ചിട്ടി റജിസ്ട്രേഷൻ പ്രധാനം

currency.
SHARE

‘ചിട്ടിപൊട്ടുക’ എന്ന വാക്കിനെ ആറ്റംബോംബിനെക്കാൾ പേടിക്കുന്നവരാണു മലയാളികൾ.  കഷ്ടപ്പെട്ടു മിച്ചംപിടിക്കുന്ന പണം കൊടുത്തു ചേരുന്ന ചിട്ടിയും കൊണ്ട് നടത്തിപ്പുകാരൻ മുങ്ങുമോ എന്ന ആശങ്ക കൊണ്ടു മാത്രം ചിട്ടിയിൽ ചേരാതിരിക്കുന്നവരുണ്ട്. സുരക്ഷിതത്വവും വിശ്വസ്തതയുമുള്ള സ്ഥാപനങ്ങളിൽ ചേർന്നാൽ അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മാത്രമല്ല, ആ സമ്പാദ്യം ഒരു സുരക്ഷയുമാണ്. ചിട്ടി മുടങ്ങുമോ, പണം നഷ്ടമാകുമോ, കൃത്യമായി അടയ്ക്കാനാകില്ലേ  എന്നൊക്കെ ആശങ്കപ്പെടുന്നവർക്കു വേണ്ടി ചിട്ടിയിൽ ചേരുമ്പോൾ ഓർക്കാൻ 5 കാര്യങ്ങൾ

1. റജിസ്ട്രേഷൻ

കേന്ദ്ര ചിട്ടി നിയമപ്രകാരം എല്ലാ ചിട്ടികളും തൊട്ടടുത്ത സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനം ഇത്തരത്തിൽ സബ് റജിസ്ട്രാർ ഓഫിസിൽ ചിട്ടികൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.
 10 ചിട്ടികൾ നടത്തുകയും അതിൽ 1 മാത്രം റജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന  സ്ഥാപനങ്ങളുണ്ട്. ഓരോ ചിട്ടിയിലും ചേർന്നവരുടെ പേരും വിലാസവും ഉൾപ്പെടുത്തി 10 എണ്ണവും വെവ്വേറെ തന്നെ റജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങൾ ചേരുന്ന ചിട്ടി ഇത്തരത്തിൽ റജിസ്റ്റർ ചെയ്തതാണെന്ന് ഉറപ്പുവരുത്തുക. ഓർക്കുക ഇവയ്ക്കു മാത്രമേ നിയമസുരക്ഷയുള്ളൂ.

2. പാസ്ബുക്, രസീത്

ചിട്ടിയിൽ പണം അടയ്ക്കുന്നതിന്റെ പ്രധാന തെളിവാണ് പാസ്ബുക്കും രസീതും. ഇതു രണ്ടും കൃത്യമായി സൂക്ഷിച്ചു വയ്ക്കണം. ചിട്ടിയുടെ നമ്പർ, തുടങ്ങുന്നതും അവസാനിക്കുന്നതുമായ തീയതികൾ, ചിറ്റാൾ നമ്പർ എന്നിവയെല്ലാം പാസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം. 40 പേരുള്ള ചിട്ടിയിൽ ആദ്യത്തെയാൾ ചേർന്നാലും അവശേഷിക്കുന്ന 39 പേർ കൂടി ചേരാൻ സമയം എടുത്തേക്കാം. ഇത്തരം അവസരങ്ങളിൽ പാസ്ബുക് ലഭിക്കാൻ കാലതാമസം ലഭിക്കുമെന്നതിനാൽ അതുവരെ അടച്ച രസീത് സൂക്ഷിച്ചു വയ്ക്കണം.

3. കാലാവധി എങ്ങനെ തിരഞ്ഞെടുക്കാം

വിവാഹം, വീട് തുടങ്ങി പെട്ടെന്നു നിർവഹിക്കേണ്ട ആവശ്യമുള്ളവരുണ്ടെങ്കിൽ കാലാവധി കുറ​ഞ്ഞ ചിട്ടിയിൽ ചേരണം. വായ്പ എന്ന നിലയിൽ ചിട്ടിയെ സമീപിക്കുന്നവർക്കു കാലാവധി കുറഞ്ഞ ചിട്ടികൾ തിരഞ്ഞെടുക്കാം. ഡിവിഡൻഡ്(ലാഭ വിഹിതം) കുറയുമെങ്കിലും പെട്ടെന്നു വിളിച്ചെടുക്കാമെന്നതാണു മെച്ചം.  അതേസമയം നിക്ഷേപമെന്ന നിലയിൽ സമീപിക്കുന്നവർ ദീർഘകാല ചിട്ടികൾ തിരഞ്ഞെടുക്കണം.

ചിട്ടിയിൽ ചേർന്നാൽ കാലാവധിക്കു മുൻപ് അവസാനിപ്പിച്ചാൽ അതുവരെയുള്ള പണം തിരികെ ലഭിക്കില്ലെന്നു പ്രത്യേകം ഓർക്കണം. കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇയുടെ ചിട്ടികളിൽ പിൻമാറുന്ന ആളിന്റെ ഒഴിവിലേക്ക് പകരം ആളെ ഉൾപ്പെടുത്തി ചിട്ടി മാറ്റി നൽകാറുണ്ട്. അത്തരം അവസരങ്ങളിൽ അതുവരെ അടച്ച പണം ആദ്യ വരിക്കാരനു ലഭിക്കും. അല്ലാതെ 100 മാസത്തെ ചിട്ടിയിൽ ചേർന്ന് 10 മാസം കഴിയുമ്പോൾ പാസ്ബുക്കുമായി ചെന്നു അതുവരെ അടച്ച പണം ചോദിച്ചാൽ ലഭിക്കണമെന്നില്ല.

4. ചിട്ടിക്ക് ഈടു നൽകുമ്പോൾ

കാലാവധി എത്തുന്നതിനു മുൻപ് ചിട്ടി വിളിച്ചെടുക്കുന്നവർ ഈടു നൽകേണ്ടിവരും. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്കാണ് ഈട്. 5 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് 3 ലക്ഷം രൂപ അടച്ചുകഴിഞ്ഞതിനു ശേഷമാണു ചിട്ടി വിളിച്ചെടുക്കുന്നതെങ്കിൽ അവശേഷിക്കുന്ന 2 ലക്ഷം രൂപയ്ക്കുള്ള ഈട് മാത്രമേ നൽകേണ്ടതുള്ളൂ.കെഎസ്എഫ്ഇ വസ്തു ജാമ്യത്തിനു പുറമേ അംഗീകൃത സ്ഥാപനങ്ങളുടെ ശമ്പള സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ പാസ്ബുക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ, എൽഐസി സർട്ടിഫിക്കറ്റ്, സ്വർണം എന്നിവയും സ്വീകരിക്കാറുണ്ട്.

5. പരാതി നൽകാം

റജിസ്റ്റർ ചെയ്ത ചിട്ടിയാണെങ്കിൽ ഇടയ്ക്കു മുടങ്ങിപ്പോവുകയോ സ്ഥാപനം പൂട്ടിപ്പോവുകയോ ചെയ്താൽ  റജിസ്ട്രാർ ഓഫിസിൽ പരാതി നൽകാം. റജിസ്റ്റർ പോലും ചെയ്യാത്ത ചിട്ടികളിൽ ചേരാതിരിക്കാൻ ശ്രദ്ധിക്കുക. അത്തരം ചിട്ടിയിൽ ചേർന്ന് ചതിക്കപ്പെട്ടെന്നു തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA