ADVERTISEMENT

കൊച്ചി∙കൊച്ചിയിൽനിന്ന് 60,000 റജിസ്റ്റേഡ് ഉപഭോക്താക്കൾ. 1500–2000 ഓൺലൈൻ ഓർഡറുകൾ ദിവസം മീനിനും ഇറച്ചിക്കും വേണ്ടി. വീക്കെൻഡിൽ അത് 3000 കവിയുന്നു. കേടാകാതിരിക്കാൻ ഫോർമലിനും അമോണിയയും ചേർത്തതും ആഴ്ചകളോളം ഐസിലിട്ട് സൂക്ഷിച്ചതുമായ മൽസ്യമല്ല. കടപ്പുറത്തു പിടികൂടി 24 മണിക്കൂർ തികയാത്ത മീൻ. കോഴിയിറച്ചി ആന്റിബയോട്ടിക് കുത്തിവയ്ക്കാത്ത കോഴികളുടേതും. ഫ്രെഷ് ടു ഹോമിന്റെ മീനും ഇറച്ചിയും ഉപഭോക്താക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഏറ്റവും ഡിമാൻഡ് കൊച്ചിയിൽ മാത്രമല്ല എവിടെയും മത്തിക്കാണ്. ഒരിക്കൽ 600 കിലോഗ്രാം മത്തി ലഭിച്ചത് വെറും 6 മിനിട്ട് കൊണ്ടു വിറ്റു തീർന്നു. വള്ളക്കാരിൽ നിന്നാണു പ്രധാനമായും മത്തി വാങ്ങുക. ബെംഗളൂരു, ദുബായ്, ഡൽഹി തിരുവനന്തപുരം തൃശൂർ തുടങ്ങിയ നഗരങ്ങളിലും വിൽപനയുണ്ട്. കേരളത്തിൽ മാത്രം ഒരു ലക്ഷം ഉപഭോക്താക്കളുണ്ട്.

സാധാരണ ദിവസങ്ങളിൽ ദിവസം ഒരു ടൺ മത്തി ഓൺലൈനിലൂടെ വിൽക്കുമെങ്കിൽ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ മൂന്നു ടൺ മത്തി വിൽക്കും. നെയ്മീൻ ഒരു ടൺ ശരാശരിയെങ്കിൽ വീക്കെൻഡിൽ 2 ടൺ.

വിൽപ്പനയിൽ 70% മൽസ്യവും 30% മാംസവുമാണ്. ദിവസം വിവിധ നഗരങ്ങളിൽ 13 ടൺ മീനും ഏഴ് ടൺ മാംസവും ഉൾപ്പടെ 20 ടൺ വിൽക്കുന്നു. വിഴിഞ്ഞം മുതൽ കാസർകോട് വരെ നൂറിലേറെ കടപ്പുറങ്ങളിൽ നിന്നാണു മീൻ വരുന്നത്. വാട്സാപ് പോലുള്ള ഒരു ആപ് മീൻപിടിത്ത ബോട്ടുകാർക്കും വള്ളക്കാർക്കും നൽകിയിട്ടുണ്ട്.

മീനുമായി കരയിലെത്തി അതിന്റെ ഇനവും തൂക്കവും മറ്റും ഉദ്ദേശിക്കുന്ന വിലയും ആപ്പിൽ അയയ്ക്കാം. വില സ്വീകാര്യമെങ്കിൽ പച്ചനിറം, അല്ലെങ്കിൽ ചുവപ്പു നിറം. അങ്ങനെ കിട്ടുന്ന വില കടപ്പുറത്തെ വിലയെക്കാൾ കൂടുതലായിരിക്കും.

കാരണം ഇവിടെ മീൻപിടിത്തക്കാർക്കും കമ്പനിക്കും ഇടയിൽ ഇടനിലക്കാരില്ല. 1500 പേർ ഇങ്ങനെ മീൻ സപ്ലൈ ചെയ്യുന്നുണ്ട്. വിവിധ കടപ്പുറങ്ങളിൽനിന്നു ശേഖരിക്കുന്ന മീൻ കൊച്ചിയിലെത്തിച്ച് പരിശോധനയ്ക്കു വിധേയമാക്കും. രാസവസ്തുക്കൾ ചേർത്തിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷമേ ക്ളീനിങ് ആരംഭിക്കൂ. ബെംഗളൂരു, ഡൽഹി, മുംബൈ, പുണെ നഗരങ്ങളിലേക്കും ദുബായിലേക്കും മീൻ വിമാനം കയറുന്നു.

കൊച്ചിയിൽ പിറ്റേന്നത്തേക്കുള്ള മീനിന് ഓർഡർ ഭൂരിപക്ഷവും സന്ധ്യ കഴിഞ്ഞാണു ലഭിക്കുന്നതെന്ന് സ്ഥാപകരായ മാത്യു ജോസഫും ഷാൻ കടവിലും പറഞ്ഞു. സമയത്ത് മീൻ എത്തിയിരിക്കും. എക്സ്പ്രസ് ഡെലിവറിയിൽ 10 തരം മീനുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന മൽസ്യവിൽപന ആപ് ലോകത്തു തന്നെ ആദ്യത്തേതാണ്. മൽസ്യം പോലെ വേഗം ചീഞ്ഞുപോകുന്ന ഉൽപന്നം ഇ കോമേഴ്സ് വഴി വിതരണം നടത്തുന്നതും പുതുമ.  മീൻ സാധാരണ വിൽപനയ്ക്കു മുമ്പ് 15% ചീത്തയായി പോകുമെന്നാണു കണക്ക്.

ഫ്രെഷ് ടു ഹോമിന്റെ മീൻ 1.5% മാത്രമാണ് പാഴായിപ്പോകുന്നത്.
മാത്യു ജോസഫ് ആദ്യം ചെറിയ തോതിൽ മറ്റൊരു പേരിൽ ഓൺലൈൻ മൽസ്യവിതരണം നടത്തിയിരുന്നു. ഉപഭോക്താക്കൾ പെട്ടെന്ന് അധികമായി വെബ്സൈറ്റ് ക്രാഷ് ചെയ്തപ്പോഴാണ് ഷാൻ കടവിൽ കൂടി അതിൽ ചേർന്നു വിപുലമാക്കാൻ തീരുമാനിച്ചത്. ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യാ മേധാവിയായിരുന്ന ഷാനിന്റെ സാങ്കേതികപരിചയം സഹായകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com