ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാലും പെട്രോൾ– ഡീസൽ വില കൂട്ടാതിരിക്കാം; തിരഞ്ഞെടുപ്പു കാലമായിരിക്കണമെന്നു മാത്രം.പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 9 % കൂടി. ഇതേ കാലയളവിൽ പെട്രോൾ– ഡീസൽ  വിലയിലുണ്ടായ വർധന ഒരു ശതമാനത്തിൽ താഴെ മാത്രം. മുൻപും തിരഞ്ഞെടുപ്പു കാലത്തു സമാന ‘വിലനിയന്ത്രണം’ പ്രകടമായിരുന്നു.

∙ 2017 ഒക്ടോബർ– നവംബർ: രാജ്യാന്തര വില 10 % കൂടി; ഇന്ത്യയിലെ പെട്രോൾ– ഡീസൽ  വിലവർധന 2 %. ഡിസംബറിലായിരുന്നു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.

∙ 2018 ഏപ്രിൽ– മേയ്: രാജ്യാന്തര വില 11 % കൂടി; പെട്രോൾ– ഡീസൽ  വിലവർധന ഒരു ശതമാനത്തിൽ താഴെ മാത്രം. തിരഞ്ഞെടുപ്പു നടന്നത് കർണാടകയിൽ.

∙ 2018 സെപ്റ്റംബർ– ഒക്ടോബർ: രാജ്യാന്തര വില 8 % കൂടി; പെട്രോൾ– ഡീസൽ  വിലവർധന 2%. ഒക്ടോബർ ആദ്യം ലീറ്ററിന് 2.50 രൂപ എക്സൈസ് നികുതിയിളവ് പ്രഖ്യാപിച്ചതു കൂടി വിലയിൽ പ്രതിഫലിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം വന്നതിന്റെ അടുത്ത ദിവസം മുതൽ വില ഉയർന്നുതുടങ്ങി. സമാന ട്രെൻഡ് അനുസരിച്ചാണെങ്കിൽ വോട്ടെടുപ്പ് തീരുന്ന മേയ് 19 വരെയെങ്കിലും വില കൂടുമെന്ന ആശങ്ക വേണ്ട.

തിരഞ്ഞെടുപ്പുകാലത്ത് വിലയ്ക്ക് കടിഞ്ഞാൺ

വിലനിർണയത്തിൽ സർക്കാരിന്റെ നിയന്ത്രണാധികാരം ഒഴിവായെന്നാണ് അവകാശവാദമെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് വിലയ്ക്കു കൃത്യമായി കടിഞ്ഞാൺ വീഴുന്നുവെന്നതാണു വാസ്തവം. മറ്റു സമയങ്ങളിലാകട്ടെ, രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാലും അതിവിടെ വിലയിൽ പ്രതിഫലിക്കണമെന്നുമില്ല.

ക്രൂഡോയിൽ വില കുറഞ്ഞുനിൽക്കുമ്പോൾ ആനുപാതികമായി വില കുറയ്ക്കാതെ കേന്ദ്ര സർക്കാർ 12 തവണ എക്സൈസ് തീരുവ കൂട്ടി; കുറച്ചതാകട്ടെ ഒരു തവണ മാത്രവും. 2014–15ൽ 1.05 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം. പടിപടിയായി എക്സൈസ് ഡ്യൂട്ടി കൂട്ടിയ ശേഷം 2018–19 വർഷം ലക്ഷ്യമിട്ട നികുതി വരുമാനമാകട്ടെ, 2.57 ലക്ഷം കോടിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com