ADVERTISEMENT

മുംബൈ∙ ജെറ്റ് എയർവേയ്സിന്റെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ പലവഴിക്കു നടക്കുമ്പോഴും കമ്പനിയുടെ പ്രവർത്തനം ഏതാണ്ട് അവസാനിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ബാങ്കുകൾ അടിയന്തരമായി തുക അനുവദിച്ചില്ലെങ്കിൽ രക്ഷയില്ലെന്നു സൂചിപ്പിച്ച് കമ്പനി മാനേജ്മെന്റ് സ്റ്റോക് എക്സ്ചേഞ്ചുകൾക്കു കത്തു നൽകി. വ്യോമയാന ഉദ്യോഗസ്ഥരുമായും കമ്പനി ചർച്ചയിലാണ്.

5 വിമാനങ്ങൾ മാത്രമാണിപ്പോൾ കമ്പനി പറത്തുന്നത്. 400  കോടി രൂപയെങ്കിലും ഉടൻ കിട്ടിയില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കയേ വഴിയൂള്ളൂ എന്ന് ജെറ്റിന്റേ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ തീരുമാനമായെന്നു വാർത്തകളുണ്ട്. എസ്ബിഐയോട് ഇത്രയും തുക ചോദിക്കാൻ സിഇഒ വിനയ് ദുബെയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കമ്പനിയുടെ ഓഹരി വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, വിവിധ നിക്ഷേപകരുടെ താൽപര്യപത്രം പരിശോധിക്കുന്ന നടപടിയിലാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മ. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആണ് ഈ ജോലി നിർവഹിക്കുന്നത്. ഇത്തിഹാദ് എയർവേയ്സ് അടക്കമുള്ളവർ മുന്നോട്ടുവന്നതായി സൂചനകളുണ്ടെങ്കിലും ഔദ്യോഗിക വെളിപ്പെടുത്തലുകളില്ല. 

സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രംഗത്തെത്തിയിരുന്നെങ്കിലും പിന്മാറുകയാണെന്ന് ഇന്നലെ വ്യക്തമാക്കി.

ജെറ്റിന്റെ പ്രതിസന്ധിയും അതിനെത്തുടർന്ന് രാജ്യത്തു വിമാനനിരക്ക് ഉയരുന്നതും സംബന്ധിച്ച് ചർച്ച ചെയ്യാൻ വ്യോമയാനമന്ത്രി പ്രഭുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വേണ്ടവിധം ഇടപെടണമെന്ന് വ്യോമയാന സെക്രട്ടറിക്കും വ്യോമയാന ഡയറക്ടർ ജനറലിനും  നിർദേശം നൽകിയിട്ടുണ്ട്.

 

നിരക്ക് അനിയന്ത്രിതമായി ഉയരാതിരിക്കാൻ നടപടിയെടുക്കുമെന്ന് വിമാനസർവീസ് കമ്പനികൾ അറിയിച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ് കൂടുതൽ മാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.

ബാങ്കുകൾ അടിയന്തരമായി 1500 കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിനു കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്പ തിരിച്ചവു മുടങ്ങിയ കമ്പനി ഇപ്പോൾ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com