ADVERTISEMENT

വരുമാനത്തിന്റെ വലിയൊരു ഭാഗവും വായ്പ അടയ്ക്കാൻ ഉപയോഗിക്കുന്നവർക്കു തിരിച്ചടവിൽ ഒരു രൂപയെങ്കിലും കുറവു വരുന്നതു വലിയ ആശ്വാസമാണ്. ‘റിസർവ് ബാങ്ക് വായ്പാ നയത്തിന്റെ ഭാഗമായി റീപ്പോ നിരക്ക് കുറച്ചു, റിവേഴ്സ് റീപ്പോ നിരക്കു കുറച്ചു,  വായ്പ എടുത്തവർക്ക് ആശ്വാസമാകും’ എന്നിങ്ങനെ വാർത്ത വരാറുണ്ടെങ്കിലും പലർക്കും കാര്യം പിടികിട്ടാറില്ല. യഥാർഥത്തിൽ നിരക്കു കുറച്ചാൽ നമ്മുടെ വായ്പത്തവണയിൽ(ഇഎംഐ) വ്യത്യാസമുണ്ടാകുമോ?, ഉണ്ടെങ്കിൽ തന്നെ നമുക്കത് ലഭിക്കുന്നുണ്ടോ എന്നൊക്കെ സാധാരണക്കാർക്കു സംശയമുണ്ടാകാറുണ്ട്.  റിസർവ് ബാങ്ക് നിരക്കു കുറയ്ക്കുമ്പോൾ യഥാർഥത്തിൽ  എന്താണു സംഭവിക്കുന്നത്?

ഉദാഹരണം നോക്കാം. ഭവനവായ്പയിൽ 6 ലക്ഷം രൂപ ബാക്കി അടയ്ക്കാനിരിക്കെ  10,000 രൂപ ഇഎംഐ അടയ്ക്കുന്ന ഒരാളാണെന്നു കരുതുക. 10,000 രൂപ ഇഎംഐ രണ്ടു ഭാഗങ്ങളാക്കി 6000 രൂപ വായ്പാമുതലിലേക്കും  4000 രൂപ പലിശയിലേക്കുമായിരിക്കും ബാങ്ക് ഈടാക്കുന്നത്. പലശിനിരക്കു കുറയുമ്പോൾ 4000 രൂപ പലിശയ്ക്കു പകരം 3900 രൂപയാണു പലിശയായി ഈടാക്കുന്നതെന്നു കരുതുക. ഇതിൽ ബാക്കി വരുന്ന 100 രൂപ നമ്മുടെ മുതലിലേക്കു വകയിരുത്തും. അതായത് ആ മാസം മുതലിലേക്കു പോകുന്ന തുക 6100 രൂപയാണ്. നിരക്കു കുറച്ചില്ലായിരുന്നെങ്കിൽ അയാൾ തൊട്ടടുത്ത മാസം 5,94,000 രൂപയ്ക്കുള്ള പലിശയാണ് അടക്കേണ്ടി വരിക. എന്നാൽ നിരക്കു കുറഞ്ഞപ്പോൾ 5,93,900 രൂപയ്ക്കാണ് അയാൾ പലിശ നൽകേണ്ടി വരുന്നത്. 

എന്നാൽ ഇഎംഐയിൽ വ്യത്യാസം വരുത്തില്ല,  10,000 രൂപ തന്നെ അടച്ചു കൊണ്ടിരിക്കണം. പക്ഷേ വായ്പാ കാലാവധിയിൽ വ്യത്യാസമുണ്ടാക്കും. നിങ്ങൾ 150  തവണ കൊണ്ടാണു വായ്പ അടച്ചു തീർക്കേണ്ടിയിരുന്നതെങ്കിൽ  നിരക്കു കുറഞ്ഞു കൊണ്ടിരുന്നാൽ 140–145 തവണ കൊണ്ടു വായ്പ അവസാനിക്കും. അതേസമയം നിരക്ക് കൂടുമ്പോഴും ഇതു ബാധകമാണെന്ന് ഓർക്കണം. നിരക്കു കൂടുമ്പോഴും ചില ബാങ്കുകൾ ഇഎംഐ വർധിപ്പിക്കാറില്ല. പക്ഷേ അവരുടെ തവണകൾ 150നു പകരം 155–160 ആയി മാറാം. 

എന്നാൽ ചില ബാങ്കുകൾ ചെറിയ നിരക്കു വ്യത്യാസമാണെങ്കിൽ വർധിപ്പിക്കില്ലെങ്കിലും 1–2 ശതമാനം വ്യത്യാസം വരുമ്പോൾ ഇഎംഐ കൂട്ടാറുണ്ട്. ഇത്തരം അവസരങ്ങളിൽ ആദ്യം നിശ്ചയിച്ച ഇഎംഐ തന്നെ അടച്ചുകൊണ്ടിരുന്നാൽ വായ്പ കുടിശികയായതായി കാണിക്കും. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകൾ ഇടപാടുകാരെ എസ്എംഎസ്, ഇമെയിൽ മുഖേനയോ നേരിട്ടോ അറിയിക്കാറുണ്ട്.  ബാങ്കിലെത്തി അപേക്ഷ നൽകി പുതിയ ഇഎംഐയിലേക്കു മാറാൻ വായ്പക്കാർ ശ്രദ്ധിക്കണം. 

ഓർക്കാൻ ചില കാര്യങ്ങൾ

∙റിസർവ് ബാങ്ക് നിരക്കു കുറച്ചതു കൊണ്ടു മാത്രം നമുക്ക് ആനുകൂല്യം ലഭിക്കണമെന്നില്ല. നമ്മൾ വായ്പ എടുത്ത ബാങ്ക് ഇതിനനുസരിച്ചു നിരക്കു കുറയ്ക്കണം. പക്ഷേ ഓരോ ബാങ്കുകൾക്കും മൂലധന ബാധ്യതകൾ നിർണയിക്കാൻ പ്രത്യേക കമ്മിറ്റിയുണ്ട്. ഇവർ യോഗം ചേർന്നതിനു ശേഷം എത്ര പോയിന്റ് കുറയ്ക്കണമെന്നു തീരുമാനിക്കും. അതിനനുസരിച്ച നേട്ടമേ വായ്പക്കാരനു ലഭിക്കൂ. 

∙ഉദാഹരണത്തിന് റിസർവ് ബാങ്ക് 0.5 ശതമാനം നിരക്കു കുറച്ചെന്നിരിക്കട്ടെ. നമ്മൾ വായ്പയെടുത്ത ബാങ്ക് ഇതേ നിരക്കു കുറയ്ക്കണമെന്നു നിർബന്ധമൊന്നുമില്ല. ചില ബാങ്കുകൾ 0.2 ശതമാനമോ 0.3 ശതമാനമോ ആയിരിക്കും കുറയ്ക്കുക. ചിലർ ഒട്ടും കുറച്ചില്ലെന്നും വരാം. 

∙റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇളവുകൾ ഇടപാടുകാരിലേക്കു ബാങ്കുകൾ കൈമാറാൻ മടിക്കുന്നതായി വ്യാപക പരാതികൾ ഉണ്ടാകാറുണ്ട്. നിരക്കു കുറയ്ക്കുമ്പോൾ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന് ഇടപാടുകാർ ബാങ്കിലെത്തി ഉറപ്പുവരുത്തണം. 

∙വായ്പയുടെ പ്രതിമാസ സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ ഇതു മനസ്സിലാക്കാം. നിരക്കു കുറവിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലെങ്കിൽ ബാങ്ക് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. 

∙15–20 വർഷത്തിനുള്ളിൽ വായ്പനിരക്കുകൾ പലപ്പോഴായി കൂടിയും കുറഞ്ഞുമിരിക്കുന്നതിനാൽ ദീർഘകാലാ വായ്പകളിൽ പലപ്പോഴും ഈ ആനുകൂല്യം പ്രകടമായി കിട്ടണമെന്നില്ല. ചെറിയ കാലാവധിയുള്ള വായ്പകൾക്കു മാറ്റം പ്രകടമായിത്തന്നെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com