ADVERTISEMENT

പ്രളയത്തിൽ മുങ്ങിയ ചേന്ദമംഗലത്തെ തറിയിൽ ജീവിതം തളിർത്തുതുടങ്ങിയ സാഹചര്യത്തിൽ, ജില്ലയിലെ 13 നെയ്ത്തു സൊസൈറ്റികൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ സെൻട്രൽ പ്രോസസിങ് യൂണിറ്റ് ഒരുക്കുന്നതിനുള്ള ജോലികൾക്കാണ് ഇനി മുൻഗണനയെന്ന് മേഖലയെ കൈപിടിച്ചുയർത്തിയ കൂട്ടായ്മ സേവ് ദ് ലൂം. ചേന്ദമംഗലം യാൺ ബാങ്കിനോടു ചേർന്നുള്ള രണ്ടേക്കറിൽ കേന്ദ്രം ഒരുക്കാനുള്ള പ്രപ്പോസലിന് അനുമതിയായി. 

റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ പോലെയാണു രൂപകൽപന ചെയ്യുകയെന്ന് സേവ് ദ് ലൂം സംഘാടകരിലൊരാളും ഡൽഹിയിൽ ഫാഷൻ കൺസൽറ്റന്റുമായ രമേഷ് മേനോൻ പറഞ്ഞു. ഡിസൈനർമാർക്ക് അവിടെ താമസിച്ചു ജോലി ചെയ്യാം, ആളുകൾക്ക് തറികളുടെ പ്രവർത്തനം കാണാം. രണ്ടാമത്തെ പദ്ധതി ഫിനിഷിങ് യൂണിറ്റാണ്. ഫാബ്രിക് ഫിനിഷിങ് ജോലികൾക്കൊപ്പം നെയ്ത്തുകാർക്കും മറ്റുള്ളവർക്കും പരിശീലനം നൽകുകയും ചെയ്യും.

മൂന്നാമത്തെ പദ്ധതി ഡിസൈനർ ഇടപെടലുകളാണ്. രാജ്യാന്തര പ്രശസ്തരായ ഡിസൈനർമാർ അവിടെയെത്തി നാലു മാസം താമസിച്ച് മാസ്റ്റർ വീവർമാർക്കു പരിശീലനം നൽകും. ടെക്സ്റ്റൈലിൽ മുതൽ ഡിസൈനിൽ വരെ പുതുമകൾ കൊണ്ടുവരികയാണു ലക്ഷ്യം. രാജ്യാന്തര മാർക്കറ്റിലേക്ക് കേരള ഖാദിയും കൈത്തറിയും എത്തിക്കാനും നെയ്ത്തുകാർക്ക് മികച്ച ജോലിയും വരുമാനവും ഉറപ്പാക്കാനും കഴിയുമെന്ന് രമേഷ് മേനോൻ പറഞ്ഞു.

കൂട്ടായ്മയുടെ കരുത്ത്

ജില്ലയിലെ ഏഴു കൈത്തറി സൊസൈറ്റികളിലെ 245 തറികളും ഖാദി മേഖലയിലെ 202 ചർക്കകളും 110 തറികളുമാണ് പ്രളയത്തിൽ നശിച്ചത്. കൈത്തറി മേഖലയിൽ 2.84 കോടി രൂപയുടെ നഷ്ടവും ഖാദി മേഖലയിൽ 3.6 കോടി രൂപയുടെ നഷ്ടവുമുണ്ടായതായാണ് കണക്കുകൾ. ‌

പുനരുദ്ധാരണ പ്രവർത്തനങ്ങൾ 100 ദിവസം പിന്നിട്ടപ്പോൾ തന്നെ തറകളിൽ ഏറിയ പങ്കും പ്രവർത്തനക്ഷമമായിരുന്നു. സർക്കാർ സംവിധാനങ്ങൾക്കു കാത്തുനിൽക്കാതെ സഹായമെത്തിച്ച വ്യക്തികളും കൂട്ടായ്മകളുമാണ് ചേന്ദമംഗലത്തെ കൈപിടിച്ചുയർത്തിയത്. കൈത്തറി– ഖാദി മേഖലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ സേവ് ദ് ലൂം കൂട്ടായ്മയ്ക്കു ജില്ലാ ഭരണകൂടത്തിന്റ പുരസ്കാരം ലഭിച്ചു. രമേഷ് മേനോനും നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും ചേർന്നു തുടക്കമിട്ട സേവ് ദ ലൂം തറികളുടെ പുനരുദ്ധാരണത്തിനു മാത്രമല്ല ചേന്ദമംഗലം കൈത്തറിയുടെ പ്രചാരണത്തിനും  മുന്നോട്ടുള്ള പ്രവർത്തനത്തിനും വഴികാട്ടിയായി മാറുകയായിരുന്നു. 

‘തറികളുടെ അറ്റകുറ്റപ്പണിയായിരുന്നു ആദ്യ വെല്ലുവിളി. അതിനുവേണ്ടി വ്യക്തികളെയാണു സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.െക. ഉഷയും ഭർത്താവ് ജസ്റ്റിസ് കെ. സുകുമാരനുമാണ് ആദ്യം സഹായം നൽകിയത്. തുടർന്ന് ഒട്ടേറെ സാമൂഹിക കൂട്ടായ്മകളും ക്ലബുകളും എൻജിഒകളും കോർപറേറ്റ് സിഎസ്ആർ ഫണ്ടും ചേന്ദമംഗലത്തെത്തി , പക്ഷേ അതുകൊണ്ടു മാത്രമായില്ല, മുന്നോട്ടുള്ള വഴികൾ ഒരുക്കുകയായിരുന്നു പ്രധാനം’– രമേഷ് മേനോൻ പറയുന്നു.

ഡിസൈനർമാർ ചേന്ദമംഗലത്ത്

പരമ്പരാഗത രീതിയിൽ സാരിയും മുണ്ടുകളും തോർത്തും മാത്രമായാൽ കാര്യമില്ല. ഡിസൈനർ ഇടപെടൽ വന്നാലെ ദേശീയ, രാജ്യാന്തര തലത്തിലേക്ക് കൈത്തറിയെ ഉയർത്താനാകൂ. ഖാദിയെന്നാൽ ഇന്റർനാഷനൽ ലക്ഷുറി ഫാബ്രിക് ആണ്. ഇവിടുത്തെ കോറ ഖാദിക്ക് അത്രയേറെ മൂല്യമുണ്ട്, പക്ഷേ അതിനാദ്യം വേണ്ടത് ഇവിടെ രാജ്യത്തെ മികച്ച ഡിസൈനർമാരെ എത്തിക്കുകയെന്നതായിരുന്നു.

രമേഷ് മേനോന്റെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയത് ഇരുപതിലേറെ  രാജ്യാന്തര പ്രശസ്തരായ ഇന്ത്യൻ ഡിസൈനർമാരാണ്. പലരും ഖാദിയിലും കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചവർ. ഇവിടെയെത്തിയവരെല്ലാം സഹായം വാഗ്ദാനം ചെയ്താണു മടങ്ങിയത്. അതു വെറും വാക്കായിരുന്നില്ലെന്ന് ഫോർട്ട് കൊച്ചിയിലെ 108 എന്ന പോപ്അപ് ഷോപ് തെളിയിക്കുന്നു. പ്രളയത്തിനു ശേഷം കൃത്യം 108 നാളുകൾ പിന്നിടുമ്പോൾ ചേന്ദമംഗലത്തിന്റെ പ്രൗഢി ലോകത്തിനു മുന്നിൽ കാഴ്ചവയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മുസിരിസ് ബിനാലെ കാണാനെത്തുന്നവർക്കായി പോപ്അപ് ഷോപ് ഒരുക്കിയത്. ഇവിടെ കാണാം, കണ്ടുപരിചയിച്ച തോർത്തും മുണ്ടുമെല്ലാം ,ലോകത്തെ ഏതു കോണിലും മികച്ച ഫാഷൻ സ്റ്റേറ്റ്മെന്റ് ആകുന്ന വസ്ത്രങ്ങളുടെ പുതിയ രൂപത്തിൽ അവതരിപ്പിച്ചത്.

നന്ത്യാട്ടുകുന്നത്തെ  ഖാദി കേന്ദ്രത്തിൽ നിന്നുള്ള  3തോർത്ത്, 2 മുണ്ട് എന്നിവ രാജ്യത്തെ മികച്ച 20 ഡിസൈനർമാർക്ക് അയച്ചുകൊടുത്തു. പുതിയ ഡിസൈനുകൾ ഒരുക്കി അവർ അതു തിരികെ നൽകി. ബിനാലെ കാണാൻ ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകിയെത്തിയ ലോകം കണ്ടത് നമ്മുടെ തനതു തുണിത്തരത്തിന്റെ മികവു കൂടിയാണ്. പലരും ഓർഡറുകൾ നൽകി തിരികെ പോയി.

ഹോങ്കോങ്ങിലും കേരള ഖാദി

ഓണത്തിനും വിഷുവിനും മാത്രം ധരിക്കുന്ന, പ്രാദേശിയ മാർക്കറ്റിൽ മാത്രമായി ഒതുങ്ങുന്ന  കൈത്തറിയും ഖാദിയും രാജ്യാന്തര വേദിയിൽ എത്തിക്കുകയാണു വേണ്ടത്.  അതിലേക്കുള്ള ആദ്യപടി ഹോങ്കോങ്ങിൽ നടന്നു. ഇന്ത്യ ബൈ ഹാൻഡ് നടത്തിയ ‘ഇന്ത്യ കന്റംപ്രറി ഡിസൈൻ, ക്രാഫ്റ്റ്, കൾച്ചർ’ ഷോയിൽ ചേന്ദമംലം കൈത്തറിയുടെ സാന്നിധ്യവുമുണ്ടായി. അവിടെ ലഭിച്ച പ്രതികരണം ആവേശകരമായിരുന്നെന്ന് രമേഷ് മേനോൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com