ADVERTISEMENT

ന്യൂഡൽഹി∙ ജീവനക്കാർ മാധ്യമങ്ങളോടു സംസാരിക്കുന്നത് ജെറ്റ് എയർവേയ്സ് മാനേജ്മെൻറ് വിലക്കി. പുതിയ നിക്ഷേപകരെ കണ്ടെത്താനും ഓഹരി വിൽപനയ്ക്കുമുള്ള ശ്രമങ്ങൾക്കു തടസ്സമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് നടപടി. ജെറ്റ് എയർവേയ്സ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി നീക്കമൊന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഓഹരി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ടു മുന്നോട്ടു വന്ന നാലു പേർക്കും മേയ് 10 വരെ സമയം നൽകിയിരിക്കുന്നതിനാൽ അതിനു മുൻപ് സർക്കാർ എന്തെങ്കിലും ചെയ്യുമെന്നും കരുതുന്നില്ല.

ബാങ്കുകളുടെ നേതൃത്വത്തിൽ ലേലത്തിനുള്ള നിർണായകമായ നടപടിക്രമങ്ങൾ നടക്കുകയാണെന്നു ജെറ്റ് എയർവേയ്സ് മാനേജ്മെൻറ് ജീവനക്കാരെ ഓർമിപ്പിച്ചു. അതുവരെ മാധ്യമങ്ങൾ ഉൾപ്പെടെ പുറമേയുള്ള ആരുമായും ജീവനക്കാർ ഇക്കാര്യം ചർച്ച ചെയ്യരുതെന്നാണ്  നിർദേശം. കമ്പനിയുടെ കോർപറേറ്റ് കമ്യുണിക്കേഷൻ വിഭാഗം ഈ വിഷയം കൈകാര്യം ചെയ്തു കൊള്ളുമെന്നും ജെറ്റ് എയർവേയ്സ് വ്യക്തമാക്കി.

പാട്ടത്തിനെടുക്കലും കരയ്ക്കടുക്കുന്നില്ല

ജെറ്റ് എയർവേയ്സിന്റെ 5 വലിയ വിമാനങ്ങളെ പാട്ടത്തിനെടുക്കാൻ എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി തയാറായെങ്കിലും ഇതു സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ല. ജെറ്റിനു പണം നൽകിയ 26 ബാങ്കുകളുടെ കൺസോർഷ്യത്തിനു നേതൃത്വം നൽകുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ജെറ്റിന്റെ കൈവശമുള്ള ബോയിങ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ പാട്ടത്തിനെ ടുക്കാൻ നോക്കുന്നത്. വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതു രണ്ടു വിധത്തിലാണ്–ഡ്രൈ ലീസും വെറ്റ് ലീസും. ഡ്രൈ ലീസിൽ വിമാനം മാത്രമാണു കൈമാറുക. എന്നാൽ വെറ്റ് ലീസിൽ വിമാനത്തോടൊപ്പം അതിലെ ജീവനക്കാരെയും വിട്ടുനൽകും. ഇതിൽ ഏതു വിധത്തിലുള്ള കരാറിനാണ് എസ്ബിഐ തയാറാകുക എന്നു വ്യക്തമായിട്ടില്ല.

ജെറ്റ് എയർവേയ്സിന്റെ 51% ഓഹരി ഇപ്പോഴും മുൻ ചെയർമാൻ നരേഷ് ഗോയലിന്റെ കൈവശമാണ്. 24% ഓഹരി ഇത്തിഹാദ് എയർവേയ്സി്െൻറ കൈവശവും. നരേഷ് ഗോയൽ ഇംഗ്ലണ്ടിലെ ചില കമ്പനികളുടെ സഹായത്തോടെ വീണ്ടും ഈ ലേലത്തിൽ പങ്കെടുക്കാൻ ശ്രമിച്ചുവെങ്കിലും എസ്ബിഐയും മറ്റു ബാങ്കുകളും എതിർത്തതോടെ പിൻവാങ്ങി. ഇനി രംഗത്തുള്ളത് ഇത്തിഹാദിനു പുറമേ നാഷണൽ ഇൻവെസ്റ്റ്മെൻറ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, ടിപിജി കാപ്പിറ്റൽ, ഇൻഡിഗോ പാർട്നേഴ്സ് എന്നിവരാണ്.

വേണ്ടത് 20,000 കോടി

ജെറ്റ് എയർവേയ്സിന് 8500 കോടി രൂപയുടെ വായ്പ ബാധ്യതയുണ്ട്. കൂടാതെ 3000 കോടി രൂപ എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ തുടങ്ങിയവർക്കു നൽകാനുണ്ട്. ഇതിനു പുറമേ 22000 ജീവനക്കാർക്ക് നാലു മാസത്തെ ശമ്പളവും നൽകാനുണ്ട്. അടുത്ത മൂന്നു വർഷത്തേക്ക് ജെറ്റ് പ്രവർത്തിക്കണമെങ്കിൽ 20000 കോടി രൂപ വേണ്ടി വരും . ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്ന നാലു പേരിൽ ആരെയാകും സ്റ്റേറ്റ് ബാങ്ക് തിരഞ്ഞെടുക്കുക എന്ന് മെയ് പത്തിനേ വ്യക്തമാകൂ.

ഈ നാലു പേരും തൃപ്തികരമായ നിർദേശം മുന്നോട്ടു വയ്ക്കുന്നില്ലെങ്കിൽ ബാങ്കുകളുടെ കൺസോർഷ്യത്തിന് അടുത്ത പോംവഴി ജെറ്റ് എയർവേയ്സിനെ െഎബിസിക്ക് (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോർഡ് ബോർഡ്) വിടുക എന്നതാണ്. ഡെറ്റ് റീസ്ട്രക്ചറിംഗ് നിയമങ്ങൾ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സമീപകാലത്ത് റദ്ദാക്കിയത് കാരണം ബാങ്കുകൾക്ക് ഒരു പരിധിയിലേറെ കടബാധ്യത ഏറ്റെടുക്കാനുമാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com