ADVERTISEMENT

നീണ്ട കാത്തിരിപ്പിനു ശേഷം വിസ്താരയ്ക്ക് വിദേശത്തേക്ക് പറക്കുന്നതിന് അനുമതി. വിദേശസർവീസുകൾ നടത്തുന്ന ഇന്ത്യയിലെ അഞ്ചാമത്തെ വിമാനക്കമ്പനിയാകും ടാറ്റ, സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര. എയർഏഷ്യ ഇന്ത്യ, വിസ്താര എന്നിവ ഏതാണ്ട് ഒരു വർഷം മുമ്പാണ് വിദേശപ്പറക്കലിന് അനുമതി തേടിയത്. എന്നാൽ എയർഏഷ്യ, പുതിയ വിമാനക്കമ്പനികൾക്ക് വിദേശത്തേക്കു പറക്കുന്നതിന് അനുമതി ലഭ്യമാക്കുന്ന നയത്തിൽ മാറ്റം വരുത്തുന്നതിന്  ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തിയെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനാൽ രണ്ടു കമ്പനികൾക്കുമുള്ള അനുമതി വൈകുകയായിരുന്നു. 

എയർഏഷ്യയുമായി ബന്ധപ്പെട്ട ആരോപണത്തേത്തുടർന്ന് വിസ്താരയ്ക്ക് അനുമതി നിഷേധിക്കുന്നതിനെതിരെ കേന്ദ്ര വ്യോമമന്ത്രാലയത്തിന് വ്യാകമായ സമ്മർദ്ദമുണ്ടായതിനേത്തുടർന്നാണ് വിസ്താരയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചത്. സമിതിയുടെ തീരുമാനപ്രകാരമാണ് അനുമതി. 

സാധാരണഗതിയിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ആണ് അപേക്ഷകൾ പരിഗണിച്ച് വിദേശപ്പറക്കലിന് അനുമതി നൽകുന്നതു സംബന്ധിച്ച തീരുമാനമെടുക്കുക. എയർഏഷ്യയുടെ അഴിമതിക്കേസ്  അന്വേഷണ ദിശയിലായതിനാലാണ് അനുമതിയ്ക്കായി ഇതാദ്യമായി മന്ത്രിതല സമിതിയ്ക്കു രൂപം നൽകിയത്. അതേ സമയം എയർഏഷ്യയിലും വിസ്താരയിലും ടാറ്റ സൺസിന് ഓഹരി പങ്കാളിത്തമുണ്ടെന്ന പ്രത്യേകതയുമുണ്ട്. 

വിസ്താരയുടെ വിദേശത്തേക്കുള്ള ഉദ്ഘാടന സർവീസ് കൊളംബോയിലേക്കായിരിക്കും. ഡൽഹിയിൽ നിന്നും എയർബസിന്റെ എ 320 വിമാനമുപയോഗിച്ച് പ്രതിദിന സർവീസായിരിക്കും നടത്തുക. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല. ഭൂരിഭാഗം വിമാനക്കമ്പനികളെയും പോലെ വിസ്താരയുടെ സർവീസുകളും ഇപ്പോൾ നഷ്ടത്തിലാണ്. വിസ്താരയുടെ കഴിഞ്ഞ മൂന്നു വർഷത്തെയും പ്രവർത്തനഫലം നഷ്ടക്കണക്കുകളാണ്. ഇൻഡിഗോയെപ്പോലെ ചിലവു കുറഞ്ഞ കമ്പനികൾ ഉയർത്തുന്ന കടുത്ത മൽസരമാണ് ഫുൾ സർവീസ് കമ്പനിയായ വിസ്താരയുടെ നഷ്ടക്കണക്കുകൾക്കു പിന്നിലും. വിദേശസർവീസുകൾക്ക് അനുമതിയായതോടെ ഇനി പതിയെ ലാഭത്തിലേക്കെത്താമെന്നാണ് വിസ്താരയുടെ പ്രതീക്ഷ.  

വിദേശപ്പറക്കലിന് അനുമതി ലഭിച്ചതോടെ കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതു വേഗത്തിലാക്കാൻ വിസ്താര തീരുമാനിച്ചു. അടുത്ത വർഷം ആദ്യത്തോടെ 12 പുതിയ വിമാനങ്ങൾ വിസ്താരക്ക് ലഭ്യമാകും. ഇതിൽ എട്ടെണ്ണം എയർബസ് എ320 നിയോ വിമാനങ്ങളും രണ്ടെണ്ണം വീതം എ321, ബോയിങ് 787 വിമാനങ്ങളുമാണ്. നിലവിൽ 20 എ320 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്. ഇതുപയോഗിച്ച് രാജ്യത്തെ 24 നഗരങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയിൽ 730 സർവീസുകൾ നടത്തുന്നുണ്ട്. കൊളംബോയ്ക്കു പിന്നാലെ ബാങ്കോക്ക്, ഫുക്കെറ്റ്, മാലി തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കായിരിക്കും വിസ്താരയുടെ തുടക്കത്തിലെ രാജ്യാന്തര സർവീസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com