സർ, 2000 കോടിയുടെ ആ ഓഖി പാക്കേജ് എവിടെ...?

Cyclone-Ockhi
SHARE

ഓഖി ചുഴലിക്കാറ്റിനു പിന്നാലെയായിരുന്നു കഴിഞ്ഞ സംസ്ഥാന ബജറ്റ്. ബജറ്റ് പ്രസംഗത്തിലെ മൂന്നാം ഖണ്ഡികയിൽ മന്ത്രി ടി.എം. തോമസ് ഐസക് ഒരു വമ്പൻ പ്രഖ്യാപനം നടത്തി.‘‘സർ, തീരദേശത്തിന് 2000 കോടി രൂപയുടെ ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നു’’
അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ടു നാൾ മാത്രം ബാക്കി. കഴിഞ്ഞ ബജറ്റിലെ പണം ചെലവിടാൻ ശേഷിക്കുന്നത് രണ്ടു മാസവും.

മൽസ്യത്തൊഴിലാളികൾക്കും തീരേദേശ വാസികൾക്കുമായുള്ള ഐസക്കിന്റെ 2000 കോടിയുടെ പാക്കേജ് എന്തായി? കഴിഞ്ഞ ജൂലൈയിൽ നിയമസഭയിൽ ഉയർന്ന ഇൗ ചോദ്യത്തിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നൽകിയ മറുപടി കേൾക്കൂ– ‘പാക്കേജ് രൂപീകരിക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് തയാറാക്കി വരുന്നു.’’

6 മാസത്തിനു ശേഷം ഇന്നലെ വീണ്ടും തിരക്കിയപ്പോൾ ഫിഷറീസ് വകുപ്പ് തന്ന ‘വിലപ്പെട്ട’ വിവരം ‘‘പാക്കേജിനായി വിശദമായ സർവേ റിപ്പോർട്ട് തയാറാക്കാൻ സ്വകാര്യ കൺസൽറ്റൻസിയെ ഏൽപ്പിച്ചിട്ടുണ്ട്’’സമീപകാലത്തെ ഇൗ ഏറ്റവും വലിയ വികസന പാക്കേജ് നടപ്പാക്കാൻ മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. ആ സമിതിയാകട്ടെ വിശദമായ സർവേ നടത്താൻ ഒരു സ്വകാര്യ കമ്പനിക്കു ചുമതല മറിച്ചു നൽകി. സർവേയും നടന്നില്ല, പദ്ധതി രേഖ തയ്യാറായുമില്ല. ഇനി പാക്കേജ് തട്ടിക്കൂട്ടി, അനുമതികൾ വാങ്ങി, അംഗീകരിച്ച് നടപ്പാക്കാറാകുമ്പോഴേക്കും സർക്കാരിന്റെ കാലാവധി കഴിയും. പുതിയ ബജറ്റിലും നമ്മൾ കാത്തിരിക്കുന്നത് ഇതുപോലെ സഹസ്രകോടികൾ കൊണ്ട് പ്രളയാനന്തര നവകേരളം കെട്ടിപ്പടുക്കാനുള്ള ഒരു ബംപർ പ്രഖ്യാപനമാണ്. അതിന്റെ ഭാവിയും കാത്തിരുന്നു തന്നെ കാണണം.

ഒരു വർഷം കിട്ടിയിട്ടും പാഴാകുന്ന ഫണ്ട്

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാനും വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകുന്ന പണം ചെലവഴിക്കാനും സർക്കാരിന് 12 പൂർണ മാസങ്ങൾ കിട്ടിയ സാമ്പത്തിക വർഷമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ഈ വർഷത്തെ ബജറ്റ് പാസാക്കാൻ കഴിഞ്ഞതിനാൽ ഈ വർഷം പദ്ധതികളുടെ പുരോഗതിയും ധനവിനിയോഗവും അതിവേഗം നടക്കുമെന്നും അവസാന മാസങ്ങളിൽ നെട്ടോട്ടമോടേണ്ടി വരില്ലെന്നും ധനമന്ത്രി ആത്മവിശ്വാസം പലവട്ടം പ്രകടിപ്പിച്ചു. എന്നാൽ, ഇനി രണ്ടു മാസം മാത്രം ശേഷിക്കേ കണക്കുകൾ പറയുന്നതു വേറെ കഥയാണ്.

വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായുള്ള 37,247 കോടി രൂപയിൽ 18,467 കോടി രൂപയാണ് ഇനിയുള്ള രണ്ടു മാസങ്ങൾ കൊണ്ട് സർക്കാർ ചെലവിട്ട് തീർക്കേണ്ടത്. റോഡുകളുടെയും പാലങ്ങളുടെയും നിർമാണവും നവീകരണവും അടക്കമുള്ള പദ്ധതികളാണ് ഇതിൽ നല്ലൊരു പങ്കും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായ 7000 കോടി രൂപയിൽ 2977 കോടി ഇനിയും ചെലവിടാനുണ്ട്.  കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു വേണ്ടിയുള്ള 8,097 കോടിയിൽ‌ 3,617 കോടിയാണ് ചെലവിടാൻ ബാക്കി. കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ പാഴാകും.

kochi-metro-1

കൊച്ചി മെട്രോ: മാറ്റിവച്ചത് 1638 കോടി; ചെലവിട്ടത് 172 കോടി

കൊച്ചി മെട്രോ പോലുള്ള സംസ്ഥാനത്തെ വൻകിട വികസന പദ്ധതികൾക്കായി സർക്കാർ ഇൗ വർഷം മാറ്റിവച്ച 1638 കോടി രൂപയിൽ ഇതുവരെ ആകെ ചെലവിട്ടത് 172 കോടി രൂപ മാത്രം.. കേരള വാട്ടർ‌ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 4.41 കോടി രൂപയും കൊച്ചി മെട്രോയ്ക്ക് 117 കോടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 20 കോടിയും തിരുവനന്തപുരം ഗ്രീൻ  ഫീൽഡ് സ്റ്റേഡിയത്തിന് 30 കോടിയുമാണ് ആകെ നൽകിയത്. മോണോ റയിൽ പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പണം ചെലവിടാനായില്ല. പാലക്കാട് ഐഐടി, കൊച്ചി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്ക്, പാലക്കാട് മെഗാ ഫുഡ് പാർക്ക്, സംയോജിത ജലഗതാഗത പദ്ധതി, കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങി 13 പദ്ധതികൾക്കായിട്ടാണ് 1638 കോടി രൂപ മാറ്റിവച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA