ADVERTISEMENT

ന്യൂഡൽഹി ∙ ജെറ്റ് എയർവേയ്സിന്റെ വിമാനങ്ങൾ ഭൂരിഭാഗവും  സർവീസ് അവസാനിപ്പിച്ചതോടെ ആഭ്യന്തര–രാജ്യാന്തര വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. നോൺ സ്റ്റോപ് വിമാനങ്ങൾക്കു ടിക്കറ്റ് കിട്ടാനില്ല. ഒന്നോ അതിലധികമോ സ്റ്റോപ്പുള്ള സർവീസുകൾക്കും മൂന്നും നാലും മടങ്ങ‌് അധികം നൽകണം. വിമാനങ്ങൾ പലതും റദ്ദാക്കിയതും ഈസ്റ്റർ അവധി കാരണം യാത്രക്കാരുടെ എണ്ണം വർധിച്ചതും നിരക്കുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റർ ദിനത്തിൽ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു യാത്ര ചെയ്യണമെങ്കിൽ ഒരു ഭാഗത്തേക്കു മാത്രം 1.59 ലക്ഷം രൂപയാണു നിരക്ക്. മുംബൈ–ഫ്രാങ്ക്ഫർട്ട് വഴി ലണ്ടനിലേക്കു പറക്കുന്ന അലി‌റ്റാലിയ(alitalia) എയർവേയ്സിന്റെ വിമാനം 16 മണിക്കൂറിലാണു സർവീസ് പൂർത്തിയാക്കുന്നത്. മുംബൈയിൽ നിന്നു ലണ്ടനിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിനു 2 ലക്ഷം രൂപ മുടക്കണം. ഏതാനും ആഴ്ചത്തേക്ക് ഇതു തന്നെയാകും സ്ഥിതിയെന്നു ട്രാവൽ ഏജന്റുമാർ പറയുന്നു.

മുൻപു 35,000–45,000 നിരക്കിൽ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഡൽഹിയിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഏറ്റവും കുറ‍ഞ്ഞ ടിക്കറ്റിനു നിരക്ക് 50,000 രൂപയാണ്. പക്ഷേ, ടർക്കിഷ് എയർവേയ്സിന്റെ വിമാനം 27 മണിക്കൂറെടുത്താണു യാത്ര പൂർത്തിയാക്കുക. 14 മണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന എയർ ഇന്ത്യ വിമാനത്തിനു 87,000 രൂപ മുടക്കണം. മുംബൈയിൽ  നിന്നാകട്ടെ, 13 മണിക്കൂർ യാത്രയുള്ള ഖത്തർ എയർവേയ്സിന്റെ വിമ‌ാനത്തിന് 1.38 ലക്ഷം രൂപയാണു നിരക്ക്.

രാജ്യാന്തര സെക്ടറിലും നിരക്കുയർന്നു

നെടുമ്പാശേരി ∙ ജെറ്റ് എയർവെയ്‌സ് സർവീസ് നിർത്തിയതോടെ രാജ്യാന്തര സെക്ടറിലും നിരക്കുകൾ കുത്തനെ ഉയർന്നു. ശരാശരി 6000 രൂപ വരുന്ന കൊച്ചി–ദുബായ് സെക്ടറിൽ ഇന്നത്തെ നിരക്ക് ഇരുപതിനായിരത്തിനു മുകളിലാണ്. ഇൻഡിഗോ–20638, എയർ അറേബ്യ–21761, എത്തിഹാദ്–22410, എയർഇന്ത്യ എക്സ്പ്രസ്–22113, സ്പൈസ്ജെറ്റ്–23558, എയർഇന്ത്യ–24745, എമിറേറ്റ്സ്–26731, ഗൾഫ് എയർ 26828 എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ. ദുബായ്–കൊച്ചി നിരക്കുകൾ 10000 മുതൽ 24000 വരെയാണ്.

കൊച്ചി–മസ്കറ്റ് റൂട്ടിൽ 14000 രൂപ മുതലാണ് നിരക്കുകൾ‌. ഈ റൂട്ടിൽ എയർ അറേബ്യ നിരക്ക് 18456 ആണ്. എയർഇന്ത്യ –18411, ഗൾഫ് എയർ–19447, ഖത്തർ എയർവേയ്സ്–20999. എത്തിഹാദ്–23019, എയർഇന്ത്യ എക്സ്പ്രസ്–25481 എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ നിരക്കുകൾ. മസ്കറ്റ്–കൊച്ചി സെക്ടറിലും നിരക്കുകൾ ഏതാണ്ടിതു തന്നെ. ഇനി ജൂലൈ അവസാനത്തോടെയേ ഈ സെക്ടറിൽ ശരാശരി നിരക്കായ 7000–8000 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കൂ.

കൊച്ചിയിൽ നിന്നു ഷാർജയിലേക്ക് നിരക്കുകൾ ആരംഭിക്കുന്നത് എയർഇന്ത്യ എക്സപ്രസിന്റെ 19987ൽ നിന്നാണ്. എയർ അറേബ്യ–23787, ഇൻഡിഗോ–28755 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ നിരക്കുകൾ. ശരാശരി 5000–6000 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കുന്ന റൂട്ടാണിത്.ദോഹയിലേക്കും ഏറ്റവും കുറഞ്ഞ നിരക്കുകൾ ഇൻഡിഗോയുടേതാണ്–22391. എയർഇന്ത്യ എക്സ്പ്രസ് നിരക്ക് 23158. ഖത്തർ എയർവേയ്സ് നിരക്ക് 23698 ആണ്. കൊച്ചി–കുവൈത്ത് ഇന്നത്തെ നിരക്ക് ആരംഭിക്കുന്നത് 17615ലാണ് (എയർഇന്ത്യ എക്സ്പ്രസ്). കുവൈത്ത് എയർവേയ്സിന്റെ നിരക്ക് 49677 ആണ്. ഇൻഡിഗോയുടെ നിരക്ക് 25235 ആണ്.

ആഭ്യന്തര യാത്രക്കാർക്ക് ഇരുട്ടടി

ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കു പറക്കണോ, 27,000 രൂപ വരെ ടിക്കറ്റിനു മുടക്കാൻ തയാറായിക്കൊള്ളൂ.സാധാരണ 3000 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്നിടത്താണിത്. ചെന്നൈയിൽ നിന്നു നേരിട്ടല്ലാതെ ബെംഗളൂരു വഴിയും മറ്റുമുളള ടിക്കറ്റിനു പോലും 7000 രൂപ മുതൽ 18000 രൂപ വരെയായിരുന്നു ഇന്നലത്തെ നിരക്ക്. എയർഇന്ത്യയുടെ നേരിട്ടുള്ള വിമാനത്തിന്റെ നിരക്ക് 10915 മുതൽ 17320 രൂപ വരെയാണ്.

മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള ചെലവു കുറഞ്ഞ കമ്പനികളുടെ നേരിട്ടുള്ള വിമാനനിരക്ക് 12000 രൂപ മുതലാണ്. ശരാശരി 4000 രൂപ നിരക്കുള്ളപ്പോഴാണിത്. എയർഇന്ത്യയുടെ ബെംഗളൂരു വഴിയുള്ള നിരക്ക് 28761 രൂപയും വിസ്താരയുടെ ഡൽഹി വഴിയുള്ള നിരക്ക് 35000 മുതൽ 61000 രൂപ വരെയുമായി ഉയർന്നു. ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്ക് സാധാരണ നിരക്ക് ശരാശരി 3000 രൂപയുള്ളപ്പോൾ ഇൻഡിഗോ നിരക്ക് 8658 രൂപ മുതൽ 17647 രൂപ വരെയും എയർഇന്ത്യ നിരക്ക് 8045 മുതൽ 13221രൂപയുമായി.

എയർഏഷ്യ നിരക്ക് 10047 രൂപയായി. ‌6000 രൂപ സാധാരണ നിരക്കുള്ള ഡൽഹി–കൊച്ചി ടിക്കറ്റിന് ഇന്നത്തെ ഇൻഡിഗോ നിരക്ക് 15500 രൂപയായി. സ്പൈസ്ജെറ്റിന്റെ ബെംഗളൂരു വഴിയുള്ള നിരക്ക് 14800 ആയിരുന്നു. വിസ്താര നിരക്ക് 14500. എയർഇന്ത്യയുടെ നേരിട്ടുള്ള വിമാനനിരക്ക് 15124 രൂപയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com