തിരുവനന്തപുരം ∙ നിപ്പയും പ്രളയവും തുടർച്ചയായ ഹർത്താലുകളും മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് ബജറ്റിലും തിരിച്ചടി. പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള പ്രത്യേക പാക്കേജുകളൊന്നും അനുവദിച്ചില്ല.
കഴിഞ്ഞ വർഷം 379 കോടി ടൂറിസത്തിനു വകയിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ അത് 372 കോടിയായി കുറഞ്ഞു. സെസ് മൂലം ഹോട്ടൽ നിരക്കും ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും നിരക്കും കൂടുന്നതു ടൂറിസത്തെ പ്രതികൂലമായി ബാധിക്കും.
അതേസമയം, ടൂറിസം സംരംഭകത്വ ഫണ്ടും ബോട്ട് ലീഗ്, സ്പൈസ് ടൂറിസം എന്നിവയ്ക്കുള്ള പദ്ധതികളുമാണ് പ്രതീക്ഷിക്കാൻ വകയുള്ളത്. പ്രതിച്ഛായ വീണ്ടെടുക്കാൻ രാജ്യാന്തര, ദേശീയ തലങ്ങളിൽ വ്യാപകമായ പ്രചാരണത്തിന് ഊന്നൽ നൽകണമെന്ന് ടൂറിസം വ്യവസായികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രചാരണത്തിന് കഴിഞ്ഞ വർഷം അനുവദിച്ച 82 കോടി രൂപ തന്നെയാണ് നൽകിയത്. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 132 കോടി അനുവദിച്ചു. കെടിഡിസിക്ക് 8 കോടി രൂപ അനുവദിച്ചു.