ADVERTISEMENT

ശമ്പളത്തിൽനിന്ന് 2018–19 സാമ്പത്തിക വർഷത്തിൽ സ്രോതസ്സിൽ ആദായ നികുതി പിടിക്കുന്നതിനുള്ള നിരക്കും അനുബന്ധ വിഷയങ്ങളും വിശദമാക്കി ബോർഡ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഒരു സർക്കുലർ ഇറക്കി. സർക്കുലർ നമ്പർ 1/2019.
ശമ്പളമുൾപ്പെടെ മൊത്ത വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആദായ നികുതി ബാധകമല്ല (60 തികഞ്ഞവർക്ക് 3 ലക്ഷം വരെയും 80 തികഞ്ഞവർക്ക് 5 ലക്ഷം രൂപ വരെയും നികുതി ഒഴിവുണ്ട്.). രണ്ടര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി നിരക്ക്.

വരുമാനം 5 ലക്ഷത്തിൽ കൂടിയാൽ 20%, 10 ലക്ഷം കവിഞ്ഞാൽ 30%. മേൽപ്പറഞ്ഞ നിരക്കിൽ നികുതി കൂടാതെ 4% സെസ്സുമുണ്ട്. വരുമാനം 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയ്ക്കാണെങ്കിൽ 10 ശതമാനം സർചാർജും ഉണ്ട്. വരുമാനം ഒരു കോടിയിൽ കൂടിയാൽ 15 ശതമാനമാണ് സർചാർജ്.

ജീവനക്കാരനു ശമ്പളം നൽകാൻ ഉത്തരവാദിത്തപ്പെട്ടയാൾ ജീവനക്കാരന്റെ വരുമാനത്തിന്മേൽ ബാധകമായ നികുതി മുൻകൂറായി കണക്കാക്കി തുല്യ മാസ ഗഡുക്കളായിട്ടാണ് സ്രോതസ്സിൽ പിടിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും കാരണവശാൽ സ്രോതസ്സിൽ പിടിച്ചടച്ച നികുതി കുറവാണെന്നോ കൂടുതലാണെന്നോ കണ്ടാൽ തുടർന്നുള്ള മാസങ്ങളിൽ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

ജീവനക്കാരൻ തന്റെ മറ്റു വരുമാനങ്ങളുടെ വിവരങ്ങൾ തൊഴിലുടമയ്ക്കു നൽകേണ്ടതുണ്ട്. ഇതിനുള്ള സ്റ്റേറ്റ്മെന്റിന്റെ മാതൃക സർക്കുലറിൽ ഉണ്ട്. ഭവന വായ്പാ പലിശയുടെ ഫലമായും ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി എന്ന തലക്കീഴിൽ 2 ലക്ഷം രൂപ വരെയുള്ള നഷ്ടമല്ലാതെ മറ്റു നഷ്ടങ്ങളൊന്നും ജീവനക്കാരന്റെ നികുതി ബാധകമായ വരുമാനം കണക്കാക്കാൻ പരിഗണിക്കേണ്ടതില്ല. ഭവന വായ്പാ പലിശയിനത്തിലെ കിഴിവ് / വാടകയിൽനിന്നുമുള്ള കിഴിവ് പരമാവധി 2 ലക്ഷം രൂപയാണ്.

[1999 ഏപ്രിലിന് മുൻപുള്ള വായ്പയുടെയും പുനർ നിർമാണത്തിനോ റിപ്പയറിനോ എടുത്ത വായ്പയുടെയും പലിശയ്ക്ക് 30,000 രൂപ വരെ മാത്രമേ കിഴിവിന് അർഹതയുള്ളു.]
സ്രോതസ്സിൽ നികുതി പിടിക്കുന്ന ഡിഡക്റ്റർ ജീവനക്കാരന്റെ പക്കൽനിന്നു പലിശയ്ക്കുള്ള തെളിവ് (സർട്ടിഫിക്കറ്റ്) വാങ്ങിയിരിക്കണം. അതിൽ പലിശയെത്ര, വായ്പ നൽകിയയാളുടെ മേൽവിലാസവും പെർമനന്റ് അക്കൗണ്ട് നമ്പറും വ്യക്തമായി ഉണ്ടായിരിക്കണം. (ധനകാര്യ സ്ഥാപനത്തിൽനിന്നുമാണെങ്കിൽ പാൻ നിർബന്ധമില്ല).

2 ലക്ഷം രൂപയുടെ പലിശ കിഴിവിന് ഭവന നിർമാണ വായ്പ ലഭിച്ച് 5 വർഷത്തിനകം പണി പൂർത്തിയാക്കിയിരിക്കണം അഥവാ വീട് വാങ്ങിയിരിക്കണം എന്ന് നിബന്ധനയുണ്ട്. അതിനാൽ കെട്ടിട നിർമാണം പൂർത്തീകരിച്ചതിനു ബിൽഡറുടെ പക്കൽനിന്ന് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവനക്കാരൻ സ്വയം സാക്ഷ്യപത്രം നൽകണം. കൂടാതെ കെട്ടിട പൂർത്തീകരണ വർഷത്തിനു മുൻപുള്ള വർഷങ്ങളിലെ പലിശ പൂർത്തിയായ വർഷമുൾപ്പെടെ അഞ്ച് വാർഷിക ഗഡുക്കളായാണു കിഴിവ്.

ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള ജീവനക്കാരുട കാര്യത്തിൽ‌ ഏതു സ്ഥാപനമാണ് സ്രോതസ്സിൽ നികുതി പിടിക്കേണ്ടതെന്നു ജീവനക്കാരനു തിരഞ്ഞെടുക്കാം.
സ്രോതസ്സിൽ പിടിക്കുന്ന നികുതി അടുത്ത മാസം ഏഴിനകം അടയ്ക്കേണ്ടതുണ്ട്. ഫോം 24 ജിയിലുള്ള ത്രൈമാസ റിട്ടേണുകൾ ജൂലൈ 7, ഒക്ടോബർ 7, ജനുവരി 7, ഏപ്രിൽ 30 തീയതികൾക്കുള്ളിൽ സമർപ്പിക്കുകയും വേണം.

ടിഡിഎസ് ക്വാർട്ടർലി സ്റ്റേറ്റ്മെന്റ് യഥാസമയം സമർപ്പിക്കാൻ വൈകിയാൽ പ്രതിദിനം 200 രൂപയാണു പിഴ. (പിഴ പരമാവധി നികുതി തുക വരെ). സ്രോതസ്സിൽ പിടിച്ച നികുതി അടയ്ക്കാൻ വൈകിയാൽ പ്രതിമാസം ഒന്നര ശതമാനം നിരക്കിലും പിടിച്ചിട്ടില്ലെങ്കിൽ പിടിക്കുന്ന തീയതി വരെ ഒരു ശതമാനം നിരക്കിലും പലിശ നൽകണം. കൂടാതെ 271 സി വകുപ്പ് പ്രകാരം തുല്യ സംഖ്യ പിഴ, 276 ബി വകുപ്പ് പ്രകാരം തടവ് ശിക്ഷയും, ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നാൽ പ്രതിദിനം 100 രൂപ വച്ച് പിഴയും ചുമത്താൻ നിയമത്തിൽ വകുപ്പുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com