sections
MORE

മാനം നോക്കി സമ്പദ്‌വ്യവസ്ഥ

HIGHLIGHTS
  • മഴ കുറയുെമെന്ന പ്രവചനം ആശങ്കയുണർത്തുന്നു
rain
SHARE

കൊച്ചി ∙ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തോതു ദീർഘകാല ശരാശരിയുടെ 93% മാത്രമായിരിക്കും എന്ന സ്‌കൈമെറ്റ് വെതർ സർവീസസിന്റെ പ്രവചനം സമ്പദ്‌വ്യവസ്‌ഥയുടെ ഭാവി സംബന്ധിച്ച് ആശങ്കയുണർത്തുന്നു. സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷ കെടുത്തുന്നതാണു പ്രവചനം.
മഴ കുറവായിരിക്കുമെങ്കിലും രൂക്ഷമായ വരൾച്ചയ്‌ക്കു സാധ്യതയുള്ളതായി പ്രവചിക്കപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. ദേശീയ കാലാവസ്‌ഥ വകുപ്പിന്റെ പ്രവചനം ഏതാനും ദിവസത്തിനകം പുറത്തുവരുന്നതോടെ ചിത്രം കൂടുതൽ വ്യക്‌തമാകും.

മഴയുടെ അളവിലുണ്ടാകുന്ന ഇടിവ് ഏതാണ്ട് എല്ലാ ഇനം കാർഷികോൽപന്നങ്ങളുടെയും ഉൽപാദനത്തിൽ പ്രതിഫലിക്കും. ധാന്യ ശേഖരത്തെ ഇതു കാര്യമായി ബാധിക്കും. പയർ വർഗങ്ങൾ, പഞ്ചസാര, സസ്യ എണ്ണ തുടങ്ങിയ ധാന്യേതര ഭക്ഷ്യോൽപന്നങ്ങൾ കൂടുതലായി ഇറക്കുമതിചെയ്യേണ്ടിവരുമെന്ന പ്രശ്‌നവുമുണ്ട്. പാലിന്റെ ലഭ്യതയെയും വിലയെയും ബാധിക്കുന്ന തരത്തിൽ കാലിത്തീറ്റയുടെ ഉൽപാദനത്തിലും കുറവുണ്ടാകും.

ഭക്ഷ്യോൽപന്ന വിലകൾ വർധിക്കുന്നതോടെ രാജ്യം വീണ്ടും പണപ്പെരുപ്പത്തിലേക്കാണു നീങ്ങുക. ഇതു വായ്‌പനിരക്കുകൾ ഉയർത്താൻ കേന്ദ്ര ബാങ്കിനെ നിർബന്ധിക്കും. 2009ലെ വരൾച്ചയുടെ ഫലമായി ഭക്ഷ്യോൽപന്ന വിലകൾ കുത്തനെ ഉയർന്നപ്പോൾ നാണ്യപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലെത്തുകയും തുടർന്നു 2010 മാർച്ചിനും 2011 ഒക്‌ടോബറിനും ഇടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കു 13 തവണ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരികയും ചെയ്‌തു.

കാർഷികോൽപാദനം കുറയുന്നതും പലിശ നിരക്കുകൾ വർധിക്കുന്നതും വായ്‌പകളുടെ തിരിച്ചടവിനെ ബാധിക്കും. കിട്ടാക്കടത്തിൽനിന്നു കരകയറാൻ തീവ്രശ്രമം നടത്തുന്ന ബാങ്കുകൾക്ക് ഇതു തിരിച്ചടിയാകും.മോശമായ വിളവെടുപ്പിൽ വല്ലാതെ തകരുന്നതു ഗ്രാമീണ സമ്പദ്‌വ്യസ്‌ഥയാണ്. ഇത് എല്ലാ ഉൽപന്നങ്ങളുടെയും വിപണിയെ തളർത്താനാണ് ഇടയാക്കുക. കൃഷി മേഖലയിലെ തളർച്ച വ്യവസായ മേഖലയ്‌ക്കും ഭീഷണിയാകുമെന്നർഥം.

വ്യവസായ മേഖലയിലെ തളർച്ച മൂലധന നിക്ഷേപം ആകർഷിക്കാൻ കഴിയാത്ത അവസ്‌ഥ സൃഷ്‌ടിക്കും. കാലാവസ്‌ഥ പ്രവചനം അതിവേഗ വിൽപനയുള്ള ഉപഭോക്‌തൃ ഉൽപന്നങ്ങളുടെ (എഫ്‌എംസിജി) നിർമാതാക്കളെ അസ്വസ്‌ഥരാക്കിയിട്ടുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങളിൽനിന്നു വ്യക്‌തമാകുന്നത്. എഫ്‌എംസിജി കമ്പനികളുടെ വിറ്റുവരവിൽ വലിയൊരു പങ്കു ഗ്രാമീണ മേഖലകളിൽനിന്നാണ് എന്നതുതന്നെ കാരണം. ചില കമ്പനികളുടെ ആഭ്യന്തര വിൽപന വരുമാനത്തിന്റെ പകുതിയും ഗ്രാമീണ വിപണികളിൽനിന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA