ADVERTISEMENT

കൊച്ചി∙ വെള്ളത്തിലും ഇറക്കാവുന്ന ചെറുവിമാനമായ സീ പ്ളെയിൻ ടൂറിസം രംഗത്തു നടപ്പായില്ലെങ്കിലും അവ കേരളത്തിൽ നിർമിക്കാൻ പദ്ധതി. ഒറ്റപ്പാലത്തു കിൻഫ്രയുടെ ഡിഫൻസ് പാർക്കിലാണ് പദ്ധതിക്ക് അരങ്ങൊരുങ്ങുന്നത്. ഇവിടെത്തന്നെ പ്രതിരോധ രംഗത്തിനു വേണ്ട ഉപകരണങ്ങൾ നിർമ്മിക്കാൻ ബിഇഎംഎലിന്റെ സഹായത്തോടെ ചെറുകിട വ്യവസായങ്ങളും സ്ഥാപിക്കും. ഉക്രെയിനിലെ ഒരു കമ്പനിയാണ് സീ പ്ളെയിൻ നിർമിക്കാൻ കണ്ണൂരിൽ നിന്നുള്ള സ്റ്റാർട്ടപ് കമ്പനിയുമായി ധാരണയായിട്ടുള്ളത്. ഏഷ്യയിലാകെ ഇത്തരം വിമാനങ്ങൾക്ക് ഡിമാൻഡുണ്ട്. കമ്പനികൾ ഏതെന്നു വെളിപ്പെടുത്താറായിട്ടില്ലെന്ന് കിൻഫ്ര എംഡി എയർ കമ്മഡോർ സന്തോഷ് കുമാർ അറിയിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബിഇഎംഎല്ലിന്റെ (ബെമ്ൽ)സാന്നിദ്ധ്യമാണ് പ്രതിരോധ രംഗത്തേക്ക് ആവശ്യമായ ചെറുകിട വ്യവസായങ്ങൾക്കായി പാർക്ക് സാധ്യമാക്കുന്നത്.

ബിഇഎംഎലിനു കിട്ടുന്ന ഓർഡറുകൾ അനുസരിച്ച് സേനകൾക്കു വേണ്ട ഉപകരണങ്ങൾ നിർമ്മിക്കുന്ന ചെറുകിട വ്യവസായങ്ങളാണ് ഇവിടെ ഉയരുക. അവ കമ്പനി പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി സേനകൾക്കു കൈമാറും. നിർമിക്കുന്ന ഉപകരണങ്ങൾക്ക പൊതുവായ ടെസ്റ്റിങ് സൗകര്യമുള്ള ലാബുകൾ ഏർപ്പെടുത്തും. ചെറുകിട കമ്പനികൾ നിർമ്മിക്കുന്ന പ്രൊട്ടോടൈപ്പുകൾ ടെസ്റ്റ് ചെയ്യേണ്ടത് ഈ ലാബുകളിലാണ്. ഏകദേശം 25 കോടി ചെലവുള്ളതിനാൽ പ്രതിരോധ വകുപ്പാണു സഹായിക്കേണ്ടത്. ആകെ 250 കോടിയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. ഷിപ്‌യാഡുകൾക്കു വേണ്ട ഉപകരണങ്ങളും ഇവിടെ നിർമ്മിക്കാം.

60 ഏക്കറിലെ പാർക്കിൽ 10 ഏക്കർ ലാബുകൾ ഉൾപ്പടെയുള്ള പൊതുസൗകര്യങ്ങൾക്കായി നീക്കിവയ്ക്കും. ബിഇഎംഎൽ നിർമിക്കുന്ന മെട്രോറെയിൽ കോച്ചുകൾ ട്രക്കിൽ കൊണ്ടുപോകുന്നതിനു പകരം റയിൽ ലൈൻ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. അതിനായി കഞ്ചിക്കോട് റയിൽവേ സ്റ്റേഷനിൽനിന്നു പാളങ്ങൾ ഫാക്ടറി വരെ സ്ഥാപിക്കണം. അതിനായി 25 ഏക്കർ ഏറ്റെടുക്കണം. ചെലവിൽ 30 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ഇതിനകം 24 പാർക്കുകൾക്കായി 3000 ഏക്കർ ഏറ്റെടുത്തിട്ടുള്ള കിൻഫ്ര 6000 ഏക്കർ കൂടി വിവിധ പാർക്കുകൾക്കായി ഏറ്റെടുക്കാൻ തുടക്കം കുറിക്കുകയാണെന്നും എംഡി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com