ADVERTISEMENT

കൊച്ചി∙ സൗരോർജ വൈദ്യുതി ഉൽപാദന രംഗത്ത് സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന സാധ്യതകൾ മുതലെടുക്കാൻ അദാനി സോളർ കേരളത്തിലേക്ക്. പങ്കാളികളായ റിസ്റ്റോ സോളറുമായി ചേർന്ന് അദാനി സോളർ കേരളത്തിൽ പ്രവർത്തനം തുടങ്ങി. സൗരോർജത്തിൽ നിന്ന് 150 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായിരിക്കും ഇതെന്ന് അദാനി സോളർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രമേഷ് നായർ പറഞ്ഞു.

ചൈനയിൽ നിർമിക്കുന്ന സോളർ പാനലുകളായിരുന്നു കഴിഞ്ഞ വർഷം വരെ രാജ്യത്ത് കൂടുതലും വിറ്റഴിച്ചിരുന്നത്. ഈ പാനലുകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക നികുതി ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പാനലുകളുമായി വില വ്യത്യാസം ഇല്ലാതായി. കൂടുതൽ വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും ഇന്ത്യൻ നിർമിത സോളർ പാനലുകളിലേക്ക് മാറുന്നുണ്ടെന്ന്  അദാനി സോളർ റീട്ടെയിൽ ബിസിനസ് മേധാവി സെസിൽ അഗസ്റ്റിൻ പറഞ്ഞു. 25 വർഷത്തെ വാറന്റിയാണ് പാനലുകൾക്ക് നൽകുന്നത്. റിസ്റ്റോയിലൂടെ അദാനിയുടെ ബ്രാൻഡഡ് പാനലുകൾ മാത്രമായിരിക്കും നൽകുക. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്കു പിന്നാലെയാണ് അദാനി സോളർ കേരളത്തിലേക്കും എത്തുന്നത്. തമിഴ്നാട്ടിലും കർണാടകയിലും ഉടൻ തന്നെ പാനൽ വിതരണം ആരംഭിക്കും. ചെറുകിട വിൽപന രംഗത്ത് 50% വിപണി വിഹിതമാണ് ലക്ഷ്യം വയ്ക്കുന്നത്.

ടെറസ് വീടുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിന്റെ ചെലവ് 4–5 വർഷത്തിനുള്ളിൽ വൈദ്യുതി ചാർജ് ലാഭിക്കുന്നതിലൂടെ മുതലാക്കാം. പിന്നീടുള്ള 20 വർഷവും വൈദ്യുതി നിരക്കിനത്തിൽ ചെലവ് ഉണ്ടാവില്ല. ബജറ്റിൽ പ്രഖ്യാപിച്ച 500 മെഗാവാട്ട് റൂഫ്ടോപ് സോളർ പദ്ധതി, 500 മെഗാവാട്ട് ഫ്ലോട്ടിങ്, ടെറസ്ട്രിയൽ സോളർ പദ്ധതി എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ അദാനി സോളർ സംഭാവനകൾ നൽകുമെന്ന് രമേഷ് നായർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com