ADVERTISEMENT

എയർപോർട്ടിൽ വന്നിറങ്ങി ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കുമ്പോൾ ആ വിഡിയോ കാണാതിരിക്കാൻ കഴിയില്ല. ഏതോ കമ്പനിയുടെ കോർപ്പറേറ്റ് പ്രമോ വിഡിയോയാണ്. അവരുടെ മിഷൻ ലക്ഷ്യങ്ങൾ, കമ്പനി എംഡി കോട്ടിട്ടു ബെൻസ് കാറിൽ വന്നിറങ്ങുന്നത്, കൊട്ടാരം പോലുള്ള വീട്ടിലെ ഭാര്യയും പിള്ളാരും, ഫാഷൻ മോഡലുകളെപ്പോലിരിക്കുന്ന ജീവനക്കാർ.... 

കമ്പനിയുടെ എവി (ഓഡിയോ വിഷ്വൽ) അങ്ങനെ നിരന്തരം പ്ളേ ചെയ്തുകൊണ്ടിരിക്കുന്നു. നാട്ടുകാരെ മൊത്തം ഇങ്ങനെ വിഡിയോ കാണിച്ചിട്ട് അവർക്കു പ്രയോജനമൊന്നുമില്ലെങ്കിലും ബ്രാൻ‍ഡ് വളർത്താൻ വേണമെന്നാരോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു. എവി ഉണ്ടാക്കുന്ന കമ്പനിക്കാര് അങ്ങനെ വാചകമടിച്ചു വീഴ്ത്തിയിരിക്കും. താൻ ആളൊരു പുപ്പുലിയാണെന്നും വൻ വ്യവസായിയാണെന്നും നാട്ടുകാരെ കാണിക്കാനൊരു മാർഗമാണല്ലോ എന്നു വ്യവസായിക്കും തോന്നിക്കാണും. ഐ ഹാവ് അറൈവ്ഡ്...ദേ വ്യവസായ ധനാഢ്യ ലോകത്തേക്ക് ‍ഞാനും എത്തിപ്പോയി എന്നു പത്തുപേരെ അറിയിക്കുകയുമാവാം. 

പടം കണ്ടിട്ട് ‘ഡേയ് ഇതു നമ്മുടെ കൂടെ പണ്ട് കലുങ്കിന്റെ കീഴിലിരുന്ന് ചീട്ടു കളിച്ചിരുന്ന കൊച്ചാപ്പിയല്ലേ’ എന്നാരെങ്കിലും ചോദിക്കാനും മതി. കാലം പോയ പോക്കേ എന്ന് അവർ അത്ഭുതം കൂറണം എന്നാണു കൊച്ചാപ്പിയുടെയും ലക്ഷ്യം.

എവി  കോളടിക്കുന്ന ബിസിനസ് ആകുന്നു. ആരെയും വാചകമടിച്ചു ചാക്കിലാക്കാം. ആളിന്റെ പണപ്പെട്ടിയുടെ വലിപ്പം അനുസരിച്ച് ഏതാനും ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചെലവു വരാം. നാട്ടിൽ‍ മാത്രം ഷൂട്ട് ചെയ്യാം അല്ലെങ്കിൽ വിദേശങ്ങളിൽ പറന്നു നടന്നു ഷൂട്ട് ചെയ്യാം. 

തുടക്കം ഏതെങ്കിലും മാനേജ്മെന്റ് ഗുരുവിന്റെ സൂക്തം വച്ചിട്ടാവണം. പാർക്കിൻസൺസ് നിയമം, പീറ്റർ പ്രിൻസിപ്പിൾ തുടങ്ങിയവയിലൊന്നിൽ പിടികൂടാം. കഠിനാധ്വാനത്തിന്റെ വിജയകഥയെന്നോ ‘അരിസ്റ്റോക്രാറ്റിക്’ കുടുംബമെന്നോ തരാതരം പോലെ തട്ടുക. അശരീരികൾ സ്റ്റൈലൻ ഇംഗ്ളീഷിലാവണമല്ലോ. അടിപൊളി പോപ് സംഗീതവും വേണം. കമ്പനിയുടെ വിഷൻ, മിഷൻ സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ഇല്ലെങ്കിലും ഉണ്ടാക്കി പറയണം. സ്വന്തം ഓഫിസ് തൊഴുത്തു പോലാണെങ്കിലും സാരമില്ല, വല്ല ഐടി പാർക്കിലും പോയി വിഷ്വൽസ് എടുത്തിട്ട് ഇതിന്റെ കൂടെ ചേർക്കുക. യൂട്യൂബിൽ അത്തരം വിഷ്വലുകൾ കിട്ടും. സിംഗപ്പൂർ, ലണ്ടൻ, ന്യൂയോർക്ക് വിഷ്വലുകളും കേറ്റണം. ആകപ്പാടെ ബാങ്കോക്ക്–പട്ടയ വരെ മാത്രമേ പോയിട്ടുള്ളുവെങ്കിലും വ്യവസായി ഇവിടൊക്കെ വിലസുന്നയാളാണെന്നേ കാണുന്നവർക്കു തോന്നൂ.

സിഎസ്ആർ പരിപാടികളാണ് വിഡിയോയുടെ അവസാനം വരേണ്ടത്. കുട്ടികൾ, സ്കൂളുകൾ...സൂര്യൻ ഉദിച്ചുയരുന്ന പശ്ചാത്തലത്തിൽ എംഡിയുടെ മനോഹരമായ ഷോട്ട്...ഇതാ പുതിയ താരസൂര്യോദയം...

എപ്പടി? ഇതൊക്കെയല്ലേ ചേട്ടാ ബിസിനസ് ഭൂം?

ഒടുവിലാൻ ∙ കോർ വാല്യൂസ്, പീപ്പിൾ, ടെക്നോളജി, പ്രോസസ്, സ്ട്രാറ്റജി...വെറുതേ തട്ടിക്കോ. വ്യവസായി വിഡിയോ കണ്ടിട്ടാകെ രോമാഞ്ചകഞ്ചുകിതനാവണം. ശ്ശെടാ, ഞാൻ ഇത്രയുമുണ്ടോ എന്നു തോന്നണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com