ADVERTISEMENT

തിരുവനന്തപുരം∙ ജിഎസ്ടി വന്നപ്പോൾ ഒന്നര വർഷം മുൻപ് സർക്കാർ നിർത്തലാക്കിയ അതിർത്തികളിലെ വാണിജ്യനികുതി വാഹന പരിശോധന പുനരാരംഭിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ചെക്പോസ്റ്റുകളിൽ വാഹന പരിശോധനയ്ക്കായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു ചെക്പോസ്റ്റിൽ 3 ഉദ്യോഗസ്ഥരെ വീതമാണു നിയോഗിക്കുക. ഇതോടെ അതിർത്തികളിൽ ഇനി ജിഎസ്ടി വകുപ്പിന്റെ പരിശോധനയ്ക്കായും വാഹനങ്ങൾ വഴങ്ങേണ്ടി വരും.

വെറും 5 മിനിറ്റ് മാത്രമെടുത്തുള്ള ഇ-വേ ബിൽ പരിശോധനയേ നടത്തൂവെന്നും അതിനാൽ വാഹന ഗതാഗതം തടസ്സപ്പെടില്ലെന്നും ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥർ ഇ-വേ ബിൽ പരിശോധിക്കുമ്പോൾ തട്ടിപ്പു മണത്താൽ ഉടൻ ജിഎസ്ടി സ്ക്വാഡുകൾക്കു വിവരം കൈമാറും. തുടർന്നു വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ കേസെടുക്കും.

ഇപ്പോൾ സംസ്ഥാനത്തെ ജിഎസ്ടി വരുമാന വർധന 10% ആണ്. ഇതു 30% ആക്കുകയെന്ന വലിയ വെല്ലുവിളിയാണു സർക്കാരിനു മുന്നിൽ. ബജറ്റിൽ ധനമന്ത്രി ഇൗ ലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ എന്തു വിലകൊടുത്തും നികുതി വരവു വർധിപ്പിക്കാനാണു തീരുമാനം. ചെക്പോസ്റ്റ് രഹിത അതിർത്തിയെന്ന ജിഎസ്ടിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നിൽപോലും ‘വിട്ടുവീഴ്ച’യ്ക്കു സർക്കാർ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്.

നികുതി വെട്ടിപ്പു തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് കമ്മിഷണർമാരുടെയും ഡപ്യൂട്ടി കമ്മിഷണർമാരുടെയും യോഗത്തിൽ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 170 ഉദ്യോഗസ്ഥരാണു പങ്കെടുക്കുക. സംസ്ഥാന നികുതി വരുമാനത്തിന്റെ കൃത്യമായ കണക്ക് ജൂണിൽ സർക്കാരിനു ലഭിക്കും. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള വാർഷിക റിട്ടേൺ സമർപ്പണം കഴിഞ്ഞ സെപ്റ്റംബറിൽ നിന്ന് വരുന്ന ജൂണിലേക്കു കേന്ദ്രം ദീർഘിപ്പിച്ചിരുന്നു.

ഇൻപുട് ടാക്സ് ക്രെഡിറ്റിൽ ഏതെങ്കിലും വ്യാപാരികൾ ക്രമക്കേടു കാട്ടിയിട്ടുണ്ടെങ്കിൽ ജൂണിൽ അറിയാം. നികുതി കുടിശികയുടെ ചിത്രവും അപ്പോൾ വ്യക്തമാകും. തുടർന്നു വ്യാപാരികൾക്കു നോട്ടിസ് നൽകും. ഇൗ നടപടികളിലൂടെയെല്ലാം ജിഎസ്ടി വരുമാനം വർധിപ്പിക്കുകയാണു ലക്ഷ്യം. 30 ശതമാനമെന്ന നേട്ടം കൈവരിച്ചാൽ ബജറ്റിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തുമെന്നും മന്ത്രി തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com