‘ചൈന-യുഎസ് വ്യാപാര തർക്കം താൽക്കാലികം’

business-sabathika-foram
SHARE

ദാവോസ്∙ ചൈനയും യുഎസും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കം താൽക്കാലിക പ്രതിഭാസമാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യതയുണ്ടെന്നും ചൈന റെയിൽവേ റോളിംഗ് സ്റ്റോക് കോർപറേഷൻ (സിആർആർസി) വൈസ് പ്രസിഡന്റ് സൺ യോങ് സായി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ളതും റെയിൽവെ സംബന്ധിയായ ഉപകരണങ്ങൾ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നുമാണ് സിആർആർസി.

പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുകയാണ്. ഉഭയ സമ്മതത്തോടെയുള്ള തീരുമാനം അടുത്തു തന്നെ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഡപ്യൂട്ടി സെക്രട്ടറി കൂടിയായ സൺ യോങ് പറഞ്ഞു. ഷിക്കാഗോയിലും മസാച്യുസിറ്റ്സിലും റെയിൽവെ വാഗൺ നിർമാണ കേന്ദ്രങ്ങളുള്ള സിആർആർസി ലൊസാഞ്ചലസ്, ഷിക്കാഗോ, ബോസ്റ്റൺ എന്നീ നഗരങ്ങളിലേക്ക് വാഗണുകൾ നിർമിക്കുന്നതിനുള്ള കരാർ നേടിയതിന്റെ പശ്ചാത്തലത്തിൽ ഈ പരാമർശം ഏറെ ശ്രദ്ധേയമാണ്.

തർക്കങ്ങൾ നീണ്ടുപോകുകയാണെങ്കിൽ സിആർആർസിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധി നേരിടും. തർക്കത്തെത്തുടർന്ന് ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചയായ 6.6 ശതമാനമാണ് കഴിഞ്ഞവർഷം ചൈനക്കുണ്ടായത്. 28 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. വ്യാപാര തർക്കം നീളുകയാണെങ്കിൽ ആഗോള സമ്പദ്ഘടനയെത്തന്നെ ഇതു ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നത്.

സ്മാർട്സിറ്റികൾ വളർച്ചയ്ക്ക് അനിവാര്യം: അമിതാഭ് കാന്ത്

ഇന്ത്യൻ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നഗരവൽകരണം നിർണ്ണായകമായ പങ്കാണു വഹിക്കുന്നതെന്നു നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അമിതാഭ് കാന്ത് പറഞ്ഞു. സാമ്പത്തിക പരിഷ്കാര നടപടികളുടെ തുടർച്ച, അടിസ്ഥാന സൗകര്യ വികസനം എന്നിവ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു കാരണമാകുന്നുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) കോടക് മഹീന്ദ്ര ബാങ്കും നിക്ഷേപകർക്കായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഐഎംഎഫ് റിപ്പോർട്ട് പ്രകാരമുള്ള 7.5% വളർച്ച ഇന്ത്യ മറികടക്കാൻ സാധ്യതയുണ്ട്. ആഗോള സാമ്പത്തിക രംഗം സമ്മർദം നേരിടുമ്പോൾ ഇന്ത്യൻ സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്ന ഐഎംഎഫ് പ്രവചനം സത്യമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 സ്മാർട് സിറ്റികൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക വളർച്ചയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ഭരണ നിർവഹണത്തിന്റെയും വ്യവസായത്തിന്റെയും സുഗമമായ നടത്തിപ്പിനു സാങ്കേതിക വിദ്യ വൻതോതിൽ രാജ്യം ഉപയോഗപ്പെടുത്തുകയാണെന്നും അമിതാഭ് കാന്ത് പറഞ്ഞു. ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനു സംസ്ഥാനങ്ങൾ തമ്മിൽ കടുത്ത മൽസരമാണ് നടക്കുന്നതെന്നു വ്യവസായ നയ, വികസന വിഭാഗം (ഡിഐപിപി) സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമ്പത്തിക പരിഷ്കാര നടപടികൾക്ക് അനുകൂലമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജിയും ഒട്ടേറെ വിദേശ നിക്ഷേപകരും ചർച്ചയിൽ പങ്കെടുത്തു.

ദാവോസിൽ കേരളത്തിന്റെ ഹർത്താലും

കേരളത്തിൽ അടിക്കടി നടക്കുന്ന ഹർത്താലുകൾ ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചാ വിഷയമായി. സിഐഐയും കോടക് മഹീന്ദ്ര ബാങ്കും സംഘടിപ്പിച്ച ചർച്ചയ്ക്കിടെ ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധിയാണ് പ്രശ്നം ഉന്നയിച്ചത്. വ്യവസായിയും സിഐഐ ഗൾഫ് കമ്മിറ്റി ചെയർമാനുമായ എം.എ.യൂസഫലി കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങൾ വിശദമാക്കുന്നതിനിടയിലാണ് ഇടക്കിടെയുള്ള ഹർത്താലുകൾ കാരണം നിക്ഷേപകരെ എങ്ങനെയാണ് ആകർഷിക്കുകയെന്ന ചോദ്യം ഉയർന്നത്.

തന്റെ ജീവനക്കാരൻ അവധിയിൽ പോയി തിരിച്ച് വരാൻ താമസിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഹർത്താൽ മൂലം യാത്ര മുടങ്ങിയെന്ന മറുപടി കിട്ടിയത്. ഇതു സംബന്ധിച്ച് വിശദമായി തിരക്കിയപ്പോഴാണ് കേരളത്തിലെ ഹർത്താലുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ആഗോള നിക്ഷേപകർ സംസ്ഥാനത്തെത്താൻ വൈമുഖ്യം കാട്ടുമെന്നും ബ്രിട്ടീഷ് പ്രതിനിധി പറഞ്ഞു.
ഹർത്താലുകൾ യാഥാർഥ്യമാണെന്നും എന്നാൽ ഇപ്പോൾ ഹർത്താലുകൾക്കെതിരായ മനോഭാവമാണ് പൊതുവേ സംസ്ഥാനത്തുള്ളതെന്നും യൂസഫലി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഭാവിയിൽ ഇത്തരത്തിലുള്ള ഹർത്താലുകൾ ഉണ്ടാകില്ല. എന്നിരുന്നാലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാകാൻ പരിശ്രമിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഏറെ അനുകൂലമാണെന്നു യൂസഫലി ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA