ADVERTISEMENT

തിരുവനന്തപുരം∙ പച്ചത്തേങ്ങ സംഭരണം 10 ദിവസത്തിനകം പുനരാരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണു സംഭരണം നടത്താൻ തീരുമാനിച്ചത്.
കേരഫെഡിനു കീഴിലുള്ള സൊസൈറ്റികളിലൂടെ കൃഷി ഭവനുകളുടെ പരിധിയിൽ വരുന്ന സംഘങ്ങൾ വഴിയാണു സംഭരണം. സംഭരണം നടത്തേണ്ട സൊസൈറ്റികളെ നിശ്ചയിക്കാൻ ജില്ലാതല സമിതികൾ 2 ദിവസത്തിനകം ചേരും. ആദ്യഘട്ട സംഭരണത്തിൽ അപാകത വരുത്തിയ സൊസൈറ്റികളെ ഒഴിവാക്കും.

കിലോ ഗ്രാമിന് 25 രൂപയാണു താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 27 രൂപ കർഷകർക്കു ലഭ്യമാക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തും. നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപയ്ക്കു തന്നെ കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേന കൊപ്ര സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.

തെങ്ങുകൃഷി വ്യാപനത്തിനായി രൂപീകരിച്ച കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 22 ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 5 ലക്ഷം തെങ്ങിൻ തൈകൾ ഈ വർഷം വിതരണം ചെയ്യും. 2019–29 കാലയളവിൽ രണ്ടു കോടി തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുകയാണു ലക്ഷ്യം. തെങ്ങിൻ തൈയുടെ വിലയുടെ പകുതി കർഷകർ അടച്ചാൽ മതി. നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. തൃശൂർ, പൊന്നാനി എന്നിവിടങ്ങളിലെ കോൾ പാടങ്ങളുടെ ബണ്ടുകളിൽ 25,000 തെങ്ങിൻ തൈകൾ മാതൃകാ തോട്ടമെന്ന നിലയിൽ ആദ്യഘട്ടത്തിൽ നടും. വച്ചുപിടിപ്പിക്കുന്ന തെങ്ങുകൾ പരിപാലിക്കുന്നതിനു നാളികേര വികസന കൗൺസിൽ പഞ്ചായത്ത്തലം വരെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com