ADVERTISEMENT

ചോദ്യം: ജിഎസ്ടി  റജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ സ്വീകരിക്കുകയോ ചെയ്താൽ വാങ്ങുന്നയാൾ/സേവനം സ്വീകരിക്കുന്നയാൾ റിവേഴ്സ് ചാർജിൽ ജിഎസ്ടി നൽകണമെന്ന് സിജിഎസ്ടി 9(4) വകുപ്പ് ഐജിഎസ്ടി 5(4) വകുപ്പുകളിൽ പറയുന്നുണ്ട്. പക്ഷേ, റിവേഴ്സ് ടാക്സ് 2018 മാർച്ച് 31 വരെ ഒഴിവാക്കി. പിന്നീട് ഈ ഒഴിവ് 2019 സെപ്റ്റംബർ വരെ നീട്ടി. എന്നാൽ ആ നികുതിയൊഴിവു വിജ്ഞാപനങ്ങൾ ഫെബ്രുവരി ഒന്നു മുതൽ റദ്ദാക്കിയതായി ജനുവരി 29ന് ഇറക്കിയ 01/2019 സെൻട്രൽ ടാക്സ് വിജ്ഞാപനത്തിൽ കാണുന്നു. ഇതിനർഥം 2019 ഫെബ്രുവരി മുതൽ റജിസ്ട്രേഷനില്ലാത്തവരിൽനിന്നും വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും പഴയതുപോലെ വീണ്ടും റിവേഴ്സ് ടാക്സിൽ ജിഎസ്ടി നൽകണമെന്നാണോ?

ഉത്തരം: താങ്കൾ ധരിക്കുന്നതുപോലെ ഫെബ്രുവരി 1 മുതൽ റിവേഴ്സ് ടാക്സ് നൽകേണ്ടിവരില്ല. എന്തുകൊണ്ടെന്നു ചോദിച്ചാൽ സിജിഎസ്ടി നിയമത്തിലെ 9(4) വകുപ്പ് ഭേഗഗതി ചെയ്തിട്ടുണ്ട്. ഭേദഗതി നിയമം ലോകസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം 2018 ഓഗസ്റ്റിൽ തന്നെ ലഭിച്ചിരിന്നുവെങ്കിലും വിജ്ഞാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ മാത്രമേ പ്രാബല്യത്തിൽ വരുമായിരുന്നുള്ളൂ. 2018 ലെ ഭേദഗതി നിയമം 2019 ഫെബ്രുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം 02/2019 സെൻട്രൽ ടാക്സ് 2019 ജനുവരി 29ന് ഇറക്കിയിട്ടുണ്ട്. 

ഭേദഗതി  ചെയ്ത 9(4) വകുപ്പു പ്രകാരം ഗവ. വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്ന വിഭാഗക്കാർക്കു മാത്രമാണ് റിവേഴ്സ് ചാർജ്; അതും നിർദ്ദിഷ്ട ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മാത്രം. ഇതേത്തുടർന്ന് നികുതിയൊഴിവു നൽകുന്ന വിജ്ഞാപനത്തിന് പ്രസക്തിയില്ലാതായി. അതിനാലാണു പിൻവലിച്ചത്. ഭേദഗതി ചെയ്ത 9(4) വകുപ്പ് പ്രകാരം ഉൽപന്നങ്ങൾ, സേവനങ്ങൾ എന്തൊക്കെ, ഏത് വിഭാഗക്കാർക്കാണ് റിവേഴ്സ് ചാർജ് ബാധകമാകു എന്നൊക്കെയുള്ള വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. 

വിജ്ഞാപനത്തിൽ പ്രഖ്യാപിക്കുന്നവർക്ക്/സാധനങ്ങൾക്ക്/സേവനങ്ങൾക്ക് മാത്രമേ പ്രഖ്യാപിത തീയതി മുതൽ റിവേഴ്സ് ചാർജ് ബാധകമാകുകയുള്ളൂ. അതുവരെ തൽക്കാലം 9(4) പ്രകാരമുളള റിവേഴ്സ് ചാർജ് വേണ്ട. (9(3) പ്രകാരമുള്ള റിവേഴ്സ് ചാർജ് പ്രാരംഭം മുതൽ ഉണ്ട്, ഇപ്പോഴും തുടരുന്നു– വക്കീൽ ഫീസ്, ഗവ. സേവനങ്ങൾ, ചരക്കുകൂലി, ഡയറക്ടമാർക്കുള്ള പ്രതിഫലം എന്നിവയ്ക്ക് റിവേഴ്സ് ചാർജ് 9(3) വകുപ്പിനു കീഴിലാണ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com