ചാനലുകളും ബൊക്കെകളും ടിക് ചെയ്തു നൽകിയാൽ മതിയാകും.
സേവനദാതാക്കളുടെ വെബ്സൈറ്റിലൂടെയും പുതിയ സംവിധാനത്തിലേക്കു മാറാം.130 രൂപയുടെ അടിസ്ഥാന പായ്ക്കിൽ പേ ചാനലുകളും ഉൾപ്പെടുത്തണമെന്ന് ട്രായ് നിർദേശിച്ചിട്ടുണ്ടെങ്കിലും എത്ര ചാനലുകൾ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ തീരുമാനത്തിനെതിരെ ചില ഡിടിഎച്ച് സർവീസുകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 പുതിയ സംവിധാനം വരുമ്പോൾ

പുതിയ സംവിധാനത്തിൽ 100 ചാനലുകളാണ് 154 രൂപ (130 രൂപയും ജിഎസ്ടിയും ചേർന്ന്) മാസവരിസംഖ്യയ്ക്കു ലഭിക്കുന്നത്. ഇതിൽ 26 ദൂരദർശന്റെ ചാനലുകളാണ്. ബാക്കി 74 എണ്ണം ഉപയോക്താക്കൾക്കു തിരഞ്ഞെടുക്കാം. കേബിൾ, ഡിടിഎച്ച് സേവനദാതാക്കൾക്ക് 25 സൗജന്യ ചാനലുകളുടെ ബൊക്കെകൾ നൽകാനാകും. ഇതിന് 20 രൂപയാണ് സാറ്റലൈറ്റ് കപ്പാസിറ്റി ഫീസ് ആയി നൽകേണ്ടത്.

ഇതും ആവശ്യമെങ്കിൽ ഉപയോക്താക്കൾക്കു തിരഞ്ഞെടുക്കാം. ഇത്തരത്തിൽ 170 (നികുതിക്കു പുറമേ) രൂപയുടെ വരെ പാക്കേജ് സേവനദാതാക്കൾക്കു നൽകാനാകും. ചാനലുകളുടെ തിരഞ്ഞെടുപ്പിൽ ഉപയോക്താവിനു പൂർണ സ്വാതന്ത്ര്യം നൽകുന്ന, ചാനൽ വിലകളിൽ സുതാര്യത ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം മാസവരിസംഖ്യയിൽ കുറവുവരുത്തുമെന്ന് ട്രായി ഉറപ്പു നൽകുന്നു. എന്നാൽ കൂടുതൽ പേ ചാനലുകൾ ആവശ്യമായി വരുന്ന ഉപയോക്താക്കൾക്കു നിരക്കു കൂടുകയും ചെയ്യും.

 വില എങ്ങനെ അറിയാം

ഡിടിഎച്ച് സേവനദാതാക്കളും കേബിൾ ഓപ്പറേറ്റർമാരും ഓരോ ചാനലിന്റെയും വില ഉപയോക്താക്കൾക്കു നൽകണം. ഡിടിഎച്ച് സർവീസുകൾ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡിലും (ഇപിജി) കേബിൾ ഓപ്പറേറ്റർമാർ സെറ്റ്ടോപ് ബോക്സിന്റെ മെനു ലിസ്റ്റിലും ചാനലിന്റെ വില പ്രസിദ്ധീകരിക്കണം.   കേബിൾ ടിവിയിൽ ഓരോ ചാനൽ മാറ്റുമ്പോഴും ടിവി സ്ക്രീനിന്റെ താഴെ ലഭിക്കുന്ന ബാറിൽ ചാനലിന്റെ പേരിനൊപ്പം സൗജന്യ ചാനലെന്നോ പേ ചാനലാണെങ്കിൽ അതിന്റെ വിലയോ ഇപ്പോൾ നൽകുന്നുണ്ട്.    ചാനലുകളുടെ വിലയടങ്ങിയ ലിസ്റ്റ് ഓപ്പറേറ്റർമാർ വിതരണം ചെയ്യണമെന്നും ട്രായി നിർദേശിക്കുന്നുണ്ട്.

ഉപയോക്താക്കൾ ചെയ്യേണ്ടത്

 ഓപ്പറേറ്റർമാർ ചാനൽ, ബൊക്കെ ലിസ്റ്റുകൾ നൽകിയിട്ടുണ്ടെങ്കിൽ ആവശ്യമുള്ള ചാനൽ തിരഞ്ഞെടുത്ത് ലിസ്റ്റ് പൂരിപ്പിച്ചു നൽകുക. ബൊക്കെകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉപയോക്താവിനുണ്ട്. ചാനലുകളുടെ വിലകളും ചാനൽ ഉടമകൾ പ്രഖ്യാപിച്ച ബൊക്കെകളും ഈ ലിസ്റ്റിൽ ഉണ്ടാകും. ബൊക്കെകളല്ലാതെയും പേ ചാനലുകൾ തിരഞ്ഞെടുക്കാം. ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ആവശ്യപ്പെടാം. ആവശ്യാനുസരണം ചാനൽ മാറ്റിയെടുക്കാനും  അവസരമുണ്ട്. ഒരു പേ ചാനലിന്റെ പരമാവധി വില 19 രൂപയാണ്.

 ഓൺലൈനായും ചാനലുകൾ തിരഞ്ഞെടുക്കാം. സേവനദാതാക്കളുടെ (കേബിൾ, ഡിടിഎച്ച്) വെബ്സൈറ്റിൽ ചാനൽ വിവരങ്ങൾ ലഭ്യമാണ്. മാസവരിസംഖ്യ മുൻകൂറായി അടയ്ക്കാം. സേവനദാതാക്കളുടെ കസ്റ്റമർകെയർ സർവീസിൽ വിളിച്ചും പുതിയ സംവിധാനത്തിലേക്കു മാറാം.  സീസണലായി ചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഉദാഹരണത്തിന് ഉയർന്ന നിരക്കുള്ള സ്പോർട്സ് ചാനലുകൾ കളി നടക്കുന്ന പ്രത്യേക സമയത്തേക്കു മാത്രമായി തിരഞ്ഞെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA