ADVERTISEMENT

കൊച്ചി∙ വിദേശ പോർട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) പണം ശതകോടികളായി വിപണിയിൽ വന്നു കുമിയുന്നു. അതനുസരിച്ച് ഓഹരി സൂചികകൾ കയറുന്നു. ലോക്സഭാ ഇലക്‌ഷൻ ഫലത്തിലെ പ്രതീക്ഷ മാത്രമല്ല ആഗോള ഓഹരി വിപണികളുടെ കുതിപ്പിന്റെ ഭാഗവും കൂടിയാണിത്. 

വിപണിയിൽ വിദേശത്തു നിന്നുള്ള എഫ്പിഐ നിക്ഷേപം മാർച്ചിൽ മാത്രം 35000 കോടി രൂപയായിരുന്നു. എപ്രിലിൽ ഇതുവരെ 7000 കോടി കവിഞ്ഞിട്ടുണ്ട്. നിക്ഷേപം വരവ് ഇനിയും തുടരുന്നതനുസരിച്ച് ഓഹരി സൂചികകളുടെ കുതിപ്പു തുടരാം. 2014ൽ ഇലക്‌ഷനു തൊട്ടുമുമ്പും ഇതുപോലെ തന്നെ വിദേശ നിക്ഷേപം വരവും സൂചികകളുടെ കയറ്റവും ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ സെൻസെക്സ് 40000ലേക്കും നിഫ്റ്റി 12000ലേക്കും മുന്നേറുകയാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ വിപണിയിൽ പൊതുവെ എല്ലാ ഓഹരികൾക്കും വില കയറുന്ന പ്രവണതയുമില്ല. 30 കമ്പനികൾ മാത്രമുള്ളതോ (സെൻസെക്സ്) 50 കമ്പനികൾ മാത്രമുള്ളതോ (നിഫ്റ്റി) ആയോ ഓരോ സൂചികയിലെയും പത്തിൽ താഴെ എണ്ണത്തിലുള്ള ഏറ്റവും വലിയ ഓഹരികളാണു (ലാർജ് കാപ്) കയറുന്നത്. റിലയൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐടിസി, ഇൻഫൊസിസ്, കോട്ടക് ബാങ്ക്, ഐസിഐസിഐ എന്നിങ്ങനെ. ഇതിനൊരു രാഷ്ട്രീയ പശ്ചാത്തലവുമുണ്ട്. വലിയ കമ്പനികൾക്കു ഗുണകരമാണ് എൻഡിഎയുടെ തിരിച്ചുവരവു സാധ്യതയെന്നു വിപണിയിലെ വൻകിട നിക്ഷേപകർ കരുതുന്നതായി ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്സ് ബാബു പറയുന്നു.

എന്നാൽ ആഗോള സൂചികകളുടെ കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിപണിയുടെ കുതിപ്പു കുറവാണെന്ന് ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാർ പറയുന്നു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണ വായ്പനയത്തിൽ മാറ്റം വന്നതോടെ അവിടെ പലിശ കൂടുന്നതിനു പകരം കുറയുന്ന സ്ഥിതിയായി. 10 വർഷ കാലാവധിയുള്ള യുഎസ് ബോണ്ടിന്റെ പലിശ കഴിഞ്ഞ ഒക്ടോബറിൽ 3.26% ഉണ്ടായിരുന്നതു കുറഞ്ഞ് 2.48 ശതമാനത്തിലെത്തി. അതോടെ കടപ്പത്രങ്ങളിൽനിന്നു മാറി നിക്ഷേപം ഇക്വിറ്റിയിലേക്ക് ഒഴുകാൻ തുടങ്ങി. 

മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷനൽ (എംഎസ്‌സിഐ) സൂചിക പ്രകാരം എല്ലാ രാജ്യങ്ങളിലുമായി ഓഹരി സൂചികകൾക്ക് 14.6% വർധന ഉണ്ടായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടുന്ന എമേർജിങ് വിപണി സൂചിക 13 ശതമാനവും യൂറോപ്യൻ, അമേരിക്കൻ സൂചികകൾ 16 ശതമാനവും കയറിയപ്പോൾ ഇന്ത്യൻ ഓഹരി വിപണിയുടെ കയറ്റം 7.3% മാത്രമാണ്. ആഗോള നിലവാരത്തെക്കാൾ കുറവ്.ചുരുക്കത്തിൽ ഇന്ത്യൻ ഓഹരി വിപണി ആഗോള വിപണികളുടെ പിറകിലാണ്. ഇലക്‌ഷൻ ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വമായിരിക്കാം അതിനു പ്രധാന കാരണമെന്നു കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com