ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലാ  ബാങ്കുകളിൽ അംഗത്വമുള്ളതും പ്രവർത്തനക്ഷവുമായ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും കേരള ബാങ്കിൽ പ്രാതിനിധ്യം നൽകണമെന്ന് നബാർഡ് കർശന നിർദേശം നൽകിയതോടെ സംസ്ഥാന സർക്കാർ വെട്ടിലായി. ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്തിലാണ് നബാർഡ് ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയത്. കേരള ബാങ്കിൽ 1600 പ്രാഥമിക സഹകരണ സംഘങ്ങളെ ഭാഗമാക്കാനാണു സർക്കാർ തീരുമാനിച്ചത്.

ഇതുൾപ്പെടെ സംസ്ഥാനത്തെ 12000 സഹകരണ സ്ഥാപനങ്ങൾ ബാങ്കിന്റെ ഭാഗമാകണമെന്ന് നബാർഡ് നേരത്തേ നിർദേശിച്ചിരുന്നു. ഇത് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ നിർദേശമാണ് ഇപ്പോൾ തള്ളിയത്. കേരള ബാങ്കിനെ സിപിഎമ്മിന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തിയപ്പോഴാണു തിരിച്ചടി.

എല്ലാ സഹകരണ സംഘങ്ങളെയും കേരള  ബാങ്കിന്റെ ഭാഗമാക്കിയാൽ ഡയറക്ടർ ബോർഡിൽ യുഡിഎഫിനായിരിക്കും മേൽക്കൈ. കേരള ബാങ്ക് രൂപീകരണത്തിനുവേണ്ടി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിന് അംഗീകാരം നേടുന്നതിന് ഇന്ന് എല്ലാ ജില്ലാ ബാങ്കുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗവും മാറ്റി. സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലും സർക്കാരിന് ഉത്തരംമുട്ടി. ജില്ലാ ബാങ്കുകൾ കേരള  ബാങ്കിൽ ലയിക്കുന്നതിനു മുൻപ് അതിന്റെ ആസ്തി ബാധ്യതകൾ പുറത്തെ ഏജൻസിയൊക്കൊണ്ട് ഓഡിറ്റ് ചെയ്ത് അംഗങ്ങളെ അറിയിക്കണമെന്നാണു വ്യവസ്ഥ.

ഇതു പാലിച്ചോയെന്ന കോടതിയുടെ ചോദ്യത്തിനു മുന്നിൽ സർക്കാർ കുഴങ്ങി. ജില്ലാ ബാങ്കുകളെ കേരള ബാങ്കിൽ  ലയിപ്പിക്കുന്നതിന് അതതു ബാങ്കുകളുടെ പൊതുയോഗം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകാരം നൽകണമെന്നാണ് ആർബിഐയുടെ നിബന്ധന. എന്നാൽ സംസ്ഥാന സഹകരണ നിയമം ഭേദഗതി ചെയ്തു കേവല ഭൂരിപക്ഷം മതിയെന്നു നിശ്ചയിച്ചു. ജില്ലാ ബാങ്കുകളിൽ 8 എണ്ണത്തിൽ യുഡിഎഫിനും 6 എണ്ണത്തിൽ എൽഡിഎഫിനുമാണു മേൽക്കൈ. മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന നിബന്ധന വന്നാൽ കേരള ബാങ്ക് രൂപീകരണം നടക്കില്ല.

അതിനാലാണു കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥ കൊണ്ടുവന്നത്. കേവല ഭൂരിപക്ഷം മതിയെന്നു ഛത്തീസ്ഗഡ് സഹകരണ നിയമത്തിൽ നേരത്തേതന്നെ ഉണ്ടായിരുന്നു. അവർ സംസ്ഥാന ബാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ അനുമതി നൽകില്ലെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം യുഡിഎഫ് അംഗങ്ങൾ നിയമസഭയിൽ പറഞ്ഞപ്പോൾ അതെല്ലാം മറികടക്കുമെന്നാണു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവകാശപ്പെട്ടത്.

എന്നാൽ കേരള ബാങ്ക് രൂപീകരണത്തിനു   നിഷ്കർഷിച്ച 3 അധിക നിബന്ധനകൾ ഒഴിവാക്കണമെന്ന സർക്കാർ അഭ്യർഥനയ്ക്ക് നബാർഡിൽ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സർക്കാരിന് ഔദ്യോഗികമായി കത്തു നൽകുംമുൻപ് അതിലെ വിവരങ്ങൾ ചോർത്തി നൽകിയതിനു പിന്നിലെ ഗൂഢനീക്കം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്കിലെ കേഡർ സംയോജന മാനദണ്ഡങ്ങൾക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതിന്  എം.എൻ.ഗുണവർധനൻ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

പ്രത്യേക യോഗത്തിന്റെ നോട്ടിസ് പിൻവലിച്ചെന്ന് സർക്കാർ

കൊച്ചി∙ കേരള ബാങ്ക് രൂപീകരണത്തിനുള്ള ലയന പദ്ധതി അംഗീകരിച്ച് പ്രമേയം പാസാക്കുന്നതിനു ജില്ലാ ബാങ്കുകളിൽ ഇന്നു പ്രത്യേക പൊതുയോഗം നടത്താൻ നോട്ടിസ് നൽകിയതു പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതതു ജില്ലാ സഹകരണ ബാങ്കുകൾ പ്രത്യേക പൊതുയോഗ നോട്ടിസ് പിൻവലിച്ചെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചതു കോടതി രേഖപ്പെടുത്തി.

ജില്ലാ സഹകരണ ബാങ്കുകളിൽ ലയന പദ്ധതി അവതരിപ്പിക്കാൻവേണ്ടി പൊതുയോഗത്തിനു നോട്ടിസ് നൽകിയതു ചോദ്യം ചെയ്ത് ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഒരുകൂട്ടം ഹർജികളാണ് ജസ്റ്റിസ് അനിൽ നരേന്ദ്രൻ പരിഗണിച്ചത്.  പൊതുയോഗ നോട്ടിസിനൊപ്പം ലയനപദ്ധതി ചേർത്തിട്ടില്ലെന്നു ഹർജിഭാഗം ആരോപിച്ചു. കക്ഷികളുടെ സത്യവാങ്മൂലത്തിനായി കേസ് മാറ്റി. 25നു വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com