ADVERTISEMENT

കൊച്ചി ∙ പൊതുമേഖലയിലെ ബാങ്കുകൾക്ക് ഈ സാമ്പത്തിക വർഷം 1,00,000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ കഴിഞ്ഞേക്കുമെന്നു കണക്കാക്കുന്നു. കഴിഞ്ഞ മൂന്നു ത്രൈമാസത്തിലും സ്വീകരിച്ചുപോന്നതിനെക്കാൾ ഊർജിതമായ നടപടികളാണ് അവസാന ത്രൈമാസത്തിൽ നടക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,95,601 കോടി രൂപയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ കർശന നിലപാടിന്റെ ഫലമായി ബാങ്കുകൾ കിട്ടാക്കടം പിരിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടിയതുകൊണ്ടു പിന്നീടു നില പെട്ടെന്നു മെച്ചപ്പെടാൻ തുടങ്ങി.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിനിടയിൽത്തന്നെ 19,982 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞു. തിരിച്ചുപിടിച്ച തുക ഇക്കഴിഞ്ഞ ഡിസംബർ അവസാനം 31,168 കോടിയിലെത്തിയതോടെ കിട്ടാക്കടം 8,64,433 കോടിയായി കുറഞ്ഞിട്ടുണ്ട്. നടപ്പു ത്രൈമാസത്തിൽ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തുക 70,000 കോടിയോളമാണ്. ലക്ഷ്യം നേടാനായാൽ ഈ സാമ്പത്തിക വർഷത്തെ നേട്ടം 1,00,000 കോടി രൂപ കടക്കും.

പല ബാങ്കുകളും കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക ദൗത്യസംഘത്തെത്തന്നെ നിയോഗിച്ചിട്ടുണ്ട്. സിൻഡിക്കറ്റ് ബാങ്കിൽ 1500 ജീവനക്കാരുൾപ്പെടുന്ന ‘സ്‌ട്രെസ്‌ഡ് അസെറ്റ് മാനേജ്‌മെന്റ് വെർട്ടിക്കൽ’ തന്നെ പ്രവർത്തിക്കുന്നു. കിട്ടാക്കടം മാത്രം കൈകാര്യം ചെയ്യുന്ന എട്ടു പ്രത്യേക ഓഫിസുകൾ ഈ വെർട്ടിക്കലിന്റെ ഭാഗമാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ 14,000 കോടി രൂപയുടെ തട്ടിപ്പ് അരങ്ങേറിയ പഞ്ചാബ് നാഷനൽ ബാങ്കിൽ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമമാണു നടക്കുന്നത്. ഈ സാമ്പത്തിക വർഷം 16,600 കോടിയുടെ കിട്ടാക്കടം തുരിച്ചുപിടിച്ചുകഴിഞ്ഞു. 10,000 കോടി കൂടി മാർച്ച് 31നു മുമ്പു തരിച്ചുപിടിക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്.

എട്ട് അക്കൗണ്ടുകളിൽനിന്നു ലഭിക്കാനുള്ള 36,000 കോടി രൂപ മാർച്ച് 31നു മുമ്പു തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്‌ബിഐക്ക് എസ്സാർ സ്‌റ്റീലിൽനിന്നു കിട്ടാനുള്ള 15,431.44 കോടി രൂപയുടെ കുടിശിക വീണ്ടെടുക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

കുറഞ്ഞുവരുന്ന കിട്ടാക്കടം
2018 മാർച്ച് 31 - 8,95,601 കോടി
ജൂൺ 30 - 8,75,619 കോടി
ഡിസംബർ 31 - 8,64,433 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com