ADVERTISEMENT

ഇന്ത്യൻ വിമാനക്കമ്പനികൾ വിദേശ സർവീസുകൾ വർധിപ്പിക്കുന്നു. വിദേശ സെക്ടറുകളിൽ ഇന്ത്യൻ കമ്പനികൾക്ക് നടത്താൻ അവകാശപ്പെട്ട സർവീസുകൾ ഏറ്റെടുക്കുന്നു എന്നതിലുപരി രാജ്യത്ത് ആഭ്യന്തര സെക്ടറിലെ ശക്തമായ മൽസരമാണ് വിദേശ സർവീസുകളിൽക്കൂടി ശ്രദ്ധ പതിപ്പിക്കാൻ കമ്പനികൾക്ക് പ്രചോദനമാകുന്നത്. ഇന്ത്യയിൽ ആഭ്യന്തര സെക്ടറിൽ വിമാനക്കമ്പനികൾ തമ്മിൽ ശക്തമായ മൽസരമാണുള്ളത്. അതിനാൽത്തന്നെ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ആഭ്യന്തര വിമാന നിരക്കുകളാണു രാജ്യത്ത് നിലവിലുള്ളത്. വ്യോമയാന മേഖലയിൽ മുൻപന്തിയിലുള്ള അമേരിക്കയിലും ചൈനയിലും ആഭ്യന്തര സെക്ടറിൽ ഒരു കിലോമീറ്ററിന് ശരാശരി യാത്രാച്ചെലവ് 173 രൂപയാണ്. ഇന്ത്യയിൽ ഇത് വെറും 83 രൂപ. 

ഇന്ത്യയിൽ ആഭ്യന്തര വ്യോമയാന മേഖലയിൽ പ്രതിവർഷം 20% വരെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുണ്ടെങ്കിലും വിദേശയാത്രക്കാരുടെ എണ്ണത്തിൽ വർധന കുറവാണ്. അടുത്തിടെ വ്യോമയാന മേഖലയിലെ ഒരു ഗവേഷണ ഏജൻസി നടത്തിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ 10 കോടി ജനങ്ങളെങ്കിലും വിദേശത്തേക്ക് അവധിക്കാലം ആഘോഷിക്കാനോ മറ്റോ കഴിയത്തക്ക സാമ്പത്തിക സ്ഥിതിയുള്ളവരാണങ്കിലും നിലവിൽ 50 ലക്ഷം പേർ മാത്രമാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. 

ഇന്ത്യയിൽ നിന്നുള്ള വിദേശ സെക്ടറുകളിലേക്കെല്ലാം വിദേശ വിമാനകമ്പനികൾക്കാണ് നിലവിൽ മേൽക്കൈ. ഈയിടെയാണ് എയർഇന്ത്യയ്ക്കു പുറമെ സ്വകാര്യ വിമാനക്കമ്പനികളെ വിദേശത്തേക്കു പറക്കാൻ അനുവദിച്ചതുതന്നെ. സ്വകാര്യ കമ്പനികളെ അനുവദിച്ചതോടെ, കഴിഞ്ഞ 10 വർഷമായി വിദേശക്കമ്പനികൾ കയ്യടക്കിവെച്ചിരുന്ന വിദേശ സെക്ടറുകളിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സാന്നിധ്യം 37% വരെയാക്കി ഉയർത്താൻ കഴിഞ്ഞു. 

വിദേശ സെക്ടറുകളിലെ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം പരമാവധി ഉയർത്തുക, ആഭ്യന്തര സെക്ടറിൽ മാത്രം ശ്രദ്ധിച്ചുണ്ടാകുന്ന നഷ്ടത്തിൽനിന്നു മോചനം നേടുക, ഇന്ത്യക്കാരുടെ വിദേശ വിനോദ യാത്ര പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദേശ സർവീസുകൾ വർധിപ്പിക്കുന്നതിലൂടെ ഇന്ത്യൻ കമ്പനികൾ ലക്ഷ്യമിടുന്നത്. 

എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഇൻഡിഗോ

പുതിയ പദ്ധതിയുടെ ഭാഗമായി എയർഇന്ത്യ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ നോൺസ്റ്റോപ് സർവീസുകൾ ഈ വർഷം ആരംഭിക്കും. നിലവിൽ എയർഇന്ത്യ മാത്രമാണ് ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും സർവീസുകൾ നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനി. നേരത്തെ തകരാർ മൂലം സർവീസ് നിർത്തിവച്ചിരുന്ന 3 ഡ്രീംലൈനർ വിമാനങ്ങളും ഒരു ബോയിങ് 777 വിമാനവും ഈ വർഷം തിരികെ ലഭിക്കുന്നതോടെയാണ് എയർഇന്ത്യ സർവീസുകൾ വർധിപ്പിക്കുന്നത്. ഷിക്കാഗോ, സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ കേന്ദ്രങ്ങളാണ് പുതിയ സർവീസുകൾക്കായി പരിഗണിക്കുന്നത്. ആഴ്ചയിൽ മൂന്നു നോൺസ്റ്റോപ്പ് സർവീസുകളാകും പുതുതായി ആരംഭിക്കുക. നിലവിൽ എയർഇന്ത്യക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന് അമേരിക്കൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 51 സർവീസുകളാണുള്ളത്. 

സ്പൈസ്ജെറ്റിന് ഈ വർഷം 20 ബോയിങ് 737 മാക്സ് വിമാനങ്ങൾ ലഭിക്കുന്നതോടെ വിദേശ സാന്നിധ്യം വർധിപ്പിക്കും. നിലവിൽ ബാങ്കോക്ക്, കൊളംബോ, കാബൂൾ, കാഠ്മണ്ഡു, മാലി, ദുബായ്, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് വിദേശ സർവീസുകൾ ഉള്ളത്. ചൈന, സിംഗപ്പൂർ, ക്വാലലംപൂർ, ഏതാനും പഴയ റഷ്യൻ റിപബ്ലിക് രാജ്യങ്ങൾ തുടങ്ങിയവയാണ് പുതിയ വിദേശസർവീസുകൾക്ക് പരിഗണനയിലുള്ളത്. മധ്യനിര വിമാനങ്ങൾ ഉപയോഗിച്ച് അഞ്ചോ ആറോ മണിക്കൂറുകൾ നീളുന്ന സർവീസുകൾ നടത്തുകയാണ് ലക്ഷ്യം. 

ഇൻഡിഗോ ചൈനയിലേക്ക് ഈ വർഷം സർവീസ് ആരംഭിക്കും. ഇന്ത്യയിലെയും ചൈനയിലെയും രണ്ടോ നാലോ നഗരങ്ങളെത്തമ്മിൽ ബന്ധിപ്പിച്ച് ആഴ്ചയിൽ 14 സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ഏതാനും യൂറോപ്യൻ സെക്ടറുകളും  ലണ്ടനും പരിഗണനയിലുണ്ട്. നിലവിൽ ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിച്ച് ആഴ്ചയിൽ 47 സർവീസുകളാണുള്ളത്. ഇതിൽ 5 സർവീസുകൾ മാത്രമാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്നത്. ബാക്കി സർവീസുകളെല്ലാം ചൈനീസ് വിമാനക്കമ്പനികളുടേതാണ്. 

ഇൻഡിഗോയുടെ ഇസ്താംബൂൾ സർവീസ് മാർച്ചിൽ ആരംഭിക്കും. 222 സീറ്റുകൾ വീതമുള്ള എയർബസിന്റെ എ320 വിമാനങ്ങളാകും ചൈന, ഇസ്താംബൂൾ സർവീസുകൾക്കുപയോഗിക്കുക. 

ഗോ എയർ നിലവിൽ ഫുക്കെ(തായ്‌ലാൻഡ്), മാലി, മസ്കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. ഗോ എയറിന് 2016ൽ തന്നെ ചൈന, വിയറ്റ്നാം, കസാഖ്സ്ഥാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സർവീസിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ എ320 വിമാന എൻജിനുകളുടെ സാങ്കേതിക തകരാറുകളെത്തുടർന്ന് മുഴുവൻ സർവീസുകളും ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം സാങ്കേതിക തകരാറുകൾ പരിഹരിച്ച് കൂടുതൽ സെക്ടറുകളിലേക്കു പറക്കാനാണ് ലക്ഷ്യമിടുന്നത്.

വിസ്താരയും എയർഏഷ്യ ഇന്ത്യയും വിദേശ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കാൻ അനുമതി കാത്തിരിക്കുകയാണ്. തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളാണ് എയർഏഷ്യ ലക്ഷ്യമിടുന്നതെങ്കിൽ യൂറോപുൾപ്പെടെയുള്ള സെക്ടറുകളാണ് വിസ്താരയുടെ പദ്ധതിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com